സ്വിഫ്റ്റ് സ്മാര്‍ട്ടായി

ഗുസ്തിയില്‍ ഒന്നാമനായ കുട്ടി ക്ളാസിലും ഫസ്റ്റായപ്പോഴുള്ള സന്തോഷമാണ് ഇപ്പോള്‍ മാരുതി സുസുക്കി കൂട്ടുകുടുംബത്തില്‍ ഇരമ്പുന്നത്. കാരണം സ്വിഫ്റ്റ് എന്ന മസില്‍മാന്‍ ഭക്ഷണം കുറച്ചിരിക്കുന്നു. സ്വിഫ്റ്റും സുസുക്കിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ പ്രകാരം ഒരു ലിറ്റര്‍ പെട്രോള്‍ കൊടുത്താല്‍ 20.4 കിലോമീറ്ററും ഡീസല്‍ നല്‍കിയാല്‍ 25.2 കിലോമീറ്ററും ഓടാന്‍ സ്വിഫ്റ്റ് തയാറാണ്.  മുമ്പ് പെട്രാള്‍ വേരിയന്‍റിന് 18.6 കിലോമീറ്ററും ഡീസല്‍ എന്‍ജിന് 22.9 കിലോമീറ്ററുമാണ് മൈലേജ് ലഭിച്ചിരുന്നത്. അതായത്, 10 ശതമാനം മര്യാദ പാലിക്കാന്‍ രണ്ട് എന്‍ജിനുകളും തീരുമാനിച്ചിരിക്കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ മാറ്റം വരുത്തിയല്ല സുസുക്കി തീരുമാനത്തില്‍ എത്തിയത്. എന്‍ജിനുള്ളില്‍ ഘര്‍ഷണം കുറക്കാനുള്ള പൊടിക്കൈകള്‍ പ്രയോഗിക്കുകയാണ് ചെയ്തത്.  പെട്രോളിനും ഡീസലിനും വിലകുറഞ്ഞ സാഹചര്യത്തില്‍ ഘര്‍ഷണം കുറക്കേണ്ടതുണ്ടോയെന്ന സംശയം ഉയര്‍ന്നിരുന്നു. പക്ഷേ, ഇന്നുകൊണ്ട് ലോകം അവസാനിക്കില്ല എന്ന ഉപദേശം കിട്ടിയതുകൊണ്ട് വേറെ പ്രശ്നമൊന്നുമുണ്ടായില്ല. പൂച്ച മതിലില്‍ കയറുന്നതിന് മുമ്പ് ചെയ്യും പോലെ മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം സമാഹരിക്കാനാണ് ഇന്ധനവില അല്‍പം പിന്നോട്ട് വലിഞ്ഞതെന്നാണ് ചാരന്‍മാര്‍ കണ്ടത്തെിയിിക്കുന്നത്. എന്‍ജിന്‍െറ ഘര്‍ഷണം കുറച്ചോ മറ്റോ ഇന്ധനക്ഷമത കൂട്ടിയില്ളെങ്കില്‍ ഉപഭോക്താക്കളും കമ്പനിയും തമ്മിലുള്ള ഘര്‍ഷണം കൂടുമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2005 മേയ് മാസത്തിലാണ് സ്വിഫ്റ്റ് ജനസേവനത്തിന് ഇറങ്ങിയത്. 2007 ജനുവരിയില്‍ ഡീസല്‍ മോഡല്‍ എത്തി.

2011 ആഗസ്റ്റിലാണ് അടിമുടി മാറിയ സ്വിഫ്റ്റ് എത്തിയത്. നാളിതുവരെ 12,08,000 സ്വിഫ്റ്റുകള്‍ വിറ്റഴിഞ്ഞു. 2013 സെപ്റ്റംബറിലാണ് 10 ലക്ഷം വില്‍പന തികഞ്ഞത്. ഇതൊക്കെ കണ്ട് കണ്ണുകിട്ടാതിരിക്കാനാവണം പുതിയ സ്വിഫ്റ്റിന്‍െറ രൂപത്തിലും നേരിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മുന്‍ ബമ്പറില്‍ വലിയ എയര്‍ഡാമും ഫോഗ് ലാമ്പിന് സമീപം സില്‍വര്‍ ഇന്‍സെര്‍ട്ടുകളും ഇടംപിടിച്ചു. യൂറോപ്യന്‍ വിപണിയിലുള്ള സ്വിഫ്റ്റിലെ ഡേടൈം റണ്ണിങ് ലാമ്പുകളുടെ സ്ഥാനത്താണ് സില്‍വര്‍ ഇന്‍സെര്‍ട്ടുകള്‍ വന്നതെന്ന് മാത്രം. ഹണികോമ്പ് ഫ്രണ്ട് ഗ്രില്ലും താഴ്ന്ന വേരിയന്‍റിലെ വീല്‍ക്യാപും ഉയര്‍ന്ന വേരിയന്‍റുകളിലെ അലോയ് വീലും പുതിയതാണ്. റിയര്‍ അഡ്ജസ്റ്റബ്ള്‍ ഹെഡ്റെസ്റ്റുകള്‍, 60: 40 സ്പ്ളിറ്റ് റിയര്‍ സീറ്റുകള്‍ എന്നിവയാണ് എല്‍.എക്സ്.ഐ, എല്‍.ഡി.ഐ വേരിയന്‍റുകളിലെ പുതുമ. എല്‍.എക്സ്.ഐ പ്ളസില്‍ ഫ്രണ്ട് പവര്‍ വിന്‍ഡോസ്, റിമോട്ട് ലോക്കിങ് എന്നിവ ഉള്‍പ്പെടുത്തി. ഓഡിയോ പ്ളെയര്‍, ഇലക്ട്രിക്കലി ഫോള്‍ഡബ്ള്‍ വിങ് മിററുകള്‍ എന്നിവയാണ് വി.എക്സ്.ഐ, വി.ഡി.ഐ വേരിയന്‍റുകള്‍ക്കുള്ളത്.  വി ഡി.ഐയില്‍ എ.ബി.എസ് വന്നു. ഏറ്റവും ഉയര്‍ന്ന വേരിയന്‍റായ ഇസഡ്.എക്സ്.ഐ, ഇസഡ്.ഡി.ഐയില്‍ റിമോട്ട് ലോക്കിങ്, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ബ്ളൂടൂത്ത് ഓഡിയോ സംവിധാനം, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് അധികം. നാലര മുതല്‍ ആറ് ലക്ഷം രൂപ വരെ നല്‍കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.