പാട്ന: കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷയായ സി-ടെറ്റിൽ ആൾമാറാട്ടം നടത്തിയതിന് ബിഹാറിൽ 12 പേർ അറസ്റ്റിലായി. ഉദ്യോഗാർഥികൾക്ക് പകരമായി പരീക്ഷ എഴുതാനെത്തിയവരാണ് ദർഭംഗ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി അറസ്റ്റിലായത്.
ഒമ്പത് പേരെ ലഹേരിയാസാരായിലെ പരീക്ഷ കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയതെന്ന് ദർഭംഗ പൊലീസ് സൂപ്രണ്ട് പറഞ്ഞു. രണ്ട് പേരെ സദാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരാളെ ബഹാദൂർപൂരിൽ നിന്നുമാണ് പിടികൂടിയത്. ബയോമെട്രിക് സംവിധാനം വഴി ഉദ്യോഗാർഥികളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
യഥാർഥ പരീക്ഷാർഥികൾക്ക് പകരം പരീക്ഷ എഴുതിക്കൊടുക്കാൻ എത്തിയവരാണ് അറസ്റ്റിലായത്. ഇവർ പണം വാങ്ങി പരീക്ഷ എഴുതുന്ന സംഘത്തിന്‍റെ ഭാഗമാണെന്നാണ് അനുമാനം. പൊലീസ് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്. യഥാർഥ പരീക്ഷാർഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രൂക്ഷ വിമർശനം നേരിടുന്നതിനിടെയാണ് സി-ടെറ്റ് പരീക്ഷയിലെ ആൾമാറാട്ടത്തിന്‍റെ വിവരങ്ങളും പുറത്തുവരുന്നത്. നേരത്തെ, ബിഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയിരുന്നു.
അതേസമയം, നീറ്റ് യു.ജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന് മുന്നിലാണ് ഹരജികളെത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം, നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയ വിഷയങ്ങൾ സുപ്രീംകോടതിക്ക് മുന്നിലുണ്ട്. എൻ.ടി.എ ശനിയാഴ്ച തുടങ്ങാനിരുന്ന നീറ്റ്-യു.ജി കൗണ്‍സലിങ് മാറ്റിയിരുന്നു. കോടതി നിർദേശമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുകയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.