ന്യൂഡൽഹി: വെളിപ്പെടുത്തൽ മാനദണ്ഡങ്ങളുടെ ലംഘനങ്ങളുടെ പേരിൽ രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതക്കളായ 'ഒല'ക്ക് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ(സെബി) മുന്നറിയിപ്പ്.
ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ സ്ഥാപകൻ ഭവിഷ് അഗർവാൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രധാന വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് മുന്നറിയിപ്പ് നൽകിയത്.
കമ്പനിയുടെ റീട്ടെയ്ൽ ഫുട്‌പ്രിൻ്റ് വിപുലീകരിക്കാനുള്ള പദ്ധതികളെക്കുറിച്ച് ഡിസംബർ രണ്ടിന് അഗർവാൾ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. ഡിസംബർ അവസാനത്തോടെ ഒല ഇലക്ട്രിക്കിൻ്റെ സ്റ്റോർ ശൃംഖല 800-ൽ നിന്ന് 4,000 ആക്കാനുള്ള പദ്ധതിയാണ് അഗർവാൾ വെളിപ്പെടുത്തിയത്.
ഇത് ചട്ടലംഘനമാണെന്നും മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനി ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം എൻഫോഴ്സ്മെന്റ് നടപടി നേരിടേണ്ടിവരുമെന്നും സെബി മുന്നറിയിപ്പ് നൽകുന്നു.
ലിസ്‌റ്റിംഗ് ഒബ്ലിഗേഷൻ ആൻഡ് ഡിസ്‌ക്ലോഷർ റിക്വയർമെൻ്റ്‌സ് (LODR) റെഗുലേഷൻസ് പ്രകാരം, ലിസ്റ്റുചെയ്ത കമ്പനി ആദ്യം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ഇത്തരം വെളിപ്പെടുത്തലുകൾ നടത്തണം.
സ്റ്റോക്ക് എക്സ്ചേഞ്ചുകളെയും എല്ലാ നിക്ഷേപകരെയും സമയബന്ധിതമായി അറിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് സെബി കമ്പനിക്ക് നൽകിയ കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.