ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വില കുറയ്ക്കുന്ന ട്രെൻഡാണ് അടുത്തിടെയായി വാഹന വിപണിയിൽ കണ്ടുകൊണ്ടിരുന്നത്. ഒല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടി.വി.എസ്, ഹീറോ തുടങ്ങിയ കമ്പനികള്‍ എല്ലാം ഇ.വികൾക്ക് വില കുറയ്ക്കുകയോ വില കുറഞ്ഞ വേരിയന്റുകൾ പുറത്തിറക്കുകയോ ചെയ്തിരുന്നു. ഹീറോ കമ്പനി വിദ ഇ.വിക്ക് കഴിഞ്ഞ ദിവസമാണ് വൻ വിലക്കുറവ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രമുഖ ഇലക്‌ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ടി.വി.എസ് തങ്ങളുടെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍.
ചാർജർ വിലകൂടി ഈടാക്കാനാണ് വില വർധനയെന്നാണ് കമ്പനിയുടെ വിശദീകരണം. കമ്പനി വെബ് സൈറ്റിൽ വാഹന വില വ്യത്യാസപ്പെട്ടിട്ടുണ്ട്. ഐ ക്യൂബ് സ്റ്റോന്റേർഡ് വേരിയന്റിന് ഇനിമുതൽ 1.66 ലക്ഷവും ഐ ക്യൂബ് എസിന് 1.68 ലക്ഷവും ആണ് വിലവരുന്നത് (ഫെയിം സബ്സിഡി ഇല്ലാതെ). ചാര്‍ജര്‍ കൂടാതെ 1.56 ലക്ഷം രൂപയായിരുന്നു ഐക്യൂബിന്റെ പ്രാരംഭ വില. ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം 650 വാട്ട് ചാര്‍ജര്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 9,000 രൂപയുടെ വില വർധനയാണ് ഉണ്ടായത്. ഫെയിം സബ്സിഡി ഉൾപ്പടെ വരുമ്പോൾ ബംഗളൂരുവിൽ ഐ ക്യൂബിന് 1.21 ലക്ഷം രൂപ ഓൺറോഡ് വിലവരും.
സംസ്ഥാന സബ്‌സിഡികള്‍ക്ക് അനുസരിച്ച് വാഹനത്തിന്റെ വില ഇന്ത്യയിലുടനീളം പിന്നേയും വ്യത്യാസപ്പെടും. 51,000 രൂപയാണ് ടി.വി.എസ് ഐക്യൂബിന് ഫെയിം സബ്‌സിഡി ലഭിക്കുന്നത്. എന്നാല്‍ കേരളത്തിലും കര്‍ണാടകയിലുമൊന്നും സംസ്ഥാന സബ്‌സിഡികള്‍ ലഭ്യമല്ല. ഡല്‍ഹിയില്‍ ഐക്യൂബിന് 17,000 രൂപയുടെ സംസ്ഥാന സബ്സിഡി ലഭിക്കും. സംസ്ഥാന സബ്‌സിഡി കൂടി ചേരുന്നതോടെ ഡല്‍ഹിയില്‍ സ്കൂട്ടറിന്റെ വില 1.06 ലക്ഷം രൂപയാണ് വരുന്നത്.
2020 ലാണ് ടിവിഎസ് ഐക്യൂബ് പുറത്തിറങ്ങിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ലക്ഷം യൂനിറ്റ് വില്‍പ്പന സ്വന്തമാക്കാന്‍ ഐക്യൂബിനായിരുന്നു. ടിവിഎസ് ഐക്യൂബ്, ഐക്യൂബ് S വേരിയന്റുകള്‍ 3.4 kWh ബാറ്ററി പായ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ചാര്‍ജില്‍ സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7.0 ഇഞ്ച് TFT ഡിസ്പ്ലേ, റിവേഴ്സ് പാര്‍ക്കിംഗ്, HMI കണ്‍ട്രോള്‍ എന്നിവയാണ് ഐക്യൂബിന്റെ പ്രധാന സവിശേഷതകള്‍. 17 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജുമായാണ് സ്കൂട്ടർ എത്തുന്നത്. 6.0 bhp പവറും 140 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള BLDC ഇലക്ട്രിക് മോട്ടോറാണ് ഐക്യൂബിന്റെ രണ്ട് വേരിയന്റുകള്‍ക്കും തുടിപ്പേകുന്നത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് പരമാവധി വേഗത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.