ടി.വി.എസിന്‍റെ പുതിയ സ്‌കൂട്ടർ ഈ മാസം 19ന്; സസ്പെൻസ് വിടാതെ ലോഞ്ചിങ് തയാറെടുപ്പ്

സ്‌കൂട്ടർ വിപണിയിലേക്ക് പുതിയ വാഹനം അവതരിപ്പിക്കാൻ ടിവിഎസ് മോട്ടോർ കമ്പനി തയ്യാറെടുക്കുന്നതായി സൂചന. ഈ മാസം 19ന് തമിഴ്നാട്ടിലെ ഹൊസൂരിലെ പ്ലാന്റിൽ വെച്ചായിരിക്കും വാഹനത്തിന്റെ ലോഞ്ചിങ്. മാധ്യമങ്ങൾക്കു ലഭിച്ച ക്ഷണക്കത്തിൽ പുതിയ ഉൽപന്നത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ലെങ്കിലും ഇത് സ്‌കൂട്ടറാണെന്ന് കരുതാം. പുതിയ എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ് കാണിക്കുന്ന ടീസർ മീഡിയ ഇൻവൈറ്റിന്റെ കൂടെ ഉണ്ടായിരുന്നതു മാത്രമാണ് വഹനത്തെക്കുറിച്ചുള്ള ക്ലൂ. ടിവിഎസ് റിസർച്ച് ടീം സി.എൻ.ജി ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ടൂവീലറിന് പിന്നിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ആ വഹനമാണോ ഇതെന്നും സംശയിക്കാവുന്നതാണ്.

വരാൻ പോകുന്നത് ടി.വി.എസ് ജൂപിറ്ററിന്റെ സി.എൻ.ജി പതിപ്പാണോ അതോ ജനപ്രിയ സ്‌കൂട്ടറിന്റെ തന്നെ ഫെയ്സ്ലിഫ്റ്റ് പതിപ്പാണോ ഇതെന്നുമാണ് വാഹനപ്രേമികൾ ഉറ്റുനോക്കുന്നത്. പുതിയ ഉൽപന്നത്തെ കുറിച്ചുള്ള ടീസറുകളും ലോഞ്ച് ക്യാമ്പയ്‌നുകളും ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. സിഎൻജി മോഡൽ എത്താൻ കൂടുതൽ സമയമെടുത്തേക്കാവുന്നതിനാൽ പുതുതായി വന്ന ടീസർ മുഖംമിനുക്കിയെത്തുന്ന ജൂപിറ്റർ 110 ആകാനാണ് കൂടുതൽ സാധ്യത. ഇന്ത്യൻ സ്‌കൂട്ടർ സെഗ്മെന്റിലെ കിരീടം വെക്കാത്ത രാജാവായ ഹോണ്ട ആക്ടിവയുമായി മികച്ച മത്സരമാണ് ജൂപിറ്റർ കാഴ്ചവെക്കുന്നത്.

ഡിസൈനിൽ പരിഷ്‌കാരങ്ങളുമായാകും 2024 ടി.വി.എസ് ജൂപിറ്റർ എത്തുക. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, ഇന്റഗ്രേറ്റഡ് കർവ്ഡ് എൽ.ഇ.ഡി ഡി.ആർ.എല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബോഡി പാനലുകൾ എന്നിവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിനെ കൂടുതൽ യൂത്ത്ഫുൾ ആക്കാൻ വേണ്ടി പുതിയ നിറങ്ങളും ബോഡി ഗ്രാഫിക്സും സമ്മാനിച്ചേക്കാനും സാധ്യതയുണ്ട്.

മെക്കാനിക്കലായി മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. 109.7 സി.സി എയർ കൂൾഡ് സിംഗ്ൾ സിലിൻഡർ എൻജിൻ തന്നെയാകും വാഹനത്തിന്റെ ഹൃദയം. എൻജിൻ സി.വി.ടി ഗിയർ ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. വാഹനം 7.77 ബി.എച്ച് പവറും 5,500 ആർ.പി.എമ്മിൽ 8.8 എൻ.എം ടോർക്കുമാണ് സൃഷ്ടിക്കുന്നത്. സ്‌കൂട്ടറിന്റെ സസ്‌പെൻഷനിലും ബ്രേക്കിങ്ങിലും ചെറിയ പരിഷ്‌ക്കാരങ്ങൾ പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന മോഡലിൽ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉണ്ടാവാൻ സാധ്യതയുണ്ട്. പുതിയ മോഡലിന്റെ വില വർധിച്ചേക്കാനുള്ള സാധ്യതയും തള്ളാനാവില്ല.

Tags:    
News Summary - TVS Motors to launch new vehicle on 19th July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.