ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് ദിവസേന വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈയടുത്ത കാലം വരെ, തെരഞ്ഞെടുത്തതും വിലകൂടിയതുമായ വൈദ്യുത വാഹനങ്ങൾ മാത്രമേ ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കായി എത്തിച്ചിരുന്നത്. ആ ഒരു പ്രശ്നം പരിഹരിക്കപ്പെട്ടത് ഇന്ത്യയിൽ ടാറ്റ വൈദ്യുത വാഹങ്ങൾ അവതരിപ്പിച്ചപ്പോഴാണ്. ടാറ്റായുടെ ആദ്യ വൈദ്യുത വാഹനമായ ടിയാഗോ ഇ.വി ഏറെ ജനപ്രിയമായിരുന്നു. അതിനു ശേഷമാണ് കുറഞ്ഞ ബജറ്റിൽ പോലും മികച്ച കാറുകൾ മറ്റു കമ്പനികൾ നൽകാൻ തുടങ്ങിയത്.
അടുത്തിടെയാണ് ബ്രിട്ടീഷ് - ചൈനീസ് ഓട്ടോമോട്ടീവ് കമ്പനിയായ എം.ജി 2024 സെപ്റ്റംബറിൽ അവരുടെ വൈദ്യുത എസ്.യു.വിയായ വിൻഡ്‌സർ പുറത്തിറക്കുന്നത്. വാഹനം ചുരുങ്ങിയ സമയംകൊണ്ട് ജനപ്രിയമായി മാറിയിരുന്നു. ഇത് 2025 മാർച്ച് മാസത്തിലെ വിൽപ്പനയിൽ 9 ശതമാനം അധിക വർധനവുണ്ടായതായി കമ്പനി അറിയിച്ചു. ഈ അധിക വിൽപ്പന ടാറ്റ നെക്‌സോൺ ഇ.വിയെ വിൻഡ്‌സർ മറികടക്കുന്നുണ്ട്. കൂടാതെ മാർച്ച് മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വൈദ്യുത കാർ കൂടിയാണ് വിൻഡ്‌സർ. സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള കണക്കെടുത്താൽ എം.ജി വിൻഡ്‌സർ 13,997 യൂനിറ്റ് വാഹനം വിറ്റഴിച്ചപ്പോൾ ടാറ്റ നെക്‌സോൺ ഇ.വിക്ക് 7,047 യൂനിറ്റ് മാത്രമേ വിൽക്കാൻ കഴിഞ്ഞുള്ളൂ.
എം.ജി വിൻഡ്‌സർ ഇ.വി മൂന്ന് വകഭേദങ്ങളിൽ ലഭ്യമാണ്. വാഹനത്തിന്റെ എക്സ് ഷോറൂം വില 9.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നുണ്ട്. ടാറ്റ നെക്‌സോൺ ഏകദേശം പത്ത് വകഭേദങ്ങളിൽ ലഭ്യമാണ്. 12.49 ലക്ഷം മുതൽ 16.29 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ എക്സ് ഷോറൂം വില. വിൻഡ്‌സർ ഇ.വിയിൽ 38 kWh ബാറ്ററി പാക്കിൽ 331 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും.
അതേസമയം ടാറ്റ നെക്‌സോണിൽ രണ്ട് ബാറ്ററി ഓപ്ഷനുകളുണ്ട്. ഇടത്തരം വകഭേദത്തിൽ 30 kWh ബാറ്ററി പാക്ക് ലഭിക്കുമ്പോൾ ഏറ്റവും ടോപ് വകഭേദത്തിന് 40.5 kWh ബാറ്ററി പാക്ക് ലഭിക്കും. നെക്‌സോണിന്റെ എം.ആർ വേരിയന്റിന് 275 കിലോമീറ്ററും എൽ.ആർ വേരിയന്റിന് 390 കിലോമീറ്റർ വരെയും സഞ്ചരിക്കാൻ സാധിക്കും. എന്നിരുന്നാലും വാഹനത്തിന്റെ പ്രവർത്തന ചെലവ് താരതമ്യം ചെയ്യുമ്പോൾ നെക്‌സോൺ ഇ.വിയേക്കാൾ ചെലവ് കൂടുതൽ എം.ജിയുടെ വിൻഡ്‌സറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.