കൊച്ചി: കുണ്ടുംകുഴിയും മണ്ണും പൊടിയും നിറഞ്ഞ പാത, കുതിച്ച് നീങ്ങുമ്പോഴും ബൈക്കുകൾ റൈഡർമാരുടെ കരങ്ങളിൽ സുരക്ഷിതമായി നിലകൊള്ളുകയാണ്. ഓഫ് റോഡിലും സ്ഥിരതയോടെയുള്ള റൈഡിങ്, അതിനോടൊപ്പം കൈമോശംവരാത്ത പകിട്ടുകൂടി ആയപ്പോൾ റൈഡർമാർ ഒരുമിച്ച് പറഞ്ഞു, ജാവ യെസ്ദി... ഇവനൊരു കൊമ്പനാണ്.
എറണാകുളം മുളന്തുരുത്തി മനക്കത്താഴത്തെ വോൾഫ് ട്രയൽസ് ഓഫ് റോഡ് ട്രാക്കിലാണ് ജാവ യെസ്ദി മോട്ടോർസ് സംഘടിപ്പിച്ച ഓഫ് റോഡ് ബൈക്ക് റേസ് ആവേശകരമായി മാറിയത്. യസ്ദി റോഡ്സ്റ്റർ, അഡ്വഞ്ചർ, സ്ക്രാമ്പ്ലർ ബൈക്കുകളിലായി 35ഓളം റൈഡർമാരാണ് അണിനിരന്നത്. കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ വ്യത്യസ്ഥ പ്രായക്കാരായ റൈഡർമാർ മികച്ച റൈഡിങ് അനുഭവമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സാക്ഷ്യപ്പെടുത്തി. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പിഴവുകളില്ലാതെയും അപകട രഹിതവുമായി ഏത് നിരത്തിലും വാഹനം കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ച് നേരിട്ട് മനസിലാക്കിക്കൊടുക്കുകയായിരുന്നു കമ്പനി.
ബൈക്ക് റേസ് ഏഷ്യ ചാമ്പ്യൻ രജിത് പുണെ, ദേശീയ ചാമ്പ്യൻമാരായ രജിത് ചെന്നൈ, മലയാളിയായ ഷോൺ എന്നിവരാണ് ഓഫ് റോഡ് റേസിന് നേതൃത്വം നൽകിയത്. റേസ് ആരംഭിക്കുന്നതിന് മുന്നോടിയായി അപകട രഹിതമായും വാഹനത്തിന് കേടുപാടുകൾ സംഭവിക്കാതെയും ബൈക്ക് ഓടിക്കേണ്ട രീതികളെക്കുറിച്ചും അടിയന്തിര ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ട്രെയിനർമാർ നിർദേശങ്ങൾ നൽകി. 12ഓളം വ്യത്യസ്ഥ രീതിയിലുള്ള ട്രാക്കുകളിലായിട്ടായിരുന്നു റേസിങ് ഒരുക്കിയിരുന്നത്.
വളവും തിരിവും നിറഞ്ഞ ദുർഘടമായ ട്രാക്കിലൂടെയുള്ള യാത്രക്കായി ബൈക്കുകൾ നിരന്നപ്പോൾ കാണികൾ കൈയടികളോടെയാണ് സ്വീകരിച്ചത്. ട്രെയിനർമാരുടെ നിർദേശങ്ങൾ ഉൾക്കൊണ്ട റൈഡർമാർ ട്രാക്ക് കീഴടക്കുന്ന കാഴ്ചക്കാണ് പിന്നീട് മനക്കത്താഴം സാക്ഷ്യം വഹിച്ചത്. ചരൽ നിറഞ്ഞ കയറ്റത്തിലൂടെ വളവ് തിരിഞ്ഞ് ബൈക്കുകൾ കുന്നിന് മുകളിലേക്ക് പാഞ്ഞുകയറി. ചെറിയ പാളിച്ചകൾ യഥാസമയങ്ങളിൽ ട്രെയിനർമാർ തിരുത്തി നൽകിക്കൊണ്ടിരുന്നു.
സ്റ്റാർട്ട് ചെയ്ത് ഗിയർ മോഡിലിട്ട ബൈക്ക് കൈയിൽ പിടിച്ചുകൊണ്ടുള്ള നടത്തം മുതൽ അതിവേഗതയിൽ കുഴികളും കയറ്റവും ഇറക്കവും നിറഞ്ഞ പാതയിലൂടെയുമുള്ള റൈഡ് വരെയായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. ദുർഘടമായ കയറ്റത്തിൽ കയറിവരുമ്പോഴുള്ള സഡ്ഡൻ ബ്രേക്കും ബൈക്ക് നിയന്ത്രണവും വേഗതയിൽ പാഞ്ഞുള്ള സഞ്ചാരവുമൊക്കെ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.