മധ്യനിരയിലെ ഡ്യൂക്ക്

വിദേശത്തുനിന്നുവന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്പോര്‍ട്സ് ബൈക്കുകള്‍ ഒരുപക്ഷേ, കെ.ടി.എം ഡ്യൂക്ക് ആയിരിക്കും. നല്ല കരുത്തും കൃത്യതയാര്‍ന്ന ഹാന്‍ഡിലിങ്ങും എല്ലാത്തിനുമുപരി മത്സരാധിഷ്ഠിത വിലയും ചേര്‍ന്ന മികച്ചൊരു പാക്കേജായിരുന്നു ഡ്യൂക്ക്. ഹാര്‍ലിയും ഇന്ത്യനും കാവാസാക്കിയും ഡ്യൂക്കാട്ടിയുമൊക്കെ കിതച്ച് നിന്നപ്പോള്‍ ഡ്യൂക്കുകള്‍ നിരത്തിലൂടെ ചീറിപ്പാഞ്ഞു. ഈയടുത്താണ് തങ്ങളുടെ ബൈക്ക് നിരയില്‍ കാര്യമായൊരു വിടവുണ്ടെന്ന് കെ.ടി.എം തിരിച്ചറിഞ്ഞത്. 200ഉം 390ഉം സി.സി ബൈക്കുകള്‍ക്കിടയിലെ ശൂന്യത പരിഹരിക്കാനുറച്ച് ഡ്യൂക്ക് 250മായി എത്തിയിരിക്കുകയാണ് കമ്പനി.

പ്രധാന എതിരാളികളായ ബജാജ് ഈ വിഭാഗത്തില്‍ നേരത്തെതന്നെ സാന്നിധ്യമുറപ്പിച്ച സ്ഥിതിക്ക് കെ.ടി.എമ്മിന്‍െറ നീക്കം അനിവാര്യവുമാണ്. പുതിയ ബൈക്കിന്‍െറ രൂപം 1290 സൂപ്പര്‍ ഡ്യൂക്ക് ആറുമായി സാമ്യമുള്ളതാണ്. ബൈക്കിന്‍െറ ഘടനയെയും ശരീരവടിവിനെയുമൊക്കെ പുത്തന്‍ 390മായും താരതമ്യപ്പെടുത്താം. രണ്ടിനും ഇരട്ടഭാഗങ്ങളുള്ള ട്രെല്ലീസ് ഫ്രെയിമും 13.5ലിറ്റര്‍ ടാങ്കുമാണ്. അല്‍പം മാറിനിന്ന് നോക്കിയാല്‍ 390ഉം 250ഉം ഏകദേശം ഒന്നുപോലെയാണെന്ന് തോന്നും. 390ലെ ഇരട്ട എല്‍.ഇ.ഡി ഹെഡ്ലൈറ്റുകള്‍ ഇവിടെയില്ല. അതുപോലെ 390ലെ ടി.എഫ്്.ടിക്കു പകരം ഡ്യൂക്ക് 200ല്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ളസ്റ്ററാണ് 250നും നല്‍കിയിരിക്കുന്നത്. അല്‍പം ഉയര്‍ന്ന സീറ്റിങ് പൊസിഷന്‍ ഉയരം കുറഞ്ഞവര്‍ക്ക് അത്ര ഗുണകരമാവില്ല.
249 സി.സി ഒറ്റ സിലിണ്ടര്‍ ലിക്വിഡ്കൂള്‍ഡ് എന്‍ജിന്‍ 30 ബി.എച്ച്.പി കരുത്തും 24 എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. സ്റ്റാര്‍ട്ടാക്കി നിര്‍ത്തുമ്പോഴുള്ള ചെറിയ വിറയല്‍ ഓടിത്തുടങ്ങുമ്പോള്‍ ഇല്ലാതാകും. സ്ളിപ്പര്‍ ക്ളച്ചോടുകൂടിയ ആറ് സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. ഗിയര്‍ മാറ്റങ്ങള്‍ എളുപ്പവും കൃത്യവുമാണ്.

മുന്നില്‍ 300 എം.എം ഡിസ്ക്ബ്രേക്കുകളാണ്. പിന്നിലത്തെിയാല്‍ 230 എം.എം ഡിസ്ക്കിന്‍െറ സംരക്ഷണവും ലഭിക്കും. ഇതെല്ലാം 200 ഡ്യൂക്കില്‍നിന്ന് കടമെടുത്തതുതന്നെ. ഓപ്ഷനലായിപ്പോലും എ.ബി.എസ് ഉള്‍പ്പെടുത്തിയിട്ടില്ല. ഓട്ടത്തിലും കുതിപ്പിലുമെല്ലാം പരമ്പരാഗത ഡ്യൂക്ക് മഹത്വം കാത്തുസൂക്ഷിക്കുന്നുണ്ട് 250. വളവുകളില്‍ ആത്മവിശ്വാസത്തോടെ തിരിയാനും നേര്‍രേഖയില്‍ മിന്നലായി കുതിക്കാനും ബൈക്കിനാകും. സീറ്റുകള്‍ കൂടുതല്‍ വലുതായതിനാല്‍ ഇരിപ്പ് സുഖകരം.

ഇന്ധന ടാങ്ക് പുത്തനാണ്. താക്കോല്‍ ഇടേണ്ട സ്ഥാനം സ്പീഡോമീറ്ററില്‍നിന്ന് ടാങ്കിനടുത്തേക്ക് മാറ്റിയിരിക്കുന്നു. ഇരട്ട എക്സ്ഹോസ്റ്റുകള്‍ 390ല്‍നിന്ന് കടമെടുത്തതുതന്നെ. ഇതില്‍നിന്ന് പുറത്തുവരുന്ന ശബ്ദം കേള്‍വിക്കാരെ ഹരംപിടിപ്പിക്കുന്ന പരമ്പരാഗത കെ.ടി.എം ശബ്ദം തന്നെയാണ്.

പിന്നിലത്തെിയാല്‍ കൂര്‍ത്ത രൂപമാണ് കാണാനാകുക. ഇരട്ട എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. 161കിലോഗ്രാം ഭാരമുണ്ട് ബൈക്കിന്. 390നെപ്പോലെ വന്യമായ കരുത്ത് 250 നല്‍കുന്നില്ല. പക്ഷേ, പേപ്പറില്‍ നല്‍കിയിരിക്കുന്ന കണക്കുകളെ തൃപ്തിപ്പെടുത്തുന്ന പ്രകടനം ഉറപ്പായും പ്രതീക്ഷിക്കാം.
എ.ബി.എസ് കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതായേനെ. പ്രത്യേകിച്ചും സുരക്ഷക്ക് പ്രാധാന്യം ഏറിവരുന്ന കാലത്ത് ഇത്തരം സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. വില 1.73 ലക്ഷം (എക്സ് ഷോറൂം ഡല്‍ഹി).

Tags:    
News Summary - duke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.