റായ്പുർ: ഛത്തിസ്ഗഢിലെ സുക്മ ജില്ലയിൽ നക്സലുകൾ യാത്രക്കാരെ ഇറക്കിയ ശേഷം ബസുകളും ട്രക്കുകളും കത്തിച്ചു. ബസ് യാത്രികനായ മുൻ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു. റായ്പുരിൽ നിന്ന് 500 കിലോമീറ്റർ അകലെ പെദ്ദകുഡ്തി, പെൻറ ഗ്രാമങ്ങളിൽ തിങ്കളാഴ്ച രാത്രി 10നും11നും ഇടക്കാണ് സംഭവം. നാല് സ്വകാര്യബസുകൾ ഒരേസ്ഥലത്തും മറ്റ് രണ്ടെണ്ണം 300 മീറ്റർ അകലെയുമാണ് കത്തിച്ചത്.
ഇവ വിവിധ സ്ഥലങ്ങളിൽനിന്ന് സുക്മ വഴി തെലങ്കാനയിലേക്ക് വരുകയായിരുന്നെന്ന് ദക്ഷിണ ബസ്തർ ഡി.െഎ.ജി പി. സുന്ദർരാജ് അറിയിച്ചു. മൂന്ന് ട്രക്കുകളും കത്തിച്ചു. പൊലീസ് എത്തിയപ്പോഴേക്കും നക്സലുകൾ സ്ഥലംവിട്ടു. പെരുവഴിയിലായ യാത്രക്കാരെ പൊലീസ് ഏർപ്പാടാക്കിയ വാഹനങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു.
മുൻ കോൺസ്റ്റബിൾ മുന്ന സോദിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സുക്മയിൽനിന്ന് സ്വദേശമായ മണികൊണ്ടയിലേക്ക് വരുകയായിരുന്നു. മാർച്ച് രണ്ടിന് ബിജാപുരിലെ പുജാരി കെങ്കറിൽ 10 നക്സലുകളെ പൊലീസ് കൊന്നതിലുള്ള പ്രതികാരമാണ് തീവെപ്പെന്ന് കരുതുന്നു. പ്രദേശത്ത് നക്സലുകളെ കൊന്നതിൽ പ്രതിഷേധിച്ച് ബാനറുകൾ സ്ഥാപിച്ചശേഷമാണ് കലാപകാരികൾ മടങ്ങിയത്. സുക്മ-കൊണ്ട റോഡ് പ്രശ്നബാധിത മേഖലയായതിനാൽ ഇതുവഴി യാത്രചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.