പുതുവർഷത്തിൽ പുത്തൻ ബൈക്കുകളുമായി വാഹനനിര വിപുലപ്പെടുത്തുമെന്ന് റോയൽ എൻഫീൽഡ്. ക്ലാസിക് 350 പരിഷ്കരണം ഉൾപ്പടെ റോയലിന്‍റെ വികസന പദ്ധതികളിൽ ഉൾെപടുന്നു. മുഖം മിനുക്കലും പരിഷ്കരണവുമൊക്കെയായി കുറഞ്ഞത് നാല് മോഡലുകളിലെങ്കിലും മാറ്റങ്ങൾ വരുത്തുമെന്നാണ് റോയൽ എഞ്ചിനീയർമാർ പറയുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് ഓരോ പാദത്തിലും പുതിയ ബൈക്ക് അല്ലെങ്കിൽ വേരിയൻറ് പുറത്തിറക്കുമെന്ന് മെറ്റിയർ 350 ന്‍റെ ലോഞ്ചിനുശേഷം കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രകാരം 2021ൽ നിരവധി പുതിയ ബൈക്കുകളാണ് വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നത്.
നെക്സ്റ്റ്-ജെൻ 2021 ക്ലാസിക് 350
ക്ലാസിക് 350 എന്ന ജനപ്രിയ മോഡലിന്‍റെ പരിഷ്കരണം 2021ൽ ഉണ്ടാകും. പുതിയ ബൈക്ക് നിരവധി തവണ റോഡ് പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. പുതിയ മെറ്റിയോർ 350ൽ കാണുന്ന അതേ എഞ്ചിനാകും ക്ലാസികിനും കരുത്തുപകരുക. മെറ്റിയോറിലെ ട്രിപ്പർ ടേൺ-ബൈ-ടേൺ നാവിഗേഷൻ സവിശേഷതയും പുതിയ ക്ലാസികിൽ ഉൾപ്പെടുത്തും.
റോയലിന്‍റെ 650 സി.സി ഇരട്ടകൾ എന്നറിയപ്പെടുന്ന ഇന്റർസെപ്റ്ററും കോണ്ടിനെന്‍റൽ ജിടിയും 2021ൽ മുഖംമിനുക്കുമെന്നും സൂചനയുണ്ട്. നാവിഗേഷൻ പോലെയുള്ള ആധുനിക സവിശേഷതകൾ തന്നെയാകും ഇവിടേയും പരിഷ്കരണമായി വരിക. മറ്റൊരു സാധ്യത ഹണ്ടർ എന്ന പുതിയ ബൈക്കിന്‍റെ അവതരണമാണ്. 350 സിസി കരുത്തുള്ള റെട്രോ ക്ലാസിക് ബൈക്കാണ് ഇതെന്നാണ് അഭ്യൂഹങ്ങൾ. ക്ലാസിക് 350 മായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ ഒതുക്കമുള്ളതും ആധുനികവുമായിരിക്കും.
650 സിസി ക്രൂസർ
അപ്‌ഡേറ്റുചെയ്‌ത 650 സിസി ട്വിൻസിനുപുറമെ റോയൽ എൻഫീൽഡ് അടുത്ത വർഷം ഇരട്ട സിലിണ്ടർ ക്രൂസർ മോഡലും അവതരിപ്പിച്ചേക്കാം. റോഡ് പരിശോധനകൾക്കിടയിൽ ഇതേ ബൈക്ക് നിരവധിതവണ വെളിപ്പെട്ടിരുന്നു. ടിയർഡ്രോപ്പ് ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, അലോയ് വീലുകൾ എന്നിവ ഇതിൽ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ഇതിന് 'റോഡ്സ്റ്റർ' എന്നാണ് റോയൽ ആരാധകർ പേരിട്ടിരിക്കുന്നത്.
അതുപോലെ തന്നെ പുതിയ ഹിമാലയൻ മോഡൽ റോയൽ വികസിപ്പിക്കുന്നതായും വിവരമുണ്ട്. ഇത് 650 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നിലവിലെ ഹിമാലയന്‍റെ ഹാർഡ്‌കോർ പതിപ്പാണിതെന്ന് അഭ്യൂഹമുണ്ട്. മോഡലിന്‍റെ ഔദ്യോഗിക നാമം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.