റോയൽ എൻഫീൽഡിന്‍റെ അഡ്വഞ്ചർ ബൈക്കായ ഹിമാലയന്‍റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. പുതുതായി രണ്ട് നിറങ്ങളും നാവിനേഷൻ സൗകര്യങ്ങളുമായി ചില്ലറ മാറ്റങ്ങളോടെയാണ് ഹിമാലയൻ എത്തിയിരിക്കുന്നത്. ഗ്രാനൈറ്റ് ബ്ലാക്, പൈൻ ഗ്രീൻ എന്നീ നിറങ്ങളിലും ഇനിമുതൽ ഹിമാലയൻ ലഭിക്കും. ടാങ്കിന് ചുറ്റുമുള്ള ഫ്രെയിമിന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
മീറ്റിയോറിൽ കണ്ട ട്രിപ്പർ നാവിഗേഷൻ ഹിമാലയനിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റമാണിത്. ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോൺ കണക്ട് ചെയ്തശേഷം ഇത് റോയൽ എൻഫീൽഡ് അപ്ലിക്കേഷനോട് ചേർന്ന് പ്രവർത്തിക്കുന്നു. എന്നാൽ സ്ക്രീനിൽ ഇൻകമിങ് സന്ദേശങ്ങളോ കോളുകളോ പ്രദർശിപ്പിക്കില്ല. ഒരുവർഷം മുമ്പ് ബിഎസ് ആറിലേക്ക് മാറുന്നതിനിടയിൽ ചില പരിഷ്കാരങ്ങൾക്ക് ബൈക്ക് വിധേയമായിരുന്നു. അതുകഴിഞ്ഞാണ് ഇപ്പോൾ പുതിയ പതിപ്പ് വരുന്നത്.
അപ്ഡേറ്റ് ചെയ്ത ഹിമാലയന്‍റെ വില 2.01 ലക്ഷം രൂപയിൽ ആരംഭിക്കും. മുൻഗാമിയേക്കാൾ 10,000 രൂപ കൂടുതലാണിത്. ഉപഭോക്താക്കളുടെ നിർദേശങ്ങൾകൂടി കണക്കിലെടുത്താണ് ഹിമാലയനിൽ ചില മാറ്റങ്ങൾ എൻഫീൽഡ് വരുത്തിയിരിക്കുന്നത്. ടാങ്കിന്‍റെ മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന മെറ്റൽ ഫ്രെയിം ഇങ്ങിനെ പരിഷ്കരിച്ചിട്ടുണ്ട്. നേരത്തേ ഉള്ള ഫ്രെയിം ഉയരമുള്ള യാത്രക്കാരുടെ കാൽമുട്ടുകളിൽ തട്ടുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഈ പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഹിമാലയന് പുറമെ പുതിയ ക്ലാസിക് 350, 650 സിസി ക്രൂസർ തുടങ്ങി നിരവധി പുതിയ ബൈക്കുകൾ വിപണിയിലെത്തിക്കാനും റോയൽ എൻഫീൽഡിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.