റോയൽ എൻഫീൽഡിന്‍റെ അഡ്വഞ്ചർ ബൈക്കായ ഹിമാലയന്‍റെ പരിഷ്കരിച്ച പതിപ്പ് വ്യാഴാഴ്ച അവതരിപ്പിക്കും. പുതുതായി രണ്ട് നിറങ്ങളും നാവിനേഷൻ സൗകര്യങ്ങളുമായി ചില്ലറ മാറ്റങ്ങളോടെയാണ് ഹിമാലയൻ അവതരിക്കുക. ഗ്രാനൈറ്റ് ബ്ലാക്, പൈൻ ഗ്രീൻ പോലുള്ള പുതിയ നിറങ്ങൾ ഉൾപ്പെടുത്തിയും ടാങ്കിന് ചുറ്റുമുള്ള ഫ്രെയിമിന് ചെറിയ മാറ്റം വരുത്തിയും ട്രിപ്പർ നാവിഗേഷൻ പോലുള്ള ആധുനിക സംവിധാനങ്ങൾ ഇണക്കിച്ചേർത്തും ഹിമാലയനെ കൂടുതൽ ആകർഷകമാക്കാൻ എൻഫീൽഡ് ശ്രമിച്ചിട്ടുണ്ട്.
നിലവിലെ മോഡൽ ബിഎസ് 6 ലേക്ക് മാറുന്നതിനിടയിൽ ചില പരിഷ്കാരങ്ങൾക്ക് വിധേയമായിരുന്നു. അതുകഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് പുതിയ പതിപ്പ് വരുന്നത്. മീറ്റിയോർ 350ൽ അരങ്ങേറ്റം കുറിച്ച അതേ ട്രിപ്പർ നാവിഗേഷൻ സംവിധാനമായിരിക്കും ഹിമാലയനിലും വരിക. ഗൂഗിളുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റമാണിത്. ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോൺ കണക്ട് ചെയ്തശേഷം ഇത് റോയൽ എൻഫീൽഡ് അപ്ലിക്കേഷനോട് ചേർന്ന് പ്രവർത്തിക്കുന്നു. എന്നാൽ സ്ക്രീനിൽ ഇൻകമിങ് സന്ദേശങ്ങളോ കോളുകളോ പ്രദർശിപ്പിക്കില്ല.
പുതിയ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ അപ്ഡേറ്റ് ചെയ്ത ഹിമാലയന് നിലവിലെ വിലയായ 1.91-1.96 ലക്ഷം രൂപയേക്കാൾ അൽപ്പം കൂടാനാണ് സാധ്യത. ഹിമാലയന് പുറമെ പുതിയ ക്ലാസിക് 350, 650 സിസി ക്രൂസർ തുടങ്ങി നിരവധി പുതിയ ബൈക്കുകൾ വിപണിയിലെത്തിക്കാനും റോയൽ എൻഫീൽഡിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.