കർഷകരോടൊപ്പം ട്രാക്ടർ ഓടിക്കുകയും വിത്ത് വിതക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ഫോട്ടോ വൈറലായി. ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള യാത്രയിൽ സോനിപത്തിലാണ് രാഹുൽ കർഷകരെ കണ്ടത്. ചാറ്റൽമഴയത്തായിരുന്നു രാഹുലിന്‍റെ ട്രാക്ടറിലുള്ള നിലമുഴൽ.
ഒരു വാഹനവ്യൂഹം തന്റെ വയലിന് സമീപം നിർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു വാഹനത്തിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടതായി ബറോഡ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന സോനിപത്ത്, മദീന ഗ്രാമത്തിലെ കർഷകനായ സഞ്ജയ് കുമാർ പറഞ്ഞു.
“ആദ്യം തൊഴിലാളികൾക്ക് രാഹുൽ ഗാന്ധിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വയലിൽ ഇറങ്ങി അദ്ദേഹം അടുത്തേക്ക് നടന്നപ്പോൾ ഞങ്ങൾ ആഹ്ലാദിച്ചു. ഞങ്ങൾ അദ്ദേഹത്തിന് പ്രാതൽ വിളമ്പി. ഞങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. അദ്ദേഹം ട്രാക്ടറും ഓടിച്ചു’-സഞ്ജയ് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ സന്ദർശനം അറിഞ്ഞ് കോൺഗ്രസിന്റെ ബറോഡ എം.എൽ.എ ഇന്ദുരാജ് നർവാൾ, ഗൊഹാന എം.എൽ.എ ജഗ്ബീർ മാലിക് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
രാഹുൽ ഗാന്ധിയെ കണ്ടതിൽ സന്തോഷമുണ്ടെന്ന് ജഗ്ബീർ മാലിക് പറഞ്ഞു. തൊഴിലാളികൾ, ട്രക് ഡ്രൈവർമാർ, വിദ്യാർഥികൾ, സ്ത്രീകൾ, സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾ എന്നിവരുടെ പ്രശ്നങ്ങൾ അറിയാൻ ശ്രമിക്കുന്ന ഒരു നേതാവാണ് അദ്ദേഹം’ -ജഗ്ബീർ മാലിക് കൂട്ടിച്ചേർത്തു.
2021ൽ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രാഹുൽ പാർലമെന്‍റ് ഗേറ്റിലേക്ക് ട്രാക്ടർ ഓടിച്ചത് വലിയ ജനശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.