ഇന്ത്യയിൽ നിന്നൊരു ഇലക്ട്രിക് എസ്.യു.വി ജനിക്കുന്നു; നിർമാതാക്കൾ പ്രവൈഗ് ഡൈനൈമിക്‌സ്

ഇന്ത്യക്കാരുടെ സ്വന്തം ഇ.വി നിർമാതാക്കളാവാനൊരുങ്ങി പ്രവൈഗ് ഡൈനൈമിക്‌സ്. രണ്ടു വര്‍ഷം മുന്‍പ് ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ച കമ്പനി തങ്ങളുടെ ആദ്യ വാഹനം പുറത്തിറക്കാനൊരുങ്ങുന്നു. പ്ര​വെയ്ഗ് ആദ്യം നിരത്തിലെത്തിക്കുക ഒരു എസ്.യു.വിയായിരിക്കും. 2020 ഡിസംബറില്‍ എക്സ്റ്റിങ്ഷന്‍ എം.കെ.1 എന്ന പേരില്‍ ഒരു പ്രീമിയം ഇലക്ട്രിക് കാറും പ്രവൈഗ് പുറത്തിറക്കിയിരുന്നു. എന്നാല്‍, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയൊരു വാഹനവുമായി എത്തുകയാണ് കമ്പനി. നവംബറില്‍ ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിക്കുമെന്നാണ് ഇപ്പോള്‍ കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നവംബര്‍ 25ന് പുതിയ എസ്‌.യു.വി അവതരിപ്പിക്കുമെന്നാണ് സൂചന. വാഹനത്തിന്റെ അവതരണം സൂചിപ്പിക്കുന്നതിന്റെ ഭാഗമായി ടീസറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവൈഗിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ ഇലക്ട്രിക് എസ്.യു.വിയുടെ വരവ് അറിയിച്ചിരിക്കുന്നത്. ഉയര്‍ന്ന റേഞ്ചും മറ്റ് ഇലക്ട്രിക് മോഡലുകളെ പിന്നിലാക്കുന്ന വേഗതയുമാണ് പ്രവൈഗിന്റെ വാഹനങ്ങള്‍ക്ക് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.

വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒറ്റത്തവണ ചാര്‍ജില്‍ 504 കിലോമീറ്റര്‍ താണ്ടാന്‍ ശേഷിയുണ്ടാകും എസ്‌.യു.വിക്ക് എന്നാണ് സൂചന. നൂറു കിലോമീറ്റർ വേഗത്തിലെത്താൻ 4.3 സെക്കൻഡ് മാത്രം മതി വാഹനത്തിന്. ഉയർന്ന വേഗം മണിക്കൂറിൽ 200 കിലോമീറ്റർ ആണ്. 10 ലക്ഷം കിലോമീറ്ററാണ് ബാറ്ററിക്ക് കമ്പനി നൽകുന്ന വാറന്റി. മികച്ച എയര്‍ ഫില്‍ട്രേഷന്‍ സൗകര്യവും പ്രവെയ്ഗിന്റെ വാഹനങ്ങളില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതാണ്.

ടീസര്‍ വീഡിയോ അനുസരിച്ച് ലളിതമായ ഡിസൈനിലാണ് വരാനിരിക്കുന്ന വാഹനം ഒരുങ്ങുന്നത്. മുഖഭാവം പൂര്‍ണമായും വെളിപ്പെടുത്താതെ സൈഡ് പ്രൊഫൈലും പിന്‍വശവുമാണ് ടീസറില്‍ നല്‍കിയിട്ടുള്ളത്. ഡോറുകളില്‍ ഉള്‍പ്പെടെ ഷാര്‍പ്പ് ലൈനുകള്‍ നല്‍കിയാണ് വശങ്ങള്‍ ഒരുങ്ങിയിട്ടുള്ളതെങ്കില്‍ എല്‍.ഇ.ഡി. ലൈറ്റുകളും ഷാര്‍പ്പ് എഡ്ജുകളുമാണ് പിന്‍വശത്തെ അലങ്കരിക്കുന്നത്. രണ്ട് ടെയ്ല്‍ലൈറ്റുകളെയും ബന്ധിപ്പിച്ച് നല്‍കിയിട്ടുള്ള ലൈറ്റ് സ്ട്രിപ്പും സൗന്ദര്യമേകുന്നുണ്ട്.

2011ല്‍ ജയ്പുരില്‍ ആരംഭിച്ച ഓഫ്‌റോഡ് ബഗി നിര്‍മാതാക്കളാണ് പ്രവെയ്ഗ്. ഫ്രാന്‍സില്‍ നിന്നുമുള്ള എറാന്‍ ഗ്രൂപ്പിന്റെ പിന്തുണയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരുവിലാണ് ഇവരുടെ കോര്‍പറേറ്റ് ഓഫിസ്. 2025 ഓടെ ഇലക്ട്രിക് വാഹന വിപണിയില്‍ സ്വന്തമായി സ്ഥാനം ഉറപ്പിക്കാനുള്ള പദ്ധതികളാണ് കമ്പനിക്കുള്ളത്. നിലവില്‍ ഇലക്ട്രിക് വിഭാഗത്തില്‍ മികച്ച കാഴ്ച വയ്ക്കുന്ന ടാറ്റ നെക്‌സോണ്‍, എംജി സിഎസ് ഇവി, ഹ്യുണ്ടായി കോന എന്നിവയോട് കിടപിടിക്കുന്ന സന്നാഹങ്ങളുള്ള വാഹനമായിരിക്കും പുതിയ എസ്.യു.വി.

Tags:    
News Summary - Pravaig’s Electric SUV, Coming November 25, Promises A Range Of Over 500km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.