തീപിടിക്കാനൊരുങ്ങി ചെറുകാര്‍ വിപണി

ചെറുകാറുകളുടെ ഉത്സവപ്പറമ്പാണ് ഇന്ത്യ. പാസഞ്ചര്‍ വിപണിയുടെ 50 ശതമാനവും കൈയടക്കിയിരിക്കുന്നത് ഹാച്ച് ബാക്കുകള്‍ എന്നറിയപ്പെടുന്ന ഡിക്കിയില്ലാ വണ്ടികളാണ്. ഭാരതീയ മധ്യവര്‍ഗത്തിന്‍െറ വളര്‍ച്ചയനുസരിച്ച് ഹാച്ച് ബാക്ക് വിപണി ഇനിയും കുതിക്കും. 2015ല്‍ ഈ വിഭാഗത്തില്‍ കനത്ത മത്സരമാണ് നടക്കാന്‍ പോകുന്നത്. നിര്‍മാതാക്കളെല്ലാം തങ്ങളുടെ മികവ് പൂര്‍ണമായും പ്രയോജനപ്പെടുത്തിയാകും കുത്തന്‍കാറുകള്‍ പുറത്തിറക്കുക. വിദേശവിപണിയിലേത് പോലെ കൂടുതല്‍ കരുത്തും, സ്റ്റൈലും, സാങ്കേതികയും, ആഡംബരവും ഒത്തിണങ്ങളിയ ഹാച്ചുകള്‍ വരുന്നതോടെ ഇന്ത്യന്‍ വിപണി മത്സരചൂടിലാകും. 2015 ലെ ചില തീപ്പൊരി ഹാച്ചുകള്‍

1. മാരുതി സെലോറിയോ 

2014 ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ പുറത്തിറക്കിയ മാരുതി സെലോറിയോ ഒരു വിപ്ളവമായിരുന്നു. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ.എം.ടി) എന്ന പുത്തന്‍ സാങ്കേതികത ഇന്ത്യയില്‍ ആദ്യമായി അവതരിച്ചത് സെലേറിയോയിലൂടെയായിരുന്നു. തുടക്കക്കാരന്‍െറ ചില ആകുലതകള്‍ അലട്ടിയെങ്കിലും കാര്‍ മികച്ച വില്‍പനയാണ് നേടിയത്. പെട്രോള്‍ മോഡല്‍ മാത്രമുണ്ടായിരുന്ന സെലോറിയക്ക് ഡീസല്‍ വെര്‍ഷന്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി. വരും വര്‍ഷം കൂടുതല്‍ ഇന്ധന ക്ഷമതയും കൈയിലൊതുങ്ങുന്ന വിലയും ചേര്‍ന്ന് ഡീസല്‍ എ.എം.ടി സെലോറിയോ പ്രതീക്ഷിക്കാം. 

2. ഹോണ്ട ജാസ്  

ഇന്ത്യന്‍ ഹാച്ചുകളിലെ അതിസുന്ദരനാണ് ഹോണ്ട ജാസ്. കമ്പനിയുടെ എച്ച് ഡിസൈന്‍ ടെക്നോളജിയില്‍ വിരിഞ്ഞ സുന്ദരപുഷ്പം. ഡീസല്‍ എഞ്ചിന്‍ ഇല്ലാത്തതായിരുന്നു ഇന്ത്യന്‍ വിപണിയില്‍ ജാസുകള്‍ പച്ചപിടിക്കാതിരിക്കാന്‍ കാരണം. വരും വര്‍ഷത്തില്‍ ഈ പോരായ്മ ഹോണ്ട പരിഹരിക്കും. സെഡാനുകളായ സിറ്റിക്കും, അമേസിനും പിന്നാലെ 1.5 ലിറ്റര്‍ i-DTEC ഡീസല്‍ ഹൃദയം ജാസിനും നല്‍കും. ഇന്ധന ക്ഷമതക്കും കരുത്തിനും പേര് കേട്ട എഞ്ചിനാണിത്. വിശാലമായ ഉള്‍വശവും മികവുറ്റ ഡിസൈനും നിലവാരവുമുള്ള ഘടകങ്ങളും നേരത്തെ ജാസിനുണ്ട്. ഡീസല്‍ എഞ്ചിനും കൂടി വരുന്നതോടെ എതിരാളികള്‍ പേടിക്കുമെന്ന് തീര്‍ച്ച. 

3. ടാറ്റാ ബോള്‍ട്ട്

നമ്മുടെ സ്വന്തം കാറാണ് ടാറ്റ. അതിന്‍െറ എല്ലാ കുഴപ്പങ്ങളും ടാറ്റയുടെ കാറുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍, കാലം മാറി. ആഗോളീകരണത്തിന് സ്തുതി. ലോകത്തിലെ മികച്ച നൂറ് ബ്രാന്‍ുകളില്‍ പെടുന്ന റേഞ്ച് റോവര്‍ ഇന്ന് ടാറ്റക്ക് സ്വന്തമാണ്. ഇതിന്‍െറ മാറ്റം ഇന്ത്യയിലും കാണാനുണ്ട്. കോംപാക്ട് സെഡാനായ സെസ്റ്റിലൂടെ തുടങ്ങിയ മാറ്റം 2015ല്‍ പുറത്തിറക്കുന്ന ഹാച്ച് ബാക്കായ ബോള്‍ട്ടിലും ടാറ്റ നിലനിര്‍ത്തും. പഴയ വിസ്റ്റയുടെ രൂപത്തില്‍ നിന്ന് കാര്യമായ മാറ്റമുണ്ടാകില്ളെങ്കിലും പുത്തന്‍ ഹാച്ചായ ബോള്‍ട്ട് തരംഗമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സെസ്റ്റിന്‍െറ പ്ളാറ്റ് ഫോമിന്‍, 1.3 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളില്‍ എത്തുന്ന ബോള്‍ട്ട് വിലക്കുറവിലും ഉപഭോക്താക്കളെ ആകര്‍ഷിക്കും. 

4. ഫോഡ് ഫിഗോ

ഇന്ത്യയില്‍ ഫോഡിന്‍െറ തലവര മാറ്റിയ മോഡലാണ് ഫിഗോ. വിപണിയുടെ മത്സരചൂടില്‍ തിളക്കം അല്‍പ്പം കുറഞ്ഞിരുന്നു. 2015 ല്‍ ഇതിന് പരിഹാരം കാണുമെന്ന നിശ്ചയ ദാര്‍ഡ്യത്തിലാണ് കമ്പനി. ഫിഗോയുടെ പുതുക്കിയ വെര്‍ഷന്‍ ബ്രസീലില്‍ കമ്പനി അവതരിപ്പിച്ചിരുന്നു.മികച്ച വില്‍പനയാണ് അവിടെ നേടിയത്. രൂപത്തിലും ഘടനയിലും കാര്യമായ മാറ്റം പുത്തന്‍ ഫിഗോക്കുണ്ട്. 1.0 ലിറ്റര്‍ Ti-VCT  പെട്രോള്‍ എഞ്ചിനും പുത്തന്‍ ഫ്ളാറ്റുമാണ് മാറ്റങ്ങളില്‍ പ്രധാനം. പഴയ 1.4 ലിറ്റര്‍ ഡീസല്‍ കൂടിച്ചേരുമ്പോള്‍ എതിരാളികള്‍ കരുതിയിരിക്കേണ്ടി വരും. 

5. ഡാറ്റ്സണ്‍ റെഡി ഗോ

ഡാറ്റ്സണ്‍ ഗോ എന വില കുറഞ്ഞ മോഡലുമായത്തെി പേരുദോഷം കേട്ടതാണ് നിസാന്‍. ക്രാഷ് ടെസ്റ്റുകളില്‍ തകര്‍ന്ന് തരിപ്പണമായ ഗോ കണ്ട് വിദേശികള്‍ അമ്പരന്നു. ഇതിലും കയറി നടക്കാന്‍ ആളുണ്ടോയെന്നോര്‍ത്ത് അവര്‍ മൂക്കത്ത് വിരല്‍ വെച്ചു. എങ്കിലും നിസാന്‍ ആത്മവിശ്വാസം കൈവെടിഞ്ഞിട്ടില്ല. 2014 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഡാറ്റ്സണ്‍ റെഡി ഗോ വരും വര്‍ഷം ഇന്ത്യയിലത്തെും. റെനോയില്‍ നിന്ന് കടമെടുക്കുന്ന കോമണ്‍ മൊഡ്യൂള്‍ ഫാമിലി പ്ളാറ്റ് ഫോമിലായിരിക്കും നിര്‍മാണം. മൂന്ന് ലക്ഷമെന്ന വിലയിലായിരിക്കും മുഖ്യ ആകര്‍ഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.