കാത്തിരിപ്പിനു വിരാമം; റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 വിപണിയില്‍

മോട്ടോർ സൈക്കിൾ പ്രേമികളുടെ കാത്തിരിപ്പിനു വിരാമിട്ട് ഗറില്ല 450 പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ഏറെക്കാലമായി സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായ ശേഷമാണു വാഹനം നിരത്തിലെത്തുന്നത്. അനലോഗ്, ഡാഷ്, ഫ്‌ളാഷ് എന്നീ മൂന്ന് വേരിയന്റുകളിലായി അഞ്ച് കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ലഭ്യമാണ്. 2.39 ലക്ഷം മുതല്‍ 2.54 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. പുതുതായി കൊണ്ടുവന്ന ഹണ്ടര്‍ 350, ഹിമാലയന്‍ 450 എന്നിവക്ക് ലഭിച്ച സ്വീകരണമാണു പുതിയ ബൈക്കിന്റെ പിറവിക്കു പിന്നില്‍.

ഹിമാലയനിലുള്ള അതേ ലിക്വിഡ് കൂള്‍ഡ് 452 സി.സി ഷെര്‍പ 450 എൻജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ 8,000 ആര്‍.പി.എമ്മില്‍ 40 എച്ച്.പിയും 5,500 ആര്‍.പി.എമ്മില്‍ 40 എന്‍.എമ്മും നല്‍കിയിട്ടുണ്ടെങ്കിലും ട്യൂണിങ്ങും ഗിയറിങ്ങും വ്യത്യസ്തമാണ്. ആറു സ്പീഡ് ഗിയര്‍ബോക്‌സാണു നല്‍കിയിരിക്കുന്നത്. നിരത്തില്‍ ഹിമാലയന്റെ അതേ പവര്‍ ഔട്ട്പുട്ട് ലഭിക്കുന്നുണ്ടെങ്കിലും ഹിമാലയനേക്കാള്‍ 11 കിലോ ഭാരം കുറവാണ്. അടിസ്ഥാന വേരിയന്റിന് ഹണ്ടര്‍, ഷോട്ട്ഗണ്‍ പോലുള്ള ഡിജിറ്റല്‍-അനലോഗ് ഡിസ്‌പ്ലേയും നല്‍കിയിട്ടുണ്ട്.

ഗറില്ലയുടെയും ഹിമാലയന്റെയും ചേസുകള്‍ വളരെ സാമ്യമുള്ളതാണ്. പിന്നിലെ മോണോഷോക്ക് സസ്‌പെന്‍ഷന്‍ യാത്രാസുഖം വർധിപ്പിക്കുന്നു. മുന്നില്‍ നല്‍കിയ 310 എം.എം ഡിസ്‌ക് ബ്രേക്കും പിന്നിലെ 270 എം.എം ഡിസ്‌ക്‌ബ്രേക്കും വാഹനത്തിന്റെ ബ്രേക്കിങ് സുഖമമാക്കുന്നു. കൂടാതെ ഡ്യുവല്‍ ചാനല്‍ എ.ബി.എസും നല്‍കിയിട്ടുണ്ട്. ഫ്രണ്ട് ഡിസ്‌ക് ഹിമാലയനേക്കാള്‍ 10 എം.എം ചെറുതാണെങ്കിലും പിന്‍ റോട്ടര്‍ രണ്ട് ബൈക്കുകളിലും സമാനമാണ്. 11 ലിറ്റര്‍ ഫ്യുവല്‍ ടാങ്കും ട്യൂബ് ലെസ് ടയറുകളുള്ള ചെറിയ 17 ഇഞ്ച് അലോയ് വീലുകളും ഭാരം കുറക്കാന്‍ സഹായിച്ചിട്ടുണ്ട്.

കൂടാതെ റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ബൈക്കില്‍ കാണുന്ന എല്ലാ കണക്ടിവിറ്റി സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗറില്ലയുടെ അടിസ്ഥാന അനലോഗ് വേരിയന്റിന് 2.39 ലക്ഷം രൂപയും മിഡ് ഡാഷിന് 2.49 ലക്ഷം രൂപയും ടോപ് എന്‍ഡ് ഫ്‌ളാഷ് വേരിയന്റിന് 2.54 ലക്ഷം രൂപയുമാണ് വില. 

Tags:    
News Summary - Royal Enfield Guerrilla 450 launched in three varients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.