രാജ്യത്തെ ആദ്യ സി.എൻ.ജി ഓട്ടോമാറ്റിക് കാറുകൾ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകളുടെ എഎംടി ട്രാന്‍സ്മിഷന്‍ പതിപ്പുകളാണ് പുറത്തിറക്കിയത്. നിലവിൽ സി.എൻ.ജി കാറുകളുടെ കുത്തക മാരുതിക്കാണെങ്കിലും അവർക്ക് ഓട്ടോമാറ്റിക് സാങ്കേതിക വിദ്യയില്ല. ഇത് ടാറ്റക്ക് വിപണിയിൽ മുൻതൂക്കം നൽകും.
പുതിയ സി.എൻ.ജി എഎംടി കാറുകളുടെ ബുക്കിങ് ടാറ്റ മോട്ടോർസ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ടിയാഗോ, ടിഗോർ എന്നിവയുടെ സി.എൻ.ജി എഎംടി മോഡലുകൾ മൂന്ന് വേരിയന്‍റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന ഹാച്ച്ബാക്ക് മോഡലിന് 7.90 ലക്ഷം മുതൽ 8.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് ടിഗോർ സി.എൻ.ജി എഎംടി രണ്ട് വേരിയന്‍റുകളിൽ ലഭിക്കും. വില യഥാക്രമം 8.85 ലക്ഷം, 9.55 ലക്ഷം രൂപയുമാണ്.
ടിയാഗോ XTA CNG, XZA+ CNG, XZA NRG എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിൽ ലഭിക്കുമ്പോൾ ടിഗോർ സി.എൻ.ജി കോംപാക്‌ട് സെഡാൻ XZA CNG, XZA+ CNG എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ ലഭ്യമാണ്. എഎംടി ഗിയർബോക്‌സ് സി.എൻ.ജി എഞ്ചിനിൽ ഉൾക്കൊള്ളിക്കാൻ ടാറ്റ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് യൂനിറ്റ് തന്നെയാണെന്ന് എഞ്ചിനായി ഉപയോഗിച്ചിരിക്കുന്നത്. പെട്രോളിലും പ്രവർത്തിക്കുന്ന എഞ്ചിന് 86 bhp കരുത്തിൽ പരമാവധി 113 Nm ടോർക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം സി.എൻ.ജിയിലേക്ക് മാറുമ്പോൾ പെർഫോമൻസിൽ കാര്യമായ കുറവ് വരുന്നുണ്ട്. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ എഞ്ചിന് 73 bhp പവറിൽ 95 Nm ടോർക് മാത്രമാണ് ഉത്പാദിപ്പിക്കാനാവുക.
ഇനി മുതൽ 5-സ്പീഡ് മാനുവലിമൊപ്പം 5-സ്പീഡ് എഎംടിയും ഗിയർബോക്‌സും ഓപ്ഷനുകളിൽ ഉൾപ്പെടും. ടാറ്റയുടെ അഭിപ്രായത്തിൽ വാഹനം സി.എൻ.ജിയിൽ ഓടുമ്പോൾ മാനുവലിനെ അപേക്ഷിച്ച് എഎംടിയുടെ കാര്യത്തിൽ ഒരു വ്യത്യാസവും ഉണ്ടാകില്ല. എഎംടി ഗിയർബോക്‌സിനൊപ്പം 'ക്രീപ്പ്' ഫങ്ഷനും ഓഫർ ചെയ്യുന്നുണ്ട്. ബ്രേക്കിൽനിന്ന് കാലെടുക്കുമ്പോൾ വാഹനം പതിയെ നീങ്ങുന്ന ഫങ്ഷനാണിത്.
സി.എൻ.ജിയിൽ 28.06 കിലോമീറ്റർ വരെ മൈലേജ് ടാറ്റ അവകാശപ്പെടുന്നു. കൂടാതെ, ടിയാഗോയ്ക്ക് പുതിയ ടൊർണാഡോ ബ്ലൂ നിറവും ടിയാഗോ എൻആർജിക്ക് ഗ്രാസ്‌ലാൻഡ് ബീജും ടിഗോറിന് മെറ്റിയർ ബ്രോൺസ് കളർ ഓപ്ഷനുകളും സി.എൻ.ജി എഎംടിയിൽ പ്രത്യേകമായി ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മാസത്തിനിടെ ടാറ്റ 1.30 ലക്ഷം സി.എൻ.ജി വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചിട്ടുണ്ട്. ടിയാഗോയുടെയും ടിഗോറിൻ്റെയും സി.എൻ.ജി വേരിയൻ്റുകൾക്ക് മുൻവർഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വർഷത്തിൽ 67.9 ശതമാനം വളർച്ച കൈവരിക്കാനായെന്നും, പുതിയ എഎംടി മോഡലുകളുടെ വരവോടെ വിൽപ്പന ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിൻ്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അമിത് കാമത് പറഞ്ഞു.
ട്വിൻ-സിലിണ്ടർ സാങ്കേതികവിദ്യ, ഹൈ എൻഡ് ഫീച്ചർ ചോയ്‌സുകൾ, സി.എൻ.ജിയിൽ ഡയറക്ട് സ്റ്റാർട്ട് എന്നിങ്ങനെയുള്ള വൈവിധ്യങ്ങൾ സി.എൻ.ജി വിഭാഗത്തിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോർസിനായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.