സ്‌കോഡ സ്ലാവിയക്ക് ‘പുതിയ മുഖം’; തരംഗമാകാൻ ‘മോണ്ടി കാര്‍ലോ’

വാഹന വിപണിയില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് ചുവടുറപ്പിച്ച് സ്‌കോഡ സ്ലാവിയ മോണ്ടി കാര്‍ലോ വിപണിയില്‍. കുഷാഖ്, സ്ലാവിയ എന്നീ രണ്ട് കിടിലന്‍ കാറുകളിലൂടെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചാണ് ചെക്ക്‌ റിപ്പബ്ലിക്കന്‍ വാഹന നിര്‍മാണ കമ്പനി വിപണിയില്‍ നിറസാന്നിധ്യമാകുന്നത്. വിപണിയില്‍ എത്തിയിട്ട് നാല് വര്‍ഷമായെങ്കിലും സെഡാനെയും എസ്.യു.വിയെയും ഒരുപോലെ പരിഗണിച്ചാണ് സ്‌കോഡ ഇന്ത്യക്കാരുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായി മാറിയത്. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച കുഷാഖും സ്ലാവിയയും ഉഗ്രന്‍ സുരക്ഷയും പെര്‍ഫോമന്‍സും നല്‍കുന്നതോടൊപ്പം കുറഞ്ഞ മെയിന്റനന്‍സ് ചെലവും ഉറപ്പുവരുത്തിയത് സ്‌കോഡയ്ക്ക് തുണയായിട്ടുണ്ട്.

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്‌കോഡ പുതിയ സ്ലാവിയ മോണ്ടി കാര്‍ലോ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. വാഹന റാലി മോണ്ടി കാര്‍ലോയില്‍ പ്രവേശിച്ചതിന്റെ 112-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സെഡാന്റെ സ്‌പോര്‍ട്ടി പതിപ്പ് വിപണിയില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളില്‍ നിന്നും വേറിട്ടു നില്‍ക്കാനായി കാറില്‍ നിരവധി കോസ്‌മെറ്റിക് നവീകരണങ്ങളാണ് കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്ലോസി ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല് നല്‍കി ആകാരഭംഗി വര്‍ധിപ്പിച്ചതിനൊപ്പം നിലവിലുള്ള മോഡലിന് സമാനമായ ഡിസൈനിലുള്ള 15 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, ബൂട്ട് ലിപ് സ്പോയിലര്‍, ബ്ലാക്ക് ബാഡ്ജുകള്‍, ഡോര്‍ ഹാന്‍ഡിലുകളിലെ ബ്ലാക്ക് ആക്സന്റുകള്‍, ബ്ലാക്ഡ് ഔട്ട് ഡോര്‍ മിറര്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവയും നല്‍കിയിട്ടുണ്ട്. ആകര്‍ഷകമായ സ്‌പോര്‍ട്‌സ് എക്‌സ്‌ക്ലൂസീവ് ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ അണിഞ്ഞൊരുങ്ങിയാണ് സ്ലാവിയ മോണ്ടി കാര്‍ലോ എത്തിയിരിക്കുന്നത്.

എക്സ്റ്റീരിയറിനൊപ്പം ഇന്റീരിയറിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം എത്തുന്നത്. ഫെന്‍ഡറില്‍ മോണ്ടി കാര്‍ലോയുടെ ബാഡ്ജുകള്‍ നല്‍കിയിട്ടുണ്ട്. നിലവിലെ മോഡലിന്റെ അതേ ഡിസൈനാണ് അകത്തളം ഒരുക്കിയിരിക്കുന്നതെങ്കിലും ചെറിയ മാറ്റങ്ങള്‍ വരുത്തി ആകര്‍ഷകമാക്കിയിട്ടുണ്ട്. റെഡ്, ബ്ലാക്ക് ഡ്യുവല്‍-ടോണ്‍ നിറത്തില്‍ ചെയ്തിരിക്കുന്ന അപ്‌ഹോള്‍സ്റ്ററി വര്‍ക്കുകള്‍ പ്രീമിയം ലുക്ക് നല്‍കുന്നതിനോടൊപ്പം കൂടുതല്‍ വലുപ്പം തോന്നുന്നതിനും സഹായിച്ചിട്ടുണ്ട്. ഡാഷ്ബോര്‍ഡിന്റെ വീതിയില്‍ നല്‍കിയിരിക്കുന്ന റൂബി റെഡ് മെറ്റാലിക് ഇന്‍സെര്‍ട്ടുകള്‍ സെന്റര്‍ കണ്‍സോളിലും ഫ്രണ്ട് ഡോറുകളിലേക്കും ചേര്‍ത്തിട്ടുണ്ട്.

ഹെഡ്റെസ്റ്റുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന 'മോണ്ടി കാര്‍ലോ' ലോഗോയും രണ്ട് ഹെഡ്റെസ്റ്റുകളിലും നല്‍കിയിരിക്കുന്ന 'മോണ്ടി കാര്‍ലോ' എഴുത്തുകളും വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. ചുവപ്പും കറുപ്പും നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ് പിന്‍ഭാഗത്തുള്ളത്. സ്‌കോഡ സ്ലാവിയ മോണ്ടി കാര്‍ലോയ്ക്ക് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നതും സവിശേഷതയാണ്. റെഡ് തീമോടുകൂടിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്തായി ഇടംപിടിച്ചിരിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്‌കോഡ പ്ലേ ആപ്പുകളും റെഡ് തീമുമായാണ് വാഹനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

1.5 ലിറ്റര്‍ ടി.എസ്.ഐ പെട്രോള്‍, 1.0 ലിറ്റര്‍ ടി.എസ്.ഐ പെട്രോള്‍ എന്നീ എന്‍ജിൻ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 148 ബി.എച്ച്.പി കരുത്തില്‍ പരമാവധി 250 എന്‍.എം ടോര്‍ക്ക് വരെ ഉൽപാദിപ്പിക്കാന്‍ കഴിയും. പുതിയ റിയല്‍ ഡ്രൈവ് എമിഷന്‍ ടെസ്റ്റ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സ്ലാവിയ മോണ്ടി കാര്‍ലോയുടെ എന്‍ജിന്‍ അപ്ഡേറ്റു ചെയ്തെന്നും സ്‌കോഡ പറയുന്നു. മിഡ് സൈസ് സെഡാന്റെ 1.0 ലിറ്റര്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് 15.79 ലക്ഷം രൂപയും 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ ഓട്ടോമാറ്റിക്കാന് 16.89 ലക്ഷവും 7 സ്പീഡ് ഡി.എസ്.ജിയുള്ള 1.5 ലിറ്റര്‍ ടി.എസ്.‌ഐ പെട്രോള്‍ ഓട്ടോമാറ്റിക്കിന് 18.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Tags:    
News Summary - Skoda Slavia Monte Carlo launched in India; Price, Features and other details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.