എ.ബി.എസ്​ രക്ഷയായി; ബൈക്ക്​ യാത്രികൻ അപകടത്തിൽനിന്ന്​ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​ - വിഡിയോ

ഇരുചക്ര വാഹനങ്ങളിൽ എ.ബി.എസ്​ ഉള്ളത്​ എത്രമാത്രം സുരക്ഷ നൽകുമെന്ന്​ കാണിക്കുന്ന വിഡിയോ വൈറൽ. നിലവിൽ രാജ്യത്ത്​ ഇറങ്ങുന്ന വിലകൂടിയതും പെർഫോമൻസ് സ്വഭാവമുള്ളതുമായ എല്ലാ ബൈക്കുകൾക്കും എ.ബി.എസ് സ്റ്റാൻഡേർഡ് ഫീച്ചർ കൂടിയാണ്. ഇന്ത്യൻ റോഡുകളിൽ എ.ബി.എസിന്‍റെ ഉപയോഗം എത്രമാത്രമാണെന്ന്​ കാണിക്കുന്ന വിഡിയോയാണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​.

ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞ വാഹനത്തിന്‍റെ പിന്നിലായി വന്ന യമഹ R15 റൈഡർ കഷ്ടിച്ച് രക്ഷപ്പെടുന്നതാണ്​ വിഡിയോയിലുള്ളത്​. തമിഴ്‌നാട്ടിലെ രണ്ടുവരി പാതയിലാണ് അപകടമുണ്ടായത്. യമഹ R15 V4 മോട്ടോർസൈക്കിളിലായിരുന്നു റൈഡർ. 124 കിലോമീറ്റർ സ്പീഡിലായിരുന്നു ബൈക്ക്​ കുതിച്ചിരുന്നത്​. പെട്ടെന്നാണ് ഇൻഡിക്കേറ്റർ ഇടാതെ മുന്നിൽ പോയ ടാറ്റ എയ്സ് വശത്തേക്ക് തിരിഞ്ഞത്.


പെട്ടെന്ന് തന്നെ റൈഡർ ബ്രേക്ക് ഇടുകയും വേഗത കുറയ്ക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. ഡ്യുവൽ ചാനൽ എബിഎസ് ആയത് കൊണ്ട് പെട്ടെന്ന് തന്നെ 60 കിലോമീറ്റർ വേഗതയിലേക്ക് കുറയുകയും ബൈക്ക് എയ്​സിൽ ചെറുതായി ഇടിക്കുകയും ചെയ്തു. ഗുരുതരമായ അപകടം നടക്കേണ്ടത്​ മികച്ച സാ​ങ്കേതികവിദ്യ കാരണം കുറഞ്ഞ അളവിലായതാണ്​ വിഡിയോയിൽനിന്ന്​ മനസിലാകുന്നത്​.

എന്താണ്​ എ.ബി.എസ്​

വാഹന സുരക്ഷയ്ക്ക് പ്രധാനമാണ് എ.ബിഎസ്. വളരെ വര്‍ഷങ്ങളായി എബിഎസ് കാറുകളില്‍ ഇടം പിടിച്ചിട്ട്. വലിയ വാഹനങ്ങളിലും സുരക്ഷയുടെ ഭാഗമായി എബിഎസുണ്ട്. 

വിമാനങ്ങളിൽ ഉപയോഗിക്കുന്നതിന്​ 1929 ൽ ഗബ്രിയേൽ വോയ്‌സിൻ കണ്ടുപിടിച്ചതാണ് എ.ബിഎസ് അഥവാ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം. 1958ൽ റോയൽ എൻഫീൽഡിന്റെ മീറ്റോർ മോട്ടോർസൈക്കിൾ, 1960 ഫോർഡ് സോഡിയാക്ക്, ഫെർഗൂസൺ പി99 തുടങ്ങിയ വാഹനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ എ.ബിഎസ് ഉപയോഗിച്ചിരുന്നെങ്കിലും പൂർണമായും പ്രവർത്തനക്ഷമമായ എ.ബിഎസ് ആദ്യം ഉപയോഗിച്ചത് ആരാണെന്നുള്ള തർക്കങ്ങൾ ഇന്നും നിലനിൽക്കുന്നു. മെഴ്‌സിഡസ് ബെൻസും ബോഷും ചേർന്നാണ് ഇന്ന് കാണുന്ന തരത്തിലുള്ള എ.ബിഎസ് വികസിപ്പിച്ചെടുത്തത്. 


ഗുണങ്ങൾ

വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനത്തിന്റെ വേഗതമൂലം വാഹനം നിൽക്കണമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കും. എന്നാൽ ഇത്തരം സാഹചര്യമാണ് എ.ബിഎസ് ഇല്ലാതാക്കുന്നത്. ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്യുകയാണെങ്കിലും എബിഎസ് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്ത് ടയറുകളിൽ നൽകുകയും ഇതുവഴി വാഹനം തെന്നി നീങ്ങുന്നത് ഒഴിവാക്കുകയും മെച്ചപ്പെട്ട ബ്രേക്കിങ് നൽകുകയും ചെയ്യുന്നു.


മറ്റൊരു കാര്യം എ.ബിഎസ് ഇല്ലാത്ത വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ ടയറുകളുടെ പ്രവർത്തനം നിലയ്ക്കുകയും അതുവഴി സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യുന്നു എന്നാൽ എബിഎസ്, ടയറിന്റെ ചലനം പൂർണ്ണമായി നിലയ്ക്കുന്നതു തടഞ്ഞ് മെച്ചെപ്പട്ട സ്റ്റിയറിങ് നിയന്ത്രണം ഉറപ്പാക്കുന്നു, അതുകൊണ്ട് തന്നെ ബ്രേക്കിങ്ങിനിടെ തന്നെ വെട്ടിച്ചു മാറ്റി അപകടം ഒഴിവാക്കാനും സാധിക്കുന്നു.

പ്രവർത്തനം

ടയറിന്റെ പ്രവർത്തനം മനസിലാക്കാനുള്ള സെൻസറുകൾ, ഇലക്ട്രോണിക്ക് കൺട്രോൾ യൂണിറ്റ്, ഹൈഡ്രോളിക്ക് വാൽവുകൾ, പമ്പ് എന്നിവ അടങ്ങിയതാണ് എബിഎസ്. ടയറുകളുടെ കറക്കം മനസിലാക്കി കൺട്രോൾ യൂണിറ്റിന് വിവരം നൽകുകയാണ് സെൻസറുകളുടെ ധർമ്മം. ഓരോ ബ്രേക്കുകളിലും അതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി വാൽവുകളുണ്ടാകും, ബ്രേക്കിന്റെ ഫോഴ്‌സ് നിയന്ത്രിച്ച് നൽകുന്നതാണ് വാൽവുകളുടെ ധർമം. ഹൈഡ്രോളിക്ക് ബ്രേക്കുകളിലെ പ്രഷർ നിലനിർത്തുന്നതാണ് പമ്പുകളുടെ ധർമം. ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഘടകമാണ് കൺട്രോൾ യൂണിറ്റുകൾ.

ബ്രേക്ക് ചെയ്യുമ്പോൾ ഓരോ ചക്രത്തിന്റെയും കറക്കം സെൻസറിലൂടെ തിരിച്ചറിഞ്ഞ് ബ്രേക്ക് ഫ്‌ളൂയിഡുകളിലെ മർദ്ദം വാൽവുകൾ പ്രവർത്തിപ്പിച്ച് കൺട്രോൾ യൂണിറ്റ് ക്രമീകരിക്കുന്നു. ഒരു ടയറിന്റെ കറക്കം മറ്റുള്ളവയുടേതിക്കാൾ കുറഞ്ഞതായി കൺട്രോൾ യൂണിറ്റ് തിരിച്ചറിഞ്ഞാൽ പ്രസ്തുത ചക്രത്തിന്റെ ബ്രേക്ക് മർദ്ദം കുറച്ച് ചലനം മറ്റുള്ളവയ്ക്ക് ഒപ്പമാക്കും. സെക്കൻഡിൽ 15 തവണവരെ ബ്രേക്ക് മർദ്ദം ക്രമീകരിക്കാൻ എബിഎസിനു കഴിയും. ഇങ്ങനെ ഇടവിട്ട് ബ്രേക്ക് മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനാൽ ടയർ നിശ്ചലമായി വാഹനം നിരങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാകുന്നു. താരതേമ്യേന കുറഞ്ഞ ദൂരത്തിനുള്ളിൽ വാഹനം സുരക്ഷിതമായി ബ്രേക്കിട്ട് നിർത്താനാവുമെന്നതും, മെച്ചപ്പെട്ട് സ്റ്റിയറിങ് നിയന്ത്രണം ലഭിക്കുമെന്നതുമാണ് എ.ബി.എസിന്‍റെ പ്രധാന ഗുണങ്ങൾ.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

എ.ബിഎസ്ള്ള വാഹനം ഉപയോഗിക്കുമ്പോൾ ബ്രേക്ക് ഇടവിട്ട് ചവിട്ടരുത്. ഇത് എബിഎസ് സംവിധാനത്തിലെ കൺട്രോൾ യൂണിറ്റിന്റെ ഫലപ്രദമായ പ്രവർത്തനം തടസ്സപ്പെടുത്തും. വാഹനം പൂർണ്ണമായും നിൽക്കുന്നതുവരെ പെഡൽ ചവിട്ടിപ്പിടിക്കുക. വാൽവുകൾ വഴി ബ്രേക്ക് മർദ്ദം ക്രമീകരിക്കുന്നതിന്റെ ഫലമായി പെഡലിൽ തരിപ്പുണ്ടാകും, അത് എ.ബി.എസ് പ്രവർത്തിക്കുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്. 

Full View

Tags:    
News Summary - ABS saves Yamaha R15 rider from crashing into a pick up truck -Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.