മസ്കിനെതിരായ പ്രതിഷേധം കടുത്തു; ടെസ്‌ല കാർ വിൽപനയിൽ ഇടിവ്; ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ച

മസ്കിനെതിരായ പ്രതിഷേധം കടുത്തു; ടെസ്‌ല കാർ വിൽപനയിൽ ഇടിവ്; ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ച

വാഷിംങ്ടൺ: ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 13ശതമാനം ഇടിഞ്ഞ് ​ടെസ്‌ല കാർ വിൽപന. ടെസ്‍ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. സി.ഇ.ഒ ഇലോൺ മസ്‌കിനെതിരെ ഉയർന്നുവരുന്ന പ്രതിഷേധവും വിപണിയിലെ വളരുന്ന മത്സരവും കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ആവശ്യകതയിൽ വലിയ താഴ്ചയുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച, ഈ പാദത്തിൽ 3,36,681 കാറുകൾ വിതരണം ചെയ്തുവെന്നും കഴിഞ്ഞ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 50,000 വാഹനങ്ങൾ കുറവാണെന്നും ടെസ്‌ല റിപ്പോർട്ട് ചെയ്തു. മൂന്ന് വർഷത്തിനിടയിലെ കമ്പനിയുടെ ഏറ്റവും മോശം വിൽപനയായിരുന്നു ഇത്.

യു.എസ് സർക്കാറിന്റെ കാര്യക്ഷമതാ വകുപ്പിന്റെ തലവൻ എന്ന നിലയിൽ മസ്‌കിന്റെ നടപടികളെയും ഡോണാൾഡ് ട്രംപിന്റെ ഭരണത്തിന്റെ നയങ്ങളെയും എതിർത്തവരിൽ നിന്ന് ടെസ്‌ല ഷോറൂമുകൾക്ക് പുറത്ത് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ടെസ്‌ല സൗകര്യങ്ങളും കാറുകളും നശിപ്പിച്ച സംഭവങ്ങൾ അരങ്ങേറി. ഈ സംഭവങ്ങളെല്ലാം ടെസ്‌ല വാങ്ങാൻ ആഗ്രഹിക്കുന്നവരെ അതിൽനിന്ന് നിരുത്സാഹപ്പെടുത്തിയിരിക്കാമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, ടെസ്‌ല അതിന്റെ വിൽപന റിപ്പോർട്ടിൽ കമ്പനിക്കെതിരായ പ്രതിഷേധങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടില്ല. അതേസമയം, ഈ പാദത്തിൽ മോഡൽ Yയിലേക്കുള്ള അപ്‌ഡേഷനെക്കുറിച്ചുള്ള സൂചന നൽകി. അതുമൂലം നാല് ഫാക്ടറികളിലെയും ഉത്പാദനം താൽക്കാലികമായി ആഴ്ചകളോളം നിർത്തിവെച്ചതായും പറയുന്നു.

‘ഈ ഫലങ്ങൾ നേടാൻ സഹായിച്ച ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും വിതരണക്കാർക്കും ഓഹരി ഉടമകൾക്കും പിന്തുണക്കാർക്കും നന്ദി’ എന്നും കമ്പനി അറിയിച്ചു.

സമീപകാലം വരെ എല്ലാ പാദത്തിലും 20 മുതൽ 100 ശതമാനം വരെ വാർഷിക വിൽപന വളർച്ച റിപ്പോർട്ട് ചെയ്തിരുന്ന കമ്പനിക്ക് ഇപ്പോഴുണ്ടായ ഇടിവ് അമ്പരപ്പിക്കുന്നതാണ്. 2020ൽ കോവിഡ് മഹാമാരി സമയത്ത് മാത്രമാണ് ടെസ്‌ലയുടെ ത്രൈമാസ വിൽപനയിൽ ആദ്യത്തെ നേരിയ ഇടിവ് ഉണ്ടായത്. ഉൽപാദനത്തെയും ഡെലിവറികളെയും അടച്ചുപൂട്ടലുകൾ ബാധിച്ചതിനെ തുടർന്നായിരുന്നു അത്.

എന്നാൽ കഴിഞ്ഞ വർഷം, ടെസ്‌ല വിൽപനയിൽ ആദ്യത്തെ വാർഷിക ഇടിവ് റിപ്പോർട്ട് ചെയ്തു. ആദ്യ പാദത്തിൽ ഇത് വർധിച്ചു. ത്രൈമാസ വിൽപ്പന 350,000 ആയി കുറയുമെന്ന് പ്രവചിച്ചിരുന്ന ടെസ്‌ല വിശകലന വിദഗ്ധർ പ്രതീക്ഷിച്ചതിലും മോശമായിരുന്നു ഈ ഇടിവ്.

ട്രംപുമായുള്ള മസ്‌കിന്റെ അടുത്ത ബന്ധം കമ്പനിക്ക് ഗുണകരമായ നയങ്ങൾക്ക് കാരണമാകുമെന്ന പ്രതീക്ഷയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം മൂല്യം ഇരട്ടിയോളം വർധിച്ച ടെസ്‌ല ഓഹരികൾ ഡിസംബറിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരുന്നു. പുതിയ വിൽപ്പന റിപ്പോർട്ടിനെത്തുടർന്ന് ആദ്യ വ്യാപാരത്തിൽ ടെസ്‌ലയുടെ ഓഹരികൾ ഏകദേശം 2 ശതമാനം ഇടിഞ്ഞു. എന്നാൽ, ട്രംപ് ഭരണകൂടത്തിലെ ഔപചാരിക റോളിൽ നിന്ന് മസ്‌ക് പിന്മാറുമെന്നും ഒരു അനൗപചാരിക ഉപദേഷ്ടാവായി തുടരുമെന്നും പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഓഹരികൾ തിരിച്ചുകയറി.

മസ്‌കിന്റെ ‘ബ്രാൻഡ് ടൊർണാഡോ പ്രതിസന്ധി’ വിൽപനയെ ബാധിച്ചുവെന്നും മസ്‌കിന്റെ മറ്റിടങ്ങളിലെ പ്രവർത്തനങ്ങൾ ടെസ്‌ലയെ ദോഷകരമായി ബാധിക്കുന്നുവെന്നും വിശകലന വിദഗ്ധർ ആശങ്ക​പ്പെടുന്നു.

‘ദി സ്ട്രീറ്റിനും യു.എസിനും മോശം ഒന്നാം പാദം വരുമെന്ന് അറിയാമായിരുന്നു. പക്ഷേ ഇത് പ്രതീക്ഷിച്ചതിലും മോശമായിരുന്നു’ ടെസ്‌ലയെ വിമർശിക്കുന്ന വെഡ്ബുഷ് സെക്യൂരിറ്റീസിലെ ഡാൻ ഐവ്സ് ബുധനാഴ്ച ക്ലയന്റുകൾക്ക് അയച്ച കുറിപ്പിൽ പറഞ്ഞു. ‘മസ്‌ക് ടെസ്‌ലക്ക് വരുത്തുന്ന നാശനഷ്ടങ്ങളുടെ ഒരു ഉദാഹരണമായിരുന്നു ഈ പാദം. ബ്രാൻഡ് ടൊർണാഡോ പ്രതിസന്ധിയെ മറികടന്ന് ടെസ്‌ലക്കുള്ള ഇരുണ്ട അധ്യായത്തിന്റെ മറുവശത്തേക്ക് കടക്കാൻ ഈ ഇടിവ് മസ്‌കിന് ബാധ്യതയായി തുടരു’മെന്നും ഡാൻ പറഞ്ഞു.

തന്റെ ഏറ്റുമുട്ടൽ പ്രസ്താവനകൾ, സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ എന്നിവയിലൂടെ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെ എതിർക്കുന്ന ആളുകൾക്കിടയിൽ മസ്‌ക് ഒരു പ്രതിയോഗിയായി മാറുകയാണ്. കഴിഞ്ഞ മാസം നടന്ന ഒരു സി‌.എൻ.‌എൻ വോട്ടെടുപ്പിൽ 35ശതമാനം അമേരിക്കക്കാർ മാത്രമാണ് മസ്‌കിനെക്കുറിച്ച് പോസിറ്റീവ് വീക്ഷണം പ്രകടിപ്പിക്കുന്നതെന്ന് കണ്ടെത്തി. 53ശതമാനം പേർ അദ്ദേഹത്തെ നെഗറ്റീവ് ആയി വിലയിരുത്തുന്നു. ഇത് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനേക്കാൾ ജനപ്രീതിയില്ലാത്തവനാക്കി മസ്കിനെ മാറ്റുന്നു. മസ്‌കിനെക്കുറിച്ചുള്ള നെഗറ്റീവ് അഭിപ്രായങ്ങൾ, പ്രത്യേകിച്ച് ലിബറലുകൾക്കിടയിൽ ടെസ്‌ലയെക്കുറിച്ചുള്ള മോശം വീക്ഷണം രൂപ​പ്പെടുത്തുന്നു. കാർ വാങ്ങൽ വിപണിയിലെ വലിയൊരു വിഭാഗമാണ് ഇവർ.

യു.എസിൽ കാർ വാങ്ങുന്നവരിൽ ഏകദേശം 32ശതമാനം പേർ ടെസ്‌ല വാങ്ങുന്നത് ‘പരിഗണിക്കില്ല’ എന്നാണ് ‘മോർണിംഗ് കൺസൾട്ട്’ നടത്തിയ ഫെബ്രുവരിയിലെ വോട്ടെടുപ്പ് കാണിക്കുന്നത്. ഒരു വർഷം മുമ്പ് ഒരു മോർണിംഗ് കൺസൾട്ട് സർവേയിൽ ഇത് 27ശതമാനം ആയിരുന്നു. 2021 ൽ ഇത് 17ശതമാനവും.

വിപണി അടിസ്ഥാനത്തിൽ ടെസ്‌ല വിൽപന നടത്തുന്നില്ല. എന്നാൽ, യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച് ഭൂഖണ്ഡത്തിൽ മൊത്തത്തിൽ ഇലക്ട്രിക് വാഹന വിൽപ്പന 28 ശതമാനം വർധിച്ചിട്ടും, പാദത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ യൂറോപ്പിൽ മാത്രം വിൽപ്പന 49ശതമാനം കുറഞ്ഞു എന്നാണ്. യൂറോപ്പിൽ മസ്‌കിനോടുള്ള എതിർപ്പായിരിക്കാം ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.

മറ്റ് വാഹന നിർമാതാക്കളിൽ നിന്ന്, പ്രത്യേകിച്ച് ചൈനയിൽ നിന്നും വർധിച്ചുവരുന്ന മത്സരം കാരണവും ടെസ്‌ല തിരിച്ചടി നേരിടുന്നുണ്ട്. ചൈനയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണി. അമേരിക്കക്കു ശേഷം ടെസ്‌ലയുടെ രണ്ടാമത്തെ വലിയ വിപണിയും ചൈനയാണ്. ചൈനീസ് വാഹന നിർമാതാക്കളായ ബി.‌വൈ.‌ഡി ഈ പാദത്തിൽ 416,000ത്തിലധികം ഇലക്ട്രിക് യാത്രാ വാഹനങ്ങളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. ഒരു വർഷം മുമ്പത്തേതിനേക്കാൾ 39ശതമാനമാണ് വർധന. ടെസ്‌ലയെ വീണ്ടും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിൽപനക്കാരായി.

സമീപ വർഷങ്ങളിൽ നിരവധി പാദങ്ങളിൽ ഇ.വി വിൽപനയിൽ ബി.‌വൈ.‌ഡി ടെസ്‌ലയെക്കാൾ മുന്നിലാണ്. എന്നിരുന്നാലും, ടെസ്‌ല മുഴുവൻ വർഷത്തെ വിൽപനയിൽ എപ്പോഴും മുന്നിലായിരുന്നു. എന്നാൽ, നിലവിലെ വിൽപന പ്രവണതകൾ കണക്കിലെടുക്കുമ്പോൾ 2025ൽ ടെസ്‌ലക്ക് ആ കിരീടം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

Tags:    
News Summary - Tesla quarterly sales plunge 13 percent as CEO Elon Musk's backlash grows, weakest in three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.