ഒരേ വാഹനത്തിന്‍റെ രണ്ടോ മൂന്നോ ഷോറൂമുകൾ സന്ദർശിച്ച് എസ്റ്റിമേറ്റ് എഴുതി വാങ്ങുകയും മറ്റെന്തെങ്കിലും പ്രത്യേക ഓഫറുകൾ അവിടുന്ന് വാഹനം എടുത്താൽ കിട്ടുമോയെന്നും ചോദിച്ചു മനസ്സിലാക്കുക. വളരെയധികം മത്സരക്ഷമത നിറഞ്ഞതാണ് വാഹനവിപണിയെന്നതുകൊണ്ടുതന്നെ ഓരോ ഷോറൂമിലും ഓരോ ഓഫറുകളാകും ഉണ്ടാവുക. നമുക്കാവശ്യമുള്ളത് പറയാൻ മടിക്കേണ്ടതില്ല. വിലപേശുകയെന്നത് ഉപഭോക്താവിന്റെ സ്വാതന്ത്ര്യമാണെന്നും നാം കാശെണ്ണി കൊടുത്ത് വാങ്ങുന്ന വാഹനത്തിന് ഡിസ്കൗണ്ട് കിട്ടാൻ നമുക്ക് അർഹതയുണ്ടെന്നും വിചാരിച്ച് തന്നെ വേണം ഷോറൂം സന്ദർശിക്കാൻ. ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യം തീർച്ചയായും പ്രയോജനപ്പെടുത്തുക. തുടർന്ന് ഏത് ഷോറൂമിലാണ് മികച്ച പരിഗണനയെന്ന് കണ്ടെത്തുക.
കഴിയുമെങ്കിൽ ബുക്ക് ചെയ്യും മുമ്പ് നമുക്ക് കിട്ടാൻ പോകുന്ന വാഹനം യാർഡിലുണ്ടെങ്കിൽ കാണണമെന്ന് പറയുകയും കേടുപാടുകൾ, സ്ക്രാച്ച് എന്നിവ പരിശോധിക്കുകയും വേണം. എൻജിൻ നമ്പർ, ഷാസി നമ്പർ എന്നിവ കുറിച്ചുവെക്കുകയും ഡെലിവറി സമയത്ത് അതേ വാഹനമാണ് തരുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യുക. ഇഗ്നീഷ്യൻ കീ ഓൺ ആക്കി കിലോമീറ്റർ റീഡിങ് പരിശോധിക്കുക. പ്രധാന നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഷോറൂമുകളിലാണെങ്കിൽ തീർച്ചയായും കിലോമീറ്റർ റീഡിങ് പൂജ്യം മുതൽ അഞ്ച് വരെയായിരിക്കും. സബ് ഡീലർഷിപ്പുള്ളയിടങ്ങളിൽ മാത്രം ചിലപ്പോൾ വാഹനം റോഡ് മാർഗം ഓടിച്ചായിരിക്കും എത്തിക്കുക. എന്നാൽപോലും റീഡിങ് 50 കിലോമീറ്ററിലധികമാണെങ്കിൽ ആ വാഹനത്തിൽ അധികം താൽപര്യം കാണിക്കേണ്ടതില്ല. വാഹനം സ്റ്റാർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ലൈറ്റുൾെപ്പടെയുള്ള സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
പരിശോധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് വാഹനത്തിന്‍റെ നിർമാണ തീയതി. കാർ വാങ്ങുന്നതിന് തൊട്ടടുത്ത മാസങ്ങളിൽ തന്നെയായിരിക്കണം നിർമാണ തീയതി. തലേവർഷത്തെ മോഡലുകളും മറ്റും വിലക്കുറവിൽ നൽകുകയാണെങ്കിൽ ഷോറൂം നിങ്ങളെ അത് അറിയിച്ചിരിക്കണം. താൽപര്യമുണ്ടെങ്കിൽ മാത്രമേ ആ വാഹനം എടുക്കേണ്ടതുള്ളൂ. മുൻ വർഷങ്ങളിലെ മോഡൽ വിറ്റഴിക്കാനായി ഗംഭീര ഡിസ്കൗണ്ടൊക്കെ നൽകി ഉപഭോക്താവിനെ ആകർഷിക്കാൻ ഡീലർമാർ ശ്രമിക്കാറുണ്ട്. മോഡൽ വർഷം പഴയതാണെന്ന് കൃത്യമായി നമ്മെ അറിയിച്ച ശേഷമാണെങ്കിൽ ഇതിൽ തെറ്റൊന്നുമില്ല.
പുറമേയുള്ള കേടുപാടുകള്‍ മുതല്‍ എളുപ്പം കണ്ടുപിടിക്കാനാകാത്ത എൻജിന്‍ പ്രശ്നങ്ങള്‍ വരെ പുതിയ വാഹനങ്ങളിൽ അപൂര്‍വമായി കണ്ടെത്താറുണ്ട്. മിക്കപ്പോഴും നിര്‍മാണസ്ഥലത്ത് നിന്ന് ഗോഡൗണിലേക്കോ, ഷോറൂമിലേക്കോ മറ്റോ ഉള്ള യാത്രക്കിടെ അശ്രദ്ധയാൽ സംഭവിക്കുന്നതാകും ഈ കേടുപാടുകള്‍.
ഉപയോഗിച്ച വണ്ടിയല്ലെന്ന് ഉറപ്പുവരുത്തുകയാണ് മറ്റൊരു കാര്യം. കമ്പനിയില്‍നിന്ന് എത്തിക്കുന്ന വാഹനങ്ങള്‍ അതേ പുതുമയോടെയാണ് മിക്ക ഷോറൂമുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തുന്നവരുമുണ്ട്. ചില വണ്ടികളെങ്കിലും ഡെമോ (പ്രദർശന വാഹനമായി നാടുനീളെ കൊണ്ടു നടക്കുന്നവ) ആയി ഉപയോഗിക്കുന്നവയായിരിക്കും. കമ്പനി ഘടിപ്പിച്ചിട്ടുള്ള ഓഡോ മീറ്ററുകള്‍ നീക്കംചെയ്ത ശേഷമാണ് മിക്കപ്പോഴും ഡെമോ ആയി ഉപയോഗിക്കുന്നത് എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല.
അടുത്തത് ഒന്നിനും തിടുക്കം കൂട്ടരുത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.