10 വർഷം: ‘മേക്ക് ഇൻ ഇന്ത്യ’ നിർമിച്ചതെന്ത്?

2014 ആഗസ്റ്റ് 15. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഥമ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്. ‘വരൂ, ഇന്ത്യയിൽ നിർമിക്കു’വെന്നായിരുന്നു ആഹ്വാനം. ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളെ വിവിധ മേഖലകളിൽ ഇന്ത്യയിൽ തന്നെ നിർമാണം നടത്താൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി നിർമാണ, വ്യവസായ സംരംഭകത്വങ്ങൾ വർധിപ്പിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ആ വർഷം സെപ്റ്റംബർ 25ന് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

സ്പേസ്, പ്രതിരോധം, ആരോഗ്യം, കളിപ്പാട്ട നിർമാണം തുടങ്ങി 27 മേഖലകളിൽ സ്വദേശത്തും വിദേശത്തുമുള്ള കമ്പനികൾ നിക്ഷേപം നടത്തുകയും അതുവഴി വലിയൊരു ഉൽപാദന-വിതരണ-കയറ്റുമതി ശൃംഖലക്ക് രൂപം നൽകുമെന്നായിരുന്നു പ്രഖ്യാപനം. പത്ത് വർഷത്തിനുള്ളിൽ പത്ത് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.

മോദി സർക്കാർ അഭിമാന പദ്ധതിയായി അവകാശപ്പെടുന്ന ‘മേക്ക് ഇൻ ഇന്ത്യ’ക്ക് പത്ത് വർഷം പൂർത്തിയായിരിക്കുന്നു. രാജ്യത്തെ പാവപ്പെട്ടവർക്ക് വലിയ സ്വപ്നങ്ങൾ കാണാൻ ചിറകുവിരിച്ച പദ്ധതിയെന്നാണ് പത്ത് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി മോദി ‘മേക്ക് ഇൻ ഇന്ത്യ’യെ വിശേഷിപ്പിച്ചത്.

നിർമാണത്തിലെ ‘വളർച്ച’

രാജ്യത്തെ നിർമാണ മേഖലയിൽനിന്നുള്ള വരുമാനം പത്ത് വർഷത്തിനുള്ളിൽ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ (ജി.ഡി.പി) 25 ശതമാനമെങ്കിലും എത്തിക്കുക എന്നതായിരുന്നു ‘മേക്ക് ഇൻ ഇന്ത്യ’യുടെ ലക്ഷ്യം. കുടിൽ വ്യവസായം തൊട്ട് ബഹിരാകാശ ഗവേഷണ മേഖലയടക്കമുള്ള രംഗങ്ങൾ വിലയിരുത്തി ഇത്തരമൊരു വളർച്ചക്ക് ഇന്ത്യയിൽ വലിയ സാധ്യതയുണ്ടെന്ന് ലോക ബാങ്ക് ഉൾപ്പെടെ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. 1990കൾ മുതൽ ജി.ഡി.പിയിൽ നിർമാണ മേഖലയുടെ പങ്ക് 16-17 ശതമാനമായിരുന്നു. 2014ൽ അത് 15 ശതമാനവും. ഇപ്പോൾ അത് 17.7ൽ എത്തിനിൽക്കുന്നുവെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. അഥവ, 16.45 ലക്ഷം കോടിയുടെ നിക്ഷേപ സാധ്യത കൽപിക്കപ്പെട്ട മേഖലയിൽ ആകെ വളർച്ച രേഖപ്പെടുത്തിയത് കേവലം 2.7 ശതമാനം മാത്രം; പ്രതീക്ഷിച്ചത് പത്ത് ശതമാനത്തിന്റെ അധിക വളർച്ചയും.

തൊഴിലെവിടെ?

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ പത്ത് കോടി അധിക തൊഴിലാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാൽ, ഇതിൽ പകുതിപോലും സാധ്യമായില്ലെന്ന് വിവിധ കണക്കുകൾ (സ്റ്റാറ്റിസ്റ്റ, ബിസിനസ് സ്റ്റാൻഡേർഡ്, ആറാം സാമ്പത്തിക സെൻസസ്) വ്യക്തമാക്കുന്നു. 2017ൽ, 5.13 കോടി പേർക്ക് തൊഴിൽ ലഭിച്ചുവെങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധിയും കോവിഡും കാരണം 2023ഓടെ അത് മൂന്നര ക്കോടിയിലേക്ക് ചുരുങ്ങി. അഥവ, ഒന്നരക്കോടിയിലധികം യുവാക്കൾക്ക് മാത്രം ഈ കാലയളവിൽ തൊഴിൽ നഷ്ടമുണ്ടായി. വലിയ തൊഴിൽവാഗ്ദാനവുമായി രംഗത്തെത്തിയ കൊക്കകോള പോലുള്ള കമ്പനികളും നിരാശപ്പെടുത്തി. 3000 കോടി നിക്ഷേപവുമായി വന്ന കൊക്കകോള ഗുജറാത്തിൽ വന്നിട്ട് ആകെ തൊഴിൽ നൽകിയത് 1400 പേർക്കായിരുന്നു.


കയറ്റുമതി കുറഞ്ഞു; ഇറക്കുമതി?

ആഭ്യന്തര ഉൽപാദനം കൂടുമ്പോൾ സ്വാഭാവികമായും കയറ്റുമതിയും കൂടേണ്ടതാണ്. പക്ഷേ, ഒരു ഘട്ടത്തിലും കയറ്റുമതി വർധിച്ചതായി കാണുന്നില്ല. 2013-14ൽ, ജി.ഡി.പിയുടെ 25 ശതമാനമായിരുന്നു കയറ്റുമതി വരുമാനം. 2023-24ലെ കണക്കു പ്രകാരം അത് 23 ലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇറക്കുമതിയുടെ കാര്യം പരിശോധിക്കുമ്പോൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് എന്താണ് സംഭവിച്ചതെന്ന് കൂടുതൽ വ്യക്തമാകും. നിർമാണ മേഖലയിലടക്കം, ഉൽപാദനവും സേവനവും വർധിക്കുമ്പോൾ ഇറക്കുമതി കുറയുകയാണ് വേണ്ടത്. പദ്ധതി തുടങ്ങുമ്പോൾ ജി.ഡി.പിയുടെ 27 ശതമാനമായിരുന്ന ഇറക്കുമതി രണ്ടു വർഷത്തിനുള്ളിൽ 22ലെത്തി. എന്നാൽ, പിന്നീട് അത് 25ലേക്ക് ഉയർന്നു. അഥവ, പദ്ധതി ആദ്യം കുതിച്ചു; പിന്നീട് കിതച്ചു.

സർക്കാർ അവകാശവാദങ്ങൾ

27 മേഖലകൾ ഒന്നാകെ നോക്കുമ്പോൾ, പ്രതീക്ഷിച്ച കയറ്റുമതിയും സാമ്പത്തിക നേട്ടവുമില്ലെങ്കിലും ചില രംഗങ്ങളിൽ കുതിപ്പുണ്ടാക്കാൻ ‘മേക്ക് ഇൻ ഇന്ത്യ’യിലൂടെ സാധിച്ചു. അതിലൊന്ന് പ്രതിരോധ മേഖലയാണ്.

2014ൽ, പ്രതിരോധ മേഖലയിലെ കയറ്റുമതി വരുമാനം 1000 കോടിയായിരുന്നു. നിലവിൽ അത് 21,000 കോടിയിൽ എത്തി. നിലവിൽ 80 രാജ്യങ്ങൾ ഇന്ത്യയുടെ പ്രതിരോധ സാമഗ്രികൾ ഉപയോഗിക്കുന്നതായി മോദി പറയുന്നു. കളിപ്പാട്ട നിർമാണ മേഖലയിലും സമാനമായ വളർച്ചയുണ്ടായിട്ടുണ്ട്. കോവിഡ് വാക്സിൻ വികസിപ്പിച്ചതും വന്ദേ ഭാരത് ട്രെയിൻ നിർമാണവുമെല്ലാം മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയായിരുന്നുവെന്നാണ് കേന്ദ്ര സർക്കാറിന്റെ അവകാശവാദം.

Tags:    
News Summary - 10 years: What has 'Make in India' produced?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.