ഹൈലക്സ് പിക്കപ്പ് ട്രക്കിനുള്ള ബുക്കിങ് വീണ്ടും ആരംഭിച്ചെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) അറിയിച്ചു. ഉയർന്ന ഡിമാൻഡ് കാരണം ഹൈലക്‌സ് ബുക്കിങ് നേരത്തേ താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതാണിപ്പോൾ പുനരാരംഭിച്ചത്. തങ്ങളുടെ വെബ്‌സൈറ്റ് വഴിയും ഡീലർഷിപ്പുകളിലും വാഹനം ഇപ്പോൾ ബുക്ക് ചെയ്യാമെന്നും ടൊയോട്ട അറിയിച്ചു.
ഇന്ത്യയിലെ ലൈഫ് സ്‌റ്റൈല്‍ യൂട്ടിലിറ്റി വാഹന നിരയിലേക്ക് ടൊയോട്ട കൊണ്ടുവന്ന മോഡലായിരുന്നു ഹൈലക്‌സ്. അത്യാവശ്യം ഒരു പിക്കപ്പായും എസ്.യു.വിയായുമൊക്കെ ഉപയോഗിക്കാവുന്ന കരുത്തന്‍ രൂപമാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 33.99 ലക്ഷം രൂപ മുതൽ 36.80 ലക്ഷം വരെയുമുള്ള എക്സ്ഷോറൂം വിലയിൽ ഹൈലക്സ് സ്വന്തമാക്കാനാവും.
ഹൈലക്‌സ് ഇന്ത്യയിൽ ഡബിൾ ക്യാബ് കോൺഫിഗറേഷനിൽ ലഭ്യമാണ്. ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഹൈലക്‌സും നിർമിച്ചിരിക്കുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ നിർമിക്കുന്ന IMV-2 ആർക്കിടെക്ച്ചറാണ് ഹൈലക്സും പങ്കിടുന്നത്. ഇനോാവയേക്കാൾ 530 മില്ലീമീറ്റർ നീളവും ഫോർച്യൂണറിനേക്കാൾ 340 മില്ലീമീറ്റർ വീൽബേസും വാഹനത്തിനുണ്ട്.
ഡബിൾ ക്യാബ് ബോഡി സ്റ്റൈലിൽ മാത്രം ഇന്ത്യയിൽ വില്പനക്കെത്തുന്ന ഹൈലക്സിന് 5,325 എം.എം നീളവും 1,855 എം.എം വീതിയും 1,815 എം.എം ഉയരവും 3,085 എം.എം വീൽബേസുമുണ്ട്. 2.8 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനിനാണ് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്.
ടൊയോട്ട ഹൈലക്‌സിന്റെ മൂന്ന് വേരിയന്റുകളിലും 4x4 ഡ്രൈവ്‌ട്രെയിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. പവർ, ഇക്കോ തുടങ്ങിയ ഒന്നിലധികം ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. സെഗ്‌മെന്റ് ലീഡിങ് ഫീച്ചറുകളായി ടയർ ആംഗിൾ മോണിറ്ററിങ് സിസ്റ്റവും ഫ്രണ്ട് പാർക്കിങ് സെൻസറുകളും വാഹനത്തിലുണ്ട്.
എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ (DRL), ക്യാബിനിനുള്ളിൽ ലെതർ സീറ്റുകൾ, ഡ്യുവൽ സോൺ ഫുൾ ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, സ്മാർട്ട് എൻട്രി, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നിവയും പിക്കപ്പ് ട്രക്കിന് ലഭിക്കും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ ടാബ്‌ലെറ്റ് ശൈലിയിലുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വിനോദവും തടസമില്ലാത്ത കണക്റ്റിവിറ്റി സാങ്കേതികവിദ്യയും നൽകും.
സുരക്ഷയുടെ കാര്യത്തിലും ടൊയോട്ട ഹൈലക്‌സ് കേമനാണ്. ഏഴ് എസ്ആർഎസ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ട്രാക്ഷൻ കൺട്രോൾ (TC), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, പ്രതികൂല കാലാവസ്ഥയിലും റോഡ് സാഹചര്യങ്ങളിലും വാഹന നിയന്ത്രണം നിലനിർത്തുന്നതിനുള്ള ഒരു കൂട്ടം ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവ കമ്പനി വാഗ്‌ദാനം ചെയ്യുന്നു.
ഇന്ത്യൻ വാഹന വിപണയിൽ അധികം നിർമാതാക്കൾ പരീക്ഷിച്ചു നോക്കാത്ത ഒരു സെഗ്മെന്റാണ് പിക്കപ്പ് ട്രക്കുകളുടേത്. ഇസുസുവിന്റെ ഡി-മാക്‌സ് വി-ക്രോസ് മാത്രമാണ് ഈ സെഗ്മെന്റിൽ ഇതുവരെ വന്നിട്ടുള്ളത്. മഹീന്ദ്രയുടെ സ്കോർപിയോ ഗെറ്റ്എവേ ഒരു കാലത്ത് വിപണിയിലുണ്ടായിരുന്നെങ്കിലും പിന്നീടത് നിർത്തലാക്കി. നിലവിൽ വൻ ഡിമാൻഡാണ് ഹൈലക്സിന് രാജ്യത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.