ചെന്നൈ: കട തുറക്കാൻ വിസമ്മതിച്ചതിന് 14കാരിയെ തീകൊളുത്തി കൊന്നു. കേസിൽ രണ്ട് അണ്ണാ ഡി.എം.കെ പ്രവർത്തകർ അറസ്റ്റിൽ. വിഴുപ്പുറം തിരുവെണ്ണൈനല്ലൂർ സിറുമധുരൈ ഗ്രാമത്തിൽ വീടിനോടു ചേർന്ന് പെട്ടിക്കട നടത്തിയിരുന്ന ജയബാലിെൻറ മകൾ ജയശ്രീയാണ് കൊല്ലപ്പെട്ടത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മുൻ പഞ്ചായത്ത് കൗൺസിലർമാരും അണ്ണാ ഡി.എം.കെ പ്രാദേശിക നേതാക്കളുമായ ജി. മുരുകൻ (52), കെ. കലിയപെരുമാൾ (60) എന്നിവരാണ് പ്രതികൾ.
ഞായറാഴ്ച രാവിലെ 11.30ന് പ്രതികളെത്തി ജയശ്രീയോട് കട തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജയബാൽ വീട്ടിലുണ്ടായിരുന്നില്ല. അച്ഛൻ വരാതെ സാധനം നൽകാനാകില്ലെന്ന് ജയശ്രീ അറിയിച്ചു. തുടർന്നാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സമീപവാസികൾ ഒാടിയെത്തിയപ്പോൾ ജയശ്രീയുടെ കൈകൾ കൂട്ടിക്കെട്ടി വായിൽ തുണിതിരുകിയ നിലയിലായിരുന്നു. ഉടൻ വിഴുപ്പുറം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മുരുകനും ജയബാലും അടുത്ത ബന്ധുക്കളാണ്. ഏഴുവർഷം മുമ്പ് ജയബാലിെൻറ സഹോദരെൻറ ൈക വെട്ടിയ കേസിൽ മുരുകനും കലിയപെരുമാളും ജയിൽവാസമനുഭവിച്ചിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തരസഹായം പ്രഖ്യാപിച്ചു.
കേസിൽ കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ സമിതി സ്വമേധയാ ഇടപെട്ടു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും രേഖകൾ സഹിതം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമിതിയംഗം ഡോ.ആർ.ജി. ആനന്ദ് വിഴുപ്പുറം കലക്ടർക്ക് കത്തയച്ചു. സംഭവത്തിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഉൾപ്പെടെ നേതാക്കൾ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.