വേനൽച്ചൂടിൽ വാഹനം ഉപയോഗിക്കുമ്പോൾ അപകട സാധ്യതയേറെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പുറത്തിറങ്ങിയാൽ പൊള്ളുന്ന ചൂടാണ് നാട്ടിലിപ്പോൾ. ഈ കൊടും ചൂടിൽ മനുഷ്യർ മാത്രമല്ല വാഹനങ്ങളും പ്രത്യേക പരിചരണം അർഹിക്കുന്നുണ്ട്. ചുട്ടുപൊള്ളുന്ന വെയിലിൽ നാം നിർത്തിയിടുന്ന വാഹനങ്ങൾക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഈ കൊടും ചൂടിൽ വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ടയർ പ്രഷർ

ചൂട് കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ടയറുകളും ടയറിലെ പ്രഷറുമാണ്. കാരണം വാഹനത്തിന്‍റെ ചൂടും റോഡിലെ ചൂടും ഏൽക്കുമ്പോൾ ടയറുകൾക്ക് കേടുപാടുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോൾ ടയറുകൾ വീർത്ത് പൊട്ടുന്ന സാഹചര്യങ്ങൾ വരാറുണ്ട്. മിക്ക പാസഞ്ചർ കാറുകളിലും ശുപാർശ ചെയ്യുന്ന ടയർ മർദ്ദം 30നും 35നും ഇടയിൽ PSI ആണ്. സംശയമുണ്ടെങ്കിൽ, നിങ്ങളുടെ ടയർ പ്രഷർ റേഞ്ച് എന്തായിരിക്കണം എന്നതിനെക്കുറിച്ച് നിങ്ങളുടെ കാർ ഓണേഴ്സ് മാനുവൽ പരിശോധിച്ചാലും മതി.

ഓയിൽ

കാലാനുസൃതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ പലപ്പോഴും എൻജിൻ ദ്രാവകങ്ങൾ കുറയാൻ കാരണമായേക്കാം. കാരണം നേർത്തതോ ബാഷ്പീകരിക്കപ്പെടുകയോ ചെയ്ത് പോകാൻ സാധ്യതയുണ്ട്. വേനൽക്കാലം വരുമ്പോൾ, നിങ്ങളുടെ ട്രാൻസ്മിഷൻ ഫ്ലൂയിഡ്, പവർ സ്റ്റിയറിങ് ഫ്ലൂയിഡ്, കൂളന്‍റ്, വിൻഡ്‌ഷീൽഡ് വൈപ്പർ ഫ്ലൂയിഡ് എന്നിവ തീർച്ചയായും പരിശോധിക്കണം. വേനൽ മാസങ്ങളിൽ കൂളന്‍റ് ദ്രാവകം പരിശോധിക്കുന്നത് വളരെ പ്രധാനമാണ്, കാരണം നിങ്ങളുടെ കാറിന്‍റെ എൻജിൻ അമിതമായി ചൂടാകാതെ സൂക്ഷിക്കാൻ ആവശ്യമായ ദ്രാവകം ഇല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കാം.

ബ്രേക്ക്

കടുത്ത ശൈത്യകാല കാലാവസ്ഥയിൽ മാത്രമല്ല വേനൽക്കാല മാസങ്ങളിലും വർഷം മുഴുവനും ബ്രേക്ക് ടെസ്റ്റുകൾ നടത്തുന്നത് നല്ലതാണ്. നിങ്ങളുടെ ബ്രേക്കുകൾ പരിശോധിക്കുമ്പോൾ ഞരക്കമോ മുരളുന്നതോ ആയ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ബ്രേക്ക് വലിക്കുന്നുണ്ടോ, അല്ലെങ്കിൽ നിങ്ങൾ ബ്രേക്ക് പെഡൽ അമർത്തുമ്പോൾ വാഹനം ഒരു വശത്തേക്ക് വലിച്ചു മാറുന്നുണ്ടോ എന്നും നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഈ മോശം പ്രകടന ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഇത് ഒരു പരിശോധനക്ക് അറ്റകുറ്റപ്പണികൾക്കുമുള്ള സമയമായി എന്ന് വേണം കരുതാൻ.

ഇന്ധനം സൂക്ഷിക്കരുത്

കന്നാസിലും ബോട്ടിലുകളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും പലരും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഈ ചൂട് കാലാവസ്ഥയിൽ അങ്ങനെ ചെയ്യുന്നത് വലിയ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. അത് കൊണ്ട് ഇത്തരം പ്രവർത്തികൾ പരമാവധി ഒഴിവാക്കുക. വളരെ ചൂടുള്ള കാലാവസ്ഥയില്‍ ഡാഷ് ബോര്‍ഡില്‍ വച്ചിട്ടുള്ള വാട്ടര്‍ ബോട്ടിലുകള്‍ ലെന്‍സ് പോലെ പ്രവര്‍ത്തിച്ച് സീറ്റ് അപ്‌ഹോള്‍സ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതുകൊണ്ടുതന്നെ വാട്ടര്‍ ബോട്ടിലുകള്‍, സാനിറ്റൈസറുകള്‍, സ്‌പ്രേകള്‍ എന്നിവ ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. സാധാരണ വാഹനത്തിന്റെ സീറ്റുകളും മറ്റും അഗ്നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മിക്കുക. എന്നാല്‍ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്‌സിന്‍ കവറുകളും പോളിസ്റ്റര്‍ തുണി കവറുകളും അഗ്‌നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാല്‍ ഒഴിവാക്കേണ്ടതാണ്.

എ.സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

നട്ടുച്ച നേരത്ത് എസിയുടെ സുഖകരമായ തണുപ്പ് ഇല്ലാതൊരു യാത്ര ആലോചിക്കാനേ വയ്യ. എസി ഇല്ലാതെ കാറുകളിൽ സഞ്ചരിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. എയർകണ്ടീഷനിങ് ഇല്ലാത്ത വാഹനങ്ങൾ ഇപ്പോൾ അധികമില്ലെന്ന് തന്നെ പറയാം. ലോറികളിൽ വരെ എസി ഇടം പിടിച്ചു കഴിഞ്ഞു. വാഹനത്തിലെ എസി ഉപയോഗിക്കുന്ന മിക്കവരും ചെയ്യുന്ന, എസിയുടെ കാര്യക്ഷമത കുറക്കുന്ന ഈ 5 തെറ്റുകൾ ഏതൊക്കെയെന്ന് നോക്കാം.

ചൂടത്ത് പാർക്ക് ചെയ്ത വാഹനം സ്റ്റാർട്ട് ചെയ്താൽ ആദ്യം ചെയ്യുക എസി മാക്സിമത്തിൽ ഇടുക എന്നതായിരിക്കും. എന്നാൽ ഇത് അത്ര നല്ല പ്രവർത്തിയല്ല. എസി ഇടുന്നതിന് മുമ്പ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്ത്തിയാൽ ചൂടു വായു പുറത്തേക്ക് പോകും. അതിനു ശേഷം കുറച്ചു സമയം കഴിഞ്ഞ് മാത്രം എസി ഓണാക്കുക. നിങ്ങളുടെ എസിയുടെ ജോലിഭാരം കുറയുകയും കാര്യക്ഷമത വർധിക്കുകയും ചെയ്യും.

വാഹനത്തിനുള്ള പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ മോഡിലിടുന്നത് നല്ലതല്ല. പുറത്തെ ചൂടിനെക്കാൾ വളരെ അധികമായിരിക്കും വാഹനത്തിന് അകത്തെ ചൂട് അതുകൊണ്ടു തന്നെ പുറത്തു നിന്നുള്ള വായു എടുക്കുന്ന മോഡ് ഓൺചെയ്ത് കുറച്ചു നേരത്തിന് ശേഷം മാത്രമേ റീസർക്കുലേഷൻ മോഡ് ഇടാവൂ.

ചൂടു കുറവുള്ള സമയങ്ങളിൽ അതായത് അതിരാവിലെ മിക്ക ആളുകളും എസി ഉപയോഗിക്കാറില്ല. കഴിവതും എസിയിട്ടു തന്നെ ഓടിക്കാൻ ശ്രമിക്കുക. ഇതു വണ്ടിക്കകത്തെ പൊടി ശല്യം കുറക്കാനും ഉപയോഗിക്കാതെയിരുന്നിട്ട് പൈപ്പ് ജോയിന്റുകളിലെ ഓ റിങ്ങുകൾ ഡ്രൈയാകുന്നതു തടയാനും സഹായിക്കും. കൂടാതെ ഹൈവേകളിലൂടയുള്ള യാത്രയിൽ ചില്ല് ഉയർത്തി വെക്കാതെയുള്ള പോക്ക് ചിലപ്പോൾ വാഹനത്തിന്റെ ഇന്ധനക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാം.

മിക്ക ആളുകളും ചെയ്യുന്ന കാര്യമാണ് എസി വെന്റ് സ്വന്തം ദേഹത്തേക്ക് അല്ലെങ്കില്‍ മുഖത്തേക്ക് തിരിച്ചുവയ്ക്കുക എന്നത്. എന്നാൽ വാഹനത്തിന്റെ ഉൾഭാഗത്ത് എല്ലായിടത്തും തണുപ്പെത്തണമെങ്കിൽ വെന്റ് ശരിയായ പൊസിഷനിൽ വയ്ക്കണം. നാലു വെന്റുകളും നേരെ തന്നെ വച്ചാൽ മാത്രമേ പിന്നിലെ യാത്രകാർക്കും എസിയുടെ തണുപ്പ് ലഭിക്കുകയുള്ളൂ.

ആരോഗ്യപരിപാലനം നമ്മളെപ്പോലെ തന്നെ യന്ത്രങ്ങൾക്കും ആവശ്യമാണ്. വാഹനം 25,000-30,000 കിലോമീറ്റർ കൂടുമ്പോൾ എസി തീർച്ചയായും സർവിസ് ചെയ്യുക. വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സർവിസ് ചെക്കപ്പുകളിൽ എസിയുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക. വൃത്തികേടായി അടഞ്ഞിരിക്കുന്ന കണ്ടെൻസർ എസിയുടെ പ്രകടനത്തെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നിൽ പൊട്ടലോ മറ്റോ ഉണ്ടോയെന്നു പരിശോധിക്കുകയും വേണം.

അത് പോലെ തന്നെ കൃത്യമായ ഇടവേളകളില്‍ ഗ്യാസ് ലൈനുകളില്‍ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാല്‍ സര്‍വിസ് സെന്ററില്‍ കാണിച്ച് റിപ്പയര്‍ ചെയ്യുകയും വേണം. അത് പോലെ തന്നെ വാഹന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും നിയമവിധേയമായതുമായ പാര്‍ട്‌സുകള്‍ ഉപയോഗിക്കുന്നതും അനാവശ്യമായ ആള്‍ട്ടറേഷനുകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Tags:    
News Summary - Risks are higher when driving in hot summer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.