ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ ഏറ്റവും പുതിയ ചെറു എസ്.യു.വി കൈലാഖ് നവംബര്‍ ആറിന് അവതരിപ്പിക്കും. സബ്-4 മീറ്റര്‍ സെഗ്മെന്റിലെ സ്കോഡയുടെ ആദ്യ മോഡല്‍ അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന വാഹനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ കാത്തിരിക്കുന്നത്. കുഷാഖിനോട് സാമ്യമുള്ള എസ്.യു.വിയുടെ രണ്ട് രേഖാചിത്രങ്ങള്‍ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. കമ്പനിയുടെ ഇന്ത്യ 2.5 പ്ലാന്‍ പ്രകാരം നിര്‍മിച്ചിരിക്കുന്ന പുതിയ എം.ക്യു.ബി പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.
കൈലാഖിന്‍റെ ആദ്യ ടീസറുകളും സ്‌കെച്ചുകളും പരിചിതമായ സ്‌കോഡയുടെ ഡിസൈന്‍ ശൈലിയെക്കുറിച്ച് ഏകദേശ ധാരണ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ സാധാരണ എസ്.യു.വി ആട്രിബ്യൂട്ടുകളോടെ ബ്രാന്‍ഡിന്റെ 'മോഡേണ്‍ സോളിഡ്' ഡിസൈന്‍ ഭാഷ കൊണ്ടുവരുന്ന ആദ്യത്തെ മോഡലായിരിക്കും കൈലാഖ് എന്ന് നിര്‍മാതാക്കള്‍ പറയുന്നു. അതിനാല്‍, അടുത്തിടെ പുറത്തിറക്കിയ സ്‌കോഡ എല്‍റോക്കിന്റെ സ്‌കെച്ചുകളില്‍ കാണുന്ന ചില ഡിസൈന്‍ സൂചനകള്‍ പ്രതീക്ഷിക്കാം. കൈലാഖിന് സ്പ്ലിറ്റ് ഹെഡ്ലാമ്പുകളും വിശാലമായ ഗ്രില്ലും ലഭിക്കും. കോംപാക്ട് എസ്.യു.വിക്ക് കുഷാഖിനെ അപേക്ഷിച്ച് അല്‍പ്പം കുറഞ്ഞ വീല്‍ബേസായിരിക്കും ഉണ്ടായിരിക്കുക. കൂടാതെ നാല് മീറ്റര്‍ നീളത്തില്‍ മുന്നിലും പിന്നിലും ഓവര്‍ഹാങ്ങുകള്‍ ഉണ്ടായിരിക്കും. കൈലാഖിന്റെ ഇന്റീരിയര്‍ കുഷാക്കിനോട് സാമ്യമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഡാസ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ അതിസുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ ലഭ്യമാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കായി ജോടിയാക്കിയ 114 ബി.എച്ച്.പി, 178 എന്‍.എം 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ ടര്‍ബോ - പെട്രോള്‍ എൻജിന്‍ ആയിരിക്കും കൈലാഖിന് കരുത്ത് പകരുക. രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് എസ്.യു.വി സെഗ്മെന്റിലേക്കാണ് സ്‌കോഡ പയറ്റാനിറങ്ങുന്നത്. വിപണിയില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്‌സ്.യു.വി 300, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീ വാഹനങ്ങള്‍ ആയിരിക്കും പ്രധാന എതിരാളികള്‍. ഏകദേശം 8 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറും വില.
തുടക്കത്തില്‍ 50,000 മുതല്‍ 70,000 യൂണിറ്റുകളുടെ വാര്‍ഷിക ഉല്‍പാദനമാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. ആദ്യഘട്ടില്‍ കൈലാഖ് ആഭ്യന്തര വിപണിയാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് കയറ്റുമതിയും ആരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘നെയിം യുവര്‍ സ്‌കോഡ’ കാമ്പെയ്നിലൂടെ ലഭിച്ച പേരുമായി എത്തുന്ന വാഹനത്തെ ആകാംക്ഷയോടെയാണ് വാഹനലോകം കത്തിരിക്കുന്നത്. ‘കെ’യില്‍ ആരംഭിച്ച് ‘ക്യു’വില്‍ അവസാനിക്കുന്ന പേര് നിര്‍ദേശിക്കാനായിരുന്നു സ്‌കോഡ ആവശ്യപ്പെട്ടത്. രണ്ട് ലക്ഷത്തോളം നിർദേശങ്ങളിൽനിന്നാണ് ‘കൈലാഖ്’ എന്ന പേര് സ്‌കോഡ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.