ജിദ്ദ: ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രക്ക് സൗദി അറേബ്യയിലെ നിരത്തിലിറങ്ങി. അൽമജ്ദൂയി ലോജിസ്റ്റിക്സ് കമ്പനിയുമായി സഹകരിച്ച് സൗദി പൊതുഗതാഗത അതോറിറ്റിയാണ് പരീക്ഷണാർഥത്തിൽ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കിയത്. കാർബൺരഹിത അന്തരീക്ഷം സാധ്യമാക്കുന്നതിനുള്ള ‘വിഷൻ 2030’ന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളിലൊന്നാണിതെന്ന് അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ഹൈഡ്രജൻ ട്രക്കിന് ഓടുമ്പോൾ കാർബൺ ഉദ്വമനം ഉണ്ടാവുന്നില്ല. രാജ്യത്തിന്റെ സുസ്ഥിര വികസന സംരംഭങ്ങൾക്ക് അനുയോജ്യവും ഗതാഗത വികസനത്തിനും ലോജിസ്റ്റിക്സിനുമുള്ള ദേശീയ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്ക് ഇത് മുതൽക്കൂട്ടാവുമെന്നും കൂട്ടിച്ചേർത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചരക്കുകൾ കൊണ്ടുപോകാൻ രൂപകൽപന ചെയ്തതാണ് ട്രക്ക്. 400 കിലോമീറ്ററിൽ കൂടുതൽ ദീർഘദൂര യാത്ര നടത്താനുള്ള ഇന്ധനശേഷിയുണ്ട്. ട്രക്കുകൾ ഓടിക്കുന്നതിനും ഹൈഡ്രജൻ ഇന്ധനം നിറക്കുന്നതിനും എയർ പ്രൊഡക്റ്റ്സ് ഖുദ്റ എന്ന കമ്പനിയുമായി അൽമജ്ദൂയി ലോജിസ്റ്റിക്സ് കമ്പനി സഹകരണ കരാറുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.