ആഗോളവൈദ്യുത വാഹന ഭീമൻ ടെസ്ലയുമായുള്ള ബന്ധം തള്ളിപ്പപറഞ്ഞ് ടാറ്റ മോട്ടോഴ്സ്. ടെസ്‌ല ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പിച്ചതുമുതൽ ഇന്ത്യയിലെ കൂട്ടാളിയെച്ചൊല്ലി നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ടത് ടാറ്റയുെട പേരാണ്. ഇതോടെ ടാറ്റയുടെ ഓഹരി മൂല്യത്തിൽ കുതിപ്പും രേഖപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ ടെസ്ലയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ടാറ്റ.
'ഞങ്ങളുടെ പിവി (പാസഞ്ചർ വെഹിക്ൾ) ബിസിനസ്സിനായുള്ള തന്ത്രപരമായ പങ്കാളിയെക്കുറിച്ച് ഞങ്ങൾ ഒരു തീരുമാനവും എടുത്തിട്ടില്ല. മാത്രമല്ല ഇത് സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങളും തള്ളിക്കളയുകയും ചെയ്യുന്നു'- ടാറ്റ ഔദ്യോഗികമായി പങ്കുവച്ച ട്വീറ്റിൽ പറയുന്നു. വൈദ്യുത വാഹന നിർമാണത്തിൽ ടാറ്റയും ടെസ്ലയും തമ്മിൽ സഹകരിക്കുമെന്ന വാർത്തകൾക്കാണ് ഇതോടെ വിരാമമായത്. ഈ ആഴ്ച ആദ്യം ബംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിൽ 'ടെസ്‌ല ഇന്ത്യ മോട്ടോഴ്സ് എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേര് രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവ് ഉറപ്പിച്ചിട്ടുണ്ട്.
We have not taken any decision regarding a strategic partner for our PV business and categorically deny all rumours suggesting the same. @TataMotors_Cars @TatamotorsEV
— Tata Motors (@TataMotors) January 15, 2021
വൈദ്യുത വാഹനങ്ങൾ നിർമ്മിക്കുന്നതിന് രാജ്യത്ത് സൗകര്യം ഒരുക്കുന്നതിനായി ടെസ്‌ല ഇപ്പോഴും നിരവധി സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തുന്നുണ്ട്. തുടക്കത്തിൽ ഇന്ത്യയിൽ ബിസിനസ്സ് ആരംഭിക്കാൻ ടെസ്‌ലയ്ക്ക് പ്രാദേശിക പങ്കാളിയെ ആവശ്യമുണ്ട്. കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്‌സിന്‍റെ ഇവി വിഭാഗത്തിൽ നിന്നുള്ള ഒരു ട്വീറ്റാണ് എല്ലാ ഊഹാപോഹങ്ങൾക്കും തുടക്കമിട്ടത്. പ്രശസ്ത ബോളിവുഡ് ഗാനത്തിലെ രണ്ട് വരികൾ ഉദ്ധരിച്ചാണ് ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് മൊബിലിറ്റി ട്വീറ്റ് ചെയ്തത്.
വെൽക്കം ടെസ്‌ല, ടെസ്‌ല ഇന്ത്യ എന്നീ ഹാഷ്‌ടാഗുകളും അവർ പങ്കുവച്ചിരുന്നു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിന് കർണാടക സർക്കാർ ബംഗളൂരു നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള തുങ്കൂരിൽ ടെസ്‌ലയ്ക്ക് ഭൂമി വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ടെസ്‌ലയുടെ ആദ്യ വാഹനമായ മോഡൽ 3 2021-22 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ വിൽപ്പനയ്‌ക്കെത്താനാണ് സാധ്യത. വാഹനത്തിന്‍റെ പ്രീ-ബുക്കിങ് ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.