കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു; തീയിട്ടത് പൊലീസെന്ന് നാട്ടുകാർ, ആത്മഹത്യയെന്ന് പൊലീസ്

കാൻപൂർ: ഉത്തർപ്രശേദിലെ കാൻപുർ ദേഹത് ജില്ലയിലെ കൈയേറ്റമൊഴിപ്പിക്കൽ നടപടിക്കിടെ 45 കാരിയും മകളും തീപൊള്ളലേറ്റ് മരിച്ചു. സ്ത്രീയും 20 കാരിയായ മകളും സ്വയം തീകൊളുത്തി മരിക്കുകയായിരുന്നുവെന്ന് പൊലീസും എന്നാൽ കൈയേറ്റം ഒഴിപ്പിക്കാൻ വന്ന പൊലീസ്, സ്ത്രീയും മകളും അകത്തിരിക്കെ വീടിന് തീ കൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കളും ആരോപിക്കുന്നു.

പ്രമീള ദീക്ഷിതും മകൾ നേഹയുമാണ് തീ പൊള്ളലേറ്റ് മരിച്ചത്. ജില്ലയിലെ റൂറ മേഖലയിലുള്ള മദൗലി ഗ്രാമത്തിലാണ് സംഭവം. സർക്കാർ ഭൂമി കൈയേറിയത് ഒഴിപ്പിക്കാനായി പൊലീസ്, ജില്ലാ ഭരണകൂടം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ഒരുമിച്ച് പരിശ്രമിക്കുന്നതിനലിടെയാണ് ദുരന്തമുണ്ടായത്.

പൊലീസ് ബുൾഡോസറുകളുമായി രാവിലെ തന്നെ ഗ്രാമത്തിലെത്തുകയായിരുന്നെന്നും ആർക്കും മുൻകൂട്ടി നോട്ടീസ് നൽകിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

‘ഒഴിപ്പിക്കാനെത്തിയ സംഘം വീടുകൾക്കുള്ളിൽ ആളുകൾ ഉള്ളപ്പോൾ തന്നെ വീടിന് തീയിടുകയായിരുന്നു. ഞങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അവർ ഞങ്ങളുടെ ക്ഷേത്രവും തകർത്തു. ആരും, ജില്ല മജിസ്ട്രേറ്റ് പോലും ഒന്നും ചെയ്തില്ല. എല്ലാവരും ഓടുകയായിരുന്നു. ആർക്കും എന്റെ അമ്മയെ രക്ഷിക്കാനായില്ല.’ - മരിച്ച പ്രമീളയുടെ മകൻ ശിവം ദീക്ഷിത് പറഞ്ഞു.

എന്നാൽ പ്രമീളയും മകൾ നേഹയും സ്വയം തീകൊളുത്തുകയായിരുന്നെന്നും ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റൂറ സ്റ്റേഷൻ ഓഫീസർ ദിനേഷ് ഗൗതം, പ്രമീളയുടെ ഭർത്താവ് ജെൻദൻ ലാൽ എന്നിവർക്ക് പൊള്ളലേറ്റുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.

ഇവരുടെ മരണത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം ഉടലെടുക്കുകയും ഗ്രാമവാസികൾ പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - 2 Die In UP Anti-Encroachment Drive, Cops Say They Set Themselves On Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.