ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന വോൾവൊ പാസഞ്ചർ വാഹനങ്ങളിലൊന്നായ എസ് 60 ഇന്ത്യയിൽ. പൂണമായും നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് എസ് 60 സെഡാൻ. 45.9ലക്ഷമാണ് എസ് 60ക്ക് വിലയിട്ടിരിക്കുന്നത്. പതിവുപോലെ ക്രാഷ് ടെസ്റ്റുകളിൽ മിന്നുന്ന പ്രകടനവുമായാണ് വോൾവൊ എത്തുന്നത്. കർശന നിയമങ്ങൾ ഉൾക്കൊള്ളുന്ന യൂറോ എൻസിഎപിയിലാണ് എസ് 60 അഞ്ച് സ്റ്റാർ റേറ്റിങ് നേടിയത്. വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഡെലിവറികൾ മാർച്ച് പകുതിയോടെ ആരംഭിക്കും. 190 എച്ച്പി, 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിലുള്ളത്. 300 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. കമ്പനിയുടെ സ്കേലബിൾ പ്രൊഡക്റ്റ് ആർക്കിടെക്ചറിനെ (എസ്പിഎ) അടിസ്ഥാനമാക്കിയാണ് എസ് 60 നിർമിച്ചിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 9.35 സെക്കൻഡ് മതി. ടോപ്പ് സ്പീഡ് 180 കിലോമീറ്ററിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.
ഒരേയൊരു വേരിയന്‍റ്
ടി 4 ഇൻസ്ക്രിപ്ഷൻ എന്ന ഒറ്റ വേരിയന്‍റിലാണ് വാഹനം ലഭ്യമാവുക. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 9.0 ഇഞ്ച് പോർട്രെയിറ്റ്-സ്റ്റൈൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ്, റിവേഴ്‌സ് ക്യാമറ, ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ എസ് 60ക്കുണ്ട്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, സ്പീഡ് അലേർട്ട്, ഡ്രൈവർ അലേർട്ട് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ സജീവവും കാര്യക്ഷമവുമായ സുരക്ഷാ സവിശേഷതകൾ എസ് 60ക്കുണ്ട്.
എതിരാളികൾ
പുതിയ വോൾവോ എസ് 60ക്ക് എതിരാളികളുടെ വൻനിരയാണുള്ളത്. ബിഎംഡബ്ല്യു 3 സീരീസ്, ഓഡി എ 4 എന്നിവയുടെ എൻട്രി ലെവൽ പതിപ്പുകളേക്കാൾ ചെലവേറിയതാണ് എസ് 60. മെഴ്സിഡസ് ബെൻസ് സി-ക്ലാസ്, ജാഗ്വാർ എക്സ്ഇ എന്നിവയും വോൾവോയുടെ പ്രധാന എതിരാളിയാണ്. സമ്പൂർണ്ണമായി ഇറക്കുമതി ചെയ്യുന്ന വാഹനമാമെന്ന പരിമിതി എസ് 60യുടെ വിലയിൽ പ്രതിഫലിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.