കോഴിക്കോട്: അരുണാചൽ പ്രദേശ് ടൂറിസവും അരുണാചൽ പ്രദേശ് മോട്ടോർസ്പോർട്സ് ക്ലബ്ബും, ജെ.കെ ടയേർസും സംയുക്തമായി സംഘടിപ്പിച്ച 2022 ഓറഞ്ച് 4X4 ഫ്യൂറി അഖിലേന്ത്യ എക്സ്ട്രീം ഓഫ്‌റോഡ് മത്സരത്തിൽ മലയാളികൾക്ക് കിരീടം. കേരളത്തിൽ നിന്നും പങ്കെടുത്ത ടീം ഗൾഫ് ഫസ്റ്റാണ് ഒന്നാം സ്ഥാനം നേടിയത്. ഷെമി മുസ്തഫ (കോട്ടയം), ഡോ. മുഹമ്മദ് ഫഹദ് (മലപ്പുറം), സിറാജ് (വയനാട്), രാജീവ് ലാൽ (കോഴിക്കോട്) എന്നിവരടങ്ങിയ ടീമിന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ട്രോഫികൾ കൈ മാറി.
അഖിലേന്ത്യാ തലത്തിൽ ഏറ്റവും കാഠിന്യവും അപകടം നിറഞ്ഞതുമായി മത്സരങ്ങളിൽ ഒന്നാണിത്. ബ്രഹ്മപുത്രാ നദീതടത്തിലും സമീപ വനങ്ങളിലുമായി കഴിഞ്ഞ മാർച്ച് 2,3,4 തീയതികളിലായിരുന്നു മത്സരം. 65 കിലോമീറ്ററുകളോളം വരുന്ന 3 സ്പെഷ്യൽ സ്റ്റേജുകളായിരുന്നു. ഗൾഫ് ഫസ്റ്റ് ടീം ഏറ്റവും കുറഞ്ഞ സമയത്തിൽ ലക്ഷ്യ സ്ഥാനത്തെത്തിയാണ് വിജയം നേടിയത്. ഈ മത്സരത്തിൽ ആദ്യമായാണ് കേരളത്തിലേക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നതെന്ന് ടീം അംഗങ്ങൾ പറഞ്ഞു.
'ഓഫ് റോഡ് സ്പെഷലിസ്റ്റ്'
ഓഫ് റോഡ് മത്സരങ്ങളിലെ എക്സ്ട്രീം ഇവന്‍റിൽ സജീവ സാന്നിധ്യമാണ് ദുബൈ പ്രവാസിയായ ഷെമി മുസ്തഫ. അദ്ധേഹത്തിന്‍റെ ഗള്‍ഫ് ഫസ്റ്റ് എന്ന ഷിപ്പിംഗ് കമ്പനിയാണ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തത്. 2016മുതൽ മലപ്പുറം ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ശിശുരോഗ വിഭാഗം ആയുര്‍വേദ ഡോക്ടറാണ് മുഹമ്മദ് ഫഹദ്. 2016ലാണ് മത്സരരംഗത്ത് സജീവമാകുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ രാജീവ് ലാലാണ് ഫഹദിന്‍റെ സഹ ഡ്രൈവർ. കെ.ടി.എം ജീപ്പേഴ്‌സ്, കെഎല്‍10 ഓഫ്‌റോഡ് ക്ലബ് എന്നീ മോട്ടോര്‍സ്‌പോര്‍ട്‌സ് ക്ലബുകളില്‍ അംഗമാണ് ഫഹദ്. സിറാജിന് ബംഗ്ലൂരിൽ ബിസിനസാണ്.
ഓഫ് റോഡ് പുലികളായ 'സ്ലോത്തും' 'വിറ്റ്സി'യും
ഓഫ്റോഡിനായി പ്രത്യേകം പണിത സ്ലോത്ത്, വിറ്റ്സി എന്നീ വാഹനങ്ങളുമായായിരുന്നു മത്സരത്തിനിറങ്ങിയത്. ഏത് ചെങ്കുത്തായ കയറ്റവും ദുർഘടമായ പാതകളും നിഷ്പ്രയാസം കയറാൻ കെൽപ്പുള്ള വാഹനങ്ങളാണിത്. കറയാനും ഇറങ്ങാനും സഹായിക്കാൻ ബാക്കിൽ ട്രിപ്പിൾ, ഫ്രണ്ടിൽ ഡബിൾ മോട്ടോർ വിഞ്ചുകളും ഇവയുടെ കരുത്താണ്. ഫോര്‍ച്യൂണറിന്‍റെ എൻജിനും ഗിയര്‍ ബോക്‌സുമാണ് സ്ലോത്തിൽ. ഇന്ത്യയിലെ തന്നെ പ്രമുഖ ഓഫ്‌റോഡ് ബില്‍ഡറായ പഞ്ചാബിലെ സര്‍ബ്ലോഹ് മോട്ടോഴ്‌സാണ് നിർമാതാക്കൾ. ഏതാണ്ട് 40 ലക്ഷത്തോളമാണ് സ്ലോത്തിന്‍റെ നിർമ്മാണ ചെലവ്. ഡീസൽ ക്ലാസ് മത്സരത്തിനുള്ള 'കൊളോസസും' ഫഹദിന്‍റെ കൂടെയുണ്ട്.
നേട്ടങ്ങളുടെ ട്രാക്കിൽ
തിരൂർ ഓഫ് റോഡ് ജംബോരിയിൽ ഒന്നാം സ്ഥാനം, ബെംഗളൂരുവില്‍ നടന്ന മഹീന്ദ്ര ക്ലബ് ചലഞ്ചില്‍ വിജയിച്ച വയനാട് ജീപ്പേഴ്‌സ് ടീം അംഗം, കട്ടപ്പന ഓഫ് റോഡ് ചലഞ്ച്- ഡീസല്‍ ക്ലാസ്(റണ്ണര്‍ അപ്പ്), ആര്‍ ആന്‍റ് ടി സമ്മര്‍ ചലഞ്ച്- ഡീസല്‍ ക്ലാസ്(റണ്ണര്‍ അപ്പ്), തൃക്കൂര്‍ വിങ്‌സ് ഓഫ് ഹെല്‍പ് ഓഫ്‌റോഡ് ചലഞ്ച് - ഡീസല്‍ കാറ്റഗറി (റണ്ണര്‍ അപ്പ്), കോട്ടക്കലില്‍ ചെറുവാടി ഓഫ് റോഡ് ക്ലബ് നടത്തിയ മഡ് വാറില്‍ ഡീസല്‍ ക്ലാസില്‍ റണ്ണര്‍ അപ്പ്, തിരൂരില്‍ എം.ഒ.എ.സി നടത്തിയ ഓട്ടോ ക്രോസില്‍ റണ്ണര്‍ അപ്പ്, വയനാട് ജീപ്പേഴ്‌സിന്‍റെ സമ്മര്‍ ചലഞ്ച്- എക്‌സ്ട്രീം ക്ലാസ്(വിന്നര്‍), കോഴിക്കോട് ഫ്‌ളൈ വീല്‍ ഓട്ടോ ഓഫ് റോഡ് ചലഞ്ച്(ബെസ്റ്റ് ഡ്രൈവര്‍), കട്ടപ്പനയില്‍ നടന്ന മഡ്ഡി ചലഞ്ചില്‍ ഡീസല്‍ ക്ലാസില്‍ റണ്ണര്‍ അപ്പ്, വാഗമണ്‍ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ് മോഡിഫൈഡ് ക്ലാസില്‍ ജയം, മൂന്നാറില്‍ കെ.എ.എസ്.സി സംഘടിപ്പിച്ച കേരള അഡ്വെഞ്ചര്‍ ട്രോഫിയില്‍ ഡീസല്‍ വിഭാഗത്തില്‍ ജേതാവ്, കാക്കനാട് വി12 ഡീസല്‍ ക്ലാസില്‍ റണ്ണര്‍ അപ്പ്, ഏറ്റുമാനൂര്‍ വി 12 ഓഫ് റോഡ് റേജില്‍ ഓപ്പണ്‍ ക്ലാസില്‍ ജേതാവ്, വാഗമണിലെ ആദ്യ എൽ.ഓ.എന്നില്‍ ഡീസല്‍ ക്ലാസ് ജേതാവ്, കഴിഞ്ഞ മാർച്ച് 6ന് മംഗലാപുരത്ത് നടന്ന ഇവന്‍റിൽ ഡീസൽ ക്ലാസിൽ ഫസ്റ്റ് എന്നിങ്ങനെ ഫഹദിന്‍റെ നേട്ടങ്ങളുടെ ട്രാക്ക് നീളുന്നു. ഷെമി മുസ്തഫ തന്നെയാണ് ഫഹദിന് 'കട്ട' പിന്തുണയുമായി കൂടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.