ആധുനിക സാങ്കേതികവിദ്യയും ഫീച്ചറുകളും നിറച്ച് ഇന്ത്യന്‍ വാഹന വിപണയില്‍ നിറ സാന്നിധ്യമാകാന്‍ തയ്യാറെടുക്കുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ. നിലവിലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യ 2.0 പദ്ധതിയിലൂടെ ആഭ്യന്തര വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നീ മോഡലുകള്‍ മാത്രമാണ് നിലവില്‍ വിപണിയിലുള്ളൂവെങ്കിലും നാലാമത്തെ വാഹനം പണിപ്പുരയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് എസ്.യു.വി സെഗ്മെന്റിലേക്കാണ് സ്‌കോഡ പയറ്റാനിറങ്ങുന്നത്. സബ്-4 മീറ്റര്‍ സെഗ്മെന്റിലെ തങ്ങളുടെ ആദ്യ മോഡല്‍ അടുത്ത വര്‍ഷം ആദ്യം ഭാരത് മൊബിലിറ്റി ഷോയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് എക്‌സിലൂടെ കമ്പനി പുതിയ വാഹനത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. ആരാധകരില്‍ നിന്നും ലഭിച്ച സാധ്യമായ പേരുകളില്‍ നിന്ന് ‘പളുങ്ക്’ എന്ന അര്‍ഥം വരുന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് പുതിയ വാഹനത്തിന് സ്‌കോഡ ‘കൈലാഖ്’ എന്ന പേരു നല്‍കിയിരിക്കുന്നത്.
ആരാധകരില്‍നിന്നു ലഭിച്ച ആയിരക്കണക്കിനു പേരുകളില്‍ നിന്ന് കൈലാഖ്, കൈമാക്, ക്വിക്ക്, കാരിക്ക്, കൈറോക്ക്, കോസ്മിക്, കൈക്ക്, കയാക്ക്, ക്ലിക്, കാര്‍മിക് എന്നീ 10 പേരുകള്‍ തിരഞ്ഞെടുത്ത സ്‌കോഡ ഇതില്‍ നിന്നും അവസാന റൗണ്ടിലേക്ക് 6 പേരുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോഡ കൈറോക്ക്, സ്‌കോഡ ക്വിക്ക്, സ്‌കോഡ കൈലാക്ക്, സ്‌കോഡ കോസ്മിക്, സ്‌കോഡ കയാക്ക്, സ്‌കോഡ ക്ലിക് എന്നിവയാണ് ചുരുക്കപ്പട്ടികയിലെ അവസാന 6 പേരുകള്‍. ഇവയില്‍ നിന്നാണ് ബുധനാഴ്ച കോംപാക്ട് എസ്.യു.വിക്ക് ചേര്‍ന്ന പുതിയ പേര് തിരഞ്ഞെടുത്തത്.
കുഷാഖിനോട് സാമ്യമുള്ള എസ്.യു.വിയുടെ രണ്ട് രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന വാഹനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ കാത്തിരിക്കുന്നത്. ചെറിയ മാറ്റങ്ങളോടെയുള്ള പരമ്പരാഗത സ്‌കോഡ ഗ്രില്ലുതന്നെയായിരിക്കും വാഹനത്തിന്റെ പ്രധാന ആകര്‍ഷണം.
എല്‍.ഇ.ഡി സ്ട്രിപ്പുകളോടുകൂടിയ ഡി.ആര്‍.എല്‍ യൂണിറ്റും പിന്‍ഭാഗത്ത് എല്‍.ഇ.ഡി ടെയില്‍ലൈറ്റ് യൂണിറ്റുകളുമായിരിക്കും ഉണ്ടായിരിക്കുക. ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനായി വാഹനത്തില്‍ റൂഫ് റെയിലുകളും ആകര്‍ഷകമായ പുതിയ അലോയ് വീലുകളുമുണ്ടാകുമെന്നാണ് സൂചന. വാഹനത്തിന്റെ സാങ്കേതിക സവിശേഷതകളെ കുറിച്ച് സ്‌കോഡ ഒരു വിശദാംശവും പുറത്തുവിട്ടിട്ടില്ല. വിപണിയില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്.യു.വി 300, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീ വാഹനങ്ങള്‍ ആയിരിക്കും പ്രധാന എതിരാളികള്‍. ഏകദേശം 8 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.