പഴംകൊണ്ടൂ പത്തു വിഭവങ്ങൾ എന്നൊക്കെപ്പറഞ്ഞ് ചില അമ്മച്ചിമാർ വരുമ്പോൾ ന്യൂജൻ പിള്ളേർ ഞെട്ടാതിരിക്കുന്നത് പൾസർ കൊണ്ട് പന്ത്രണ്ടു മോഡലുകൾ എന്ന ബജാജിന്‍റെ പരിപാടിയെക്കുറിച്ച് അവർക്കറിയാവുന്നതുകൊണ്ടാണ്. ബജാജിന്‍റെ വെബ്സൈറ്റിൽ കയറി പൾസറുകൾ തിരഞ്ഞാൽ 125 സിസിയുടെ കുണുവാവ മുതൽ 400 സി.സിയുടെ ബാഹുബലിവരെ നിലവിലുള്ളതും നിർത്തിയതുമായ 12 വണ്ടികൾ കാണാം. ഇതിൽ നാനൂറാനാണ് എറ്റവും പുതിയത്. ഉടനെ വരും എന്ന് സൈറ്റിൽ പറയുന്ന പൾസർ എൻ.എസ് 400 ഇസഡ് ജൂണ്‍ ആദ്യ ആഴ്ചയിലെ പുതുമഴ നനയിച്ച് ഇറക്കാനാണ് ബജാജിന്‍റെ പ്ലാൻ.
ബജാജിന്‍റെ തന്നെ തടിയൻ ചെക്കൻ ഡൊമിനോറിന്‍റെ ലിക്വിഡ് കൂള്‍ഡ്, 373 സി.സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബജാജ് എൻ.എസ് 400 ഇസഡിന് നല്‍കിയിരിക്കുന്നത്. അതുള്ളപ്പോൾ ഇതെന്തിന് എന്നുചോദിക്കാൻ വരട്ടെ. ഡൊമിനോറിനെക്കാൾ ഏകദേശം 46,000 രൂപ കുറവാണ് പുതിയ പള്‍സറിന്. 350–400 സിസി വിഭാഗത്തെ ഞെട്ടിച്ച് 1.85 ലക്ഷം എന്ന പ്രാരംഭ വിലയാണ് ഇതിനു നൽകിയിരിക്കുന്നത്.
8,800 ആര്‍.പി.എമ്മില്‍ 40 എച്ച്.പി കരുത്തും 6,500 ആര്‍.പി.എമ്മില്‍ പരമാവധി 35 എൻ.എം ടോര്‍ക്കും കിട്ടും. റൈഡ് ബൈ വയര്‍ ടെക്‌നോളജിയുള്ള ഇതിന്‍റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 154 കിലോമീറ്റർ. പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോകും 43 എം.എം. യു.എസ്.ഡി ഫോര്‍ക്കും ചേര്‍ന്നതാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 320 എം.എം പിന്നില്‍ 230 എം.എം ഡിസ്‌ക് ബ്രേക്കുകൾ. 12 ലിറ്ററാണ് ഇന്ധന ടാങ്കിന്‍റെ ശേഷി. ഡോമിനാറിനേക്കാള്‍ 19 കിലോ ഭാരം കുറച്ച് 174 കിലോഗ്രാമിലെത്തിച്ചിട്ടുണ്ട്. ഉയരം കുറവുള്ളവക്ക് ഉപകാരമാകും വിധം 805 എം.എം ആണ് സീറ്റിന്‍റെ ഉയരം.
സ്‌പോര്‍ട്, റോഡ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ നാലു റൈഡിങ് മോഡുകളുണ്ട്. ഇവ എൽ.സി.ഡി ഡാഷ് ബോര്‍ഡ് വഴി നിയന്ത്രിക്കാം. മൂന്നു ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. ഒക്കെയുണ്ട്. ഗ്ലോസി റേസിങ് റെഡ്, ബ്രൂക്ലിന്‍ ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, പ്യൂറ്റര്‍ ഗ്രേ എന്നിങ്ങനെ നാലു നിറങ്ങളില്‍ കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.