ഹ്യൂണ്ടായുടെ കാര്‍ലിനോ

മനുഷ്യന്‍െറ എന്നത്തേയും വലിയ ആവശ്യങ്ങളിലൊന്നായിരുന്നു സഞ്ചാര സൗകര്യം. കാല്‍നടയായും മൃഗപ്പുറത്തേറിയും യന്ത്രങ്ങളെ മെരുക്കിയും അവരത് നിര്‍വ്വഹിച്ചുപോന്നു. സഞ്ചാരം സുഗമമായപ്പോള്‍ വേഗത കൂട്ടാനായി ശ്രമം; ഒപ്പം വാഹനത്തിന്‍െറ ഗാംഭീര്യവും. എണ്‍പതുകളുടെ മധ്യത്തോടെയാണ് എസ്.യു.വി (സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍) കള്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെടുന്നത്. നേരത്തെ പട്ടാളക്കാരാണ് ഇത് ഉപയോഗിച്ചിരുന്നത്. ഇന്നും ലോകത്തെ പ്രശസ്തമായ എസ്.യു.വികളൊക്കെ പട്ടാള വാഹനങ്ങളുടെ നഗര വല്‍കൃത രൂപങ്ങളാണ്. റോഡുകളേക്കാള്‍ കാടുകളാണ് എസ്.യു.വികള്‍ക്ക് പഥ്യം. ട്രക്കിന്‍െറ ഷാസിയില്‍ ബോഡി കെട്ടിയാണ് നിര്‍മ്മാണം. ജീപ്പ് ചെറോക്കി, ലാന്‍ഡ് റോവര്‍ ഡിസ്കവറി തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ ആദ്യകാല പ്രതിഭകള്‍. ടൊയോട്ട ലാന്‍ഡ് ക്രൂയ്സര്‍, ജി എമ്മിന്‍െറ ഹമ്മര്‍,ബെന്‍സിന്‍െറ എം ക്ളാസ്, ബി.എം.ഡബ്ളു X6 തുടങ്ങിയവയാണ് കരുത്തന്‍മാര്‍. ഇപ്പോള്‍ എസ്.യു.വികള്‍ക്ക് നിരവധി വകഭേദങ്ങളുണ്ട്. മിനി, കോമ്പാക്ട്, മിഡ്സൈസ്, ഫുള്‍ സൈസ്, എക്സ്ടന്‍റഡ് തുടങ്ങിയവയാണവ.

ഇന്ത്യന്‍ വാഹന വിഹണിയില്‍ നിലവില്‍ കാണപ്പെടുന്ന അഭിനിവേശങ്ങളിലൊന്നാണ് മിനി എസ്.യു.വികളോടുള്ളത്. അമേരിക്ക പോലെ പണമൊഴുകുന്ന വിപണികളില്‍ പടുകൂറ്റന്‍ വാഹനങ്ങളാണ് ട്രെന്‍റ്. നമ്മുടെ വാങ്ങള്‍ ശേഷിക്ക് പുറത്തുള്ളവയാണിവ. എസ്.യു.വി എന്ന പ്രലോഭനത്തെ നാം പൂര്‍ത്തിയാക്കുന്നത് ഷണ്ഡീകരിച്ച മിനി,കോമ്പാക്ട് മോഡലുകള്‍ വാങ്ങിയാണ്. ഈ ഗണത്തിലേക്ക് ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന വാഹനമാണ് കാര്‍ലിനോ(കോഡ് നെയിം HND14) . മിനിയെക്കാള്‍ ചെറിയ കോമ്പാക്ട്(നാല് മീറ്ററില്‍ താഴെ നീളം) വിഭാഗത്തിലാണ് പുതിയ മോഡല്‍ വരുന്നത്. നിലവില്‍ ഫോര്‍ഡ് എക്കോ സ്പോര്‍ട്ട്, മഹീന്ദ്ര കെ.യു.വി, മാരുതി ബ്രെസ്സ എന്നിവ ഇവിടെയുണ്ട്. ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കാര്‍ലിനോക്ക് ഐ 20ക്കും ക്രെറ്റക്കുമിടയിലാണ് സ്ഥാനം. ഒരേ പ്ളാറ്റ്ഫോമിലാണ് ഇവയുടെ നിര്‍മ്മാണം. 1.2ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിനും 1.4ലിറ്റര്‍ സി.ആ.ഡി.ഐ ഡീസല്‍ എഞ്ചിനുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാപ്പ എഞ്ചിന്‍ 82ബി.എച്ച്.പിയും സി.ആര്‍.ഡി.ഐ 89ബി.എച്ച്.പിയും ഉല്‍പ്പാദിപ്പിക്കും.

പുറമെ നിന്ന് നോക്കിയാല്‍ കെ.യു.വിയോടാണ് കാര്‍ലിനോക്ക് സാമ്യം. മൊത്തം ചതുര വടിവാണ്. വലിയ ഗ്രില്ലുകളും ബമ്പറും നല്ല എടുപ്പുള്ളത്. സ്കഫ് പ്ളേറ്റുകളും മെലിഞ്ഞ ഹെഡ്ലൈറ്റുകളും പ്രത്യേക ആകൃതിയിലുള്ള ഫോഗ് ലാമ്പുകളുമാണ്. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ വലിയ വീല്‍ ആര്‍ച്ചുകളാണ് ആദ്യം കണ്ണില്‍പെടുക. മസില്‍ വിരിച്ച പോലുള്ള വാഹന ശരീരം നല്ല കരുത്ത് തോന്നിപ്പിക്കും. വശങ്ങളില്‍ ക്ളാഡിങ്ങുകളുണ്ട്. ടാള്‍ ബോയ് ഡിസൈന്‍ കാരണമുള്ള ഉയര്‍ന്ന ഇരുപ്പ് നല്ല കാഴ്ചയാണ് നല്‍കുന്നത്. ചെറിയ ടെയില്‍ ലൈറ്റുകളും ഗ്ളാസ് ഏരിയയും പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു. ഉള്ളിലും ആധുനികതയുടെ സ്പര്‍ശമുണ്ട്. നാവിഗേഷന്‍ സിസ്റ്റം, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ഇലക്ട്രിക് ആയി മടക്കാവുന്ന സൈഡ് മിററുകള്‍, ആറ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.5 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് വില. പുറത്തിറങ്ങാന്‍ അല്‍പ്പം കാത്തിരിക്കേണ്ടി വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.