ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്തവർ കോവിഡ് മരണത്തിൽ നിന്നും 95 ശതമാനം സുരക്ഷിതരെന്ന് പഠനത്തിൽ തെളിഞ്ഞതായി കേന്ദ്ര ആരോഗ്യവകുപ്പ്. കോ വാക്സിൻ, കോവിഷീൽഡ് എന്നിങ്ങനെ രണ്ടു വാക്സിനുകളിൽ ഏതെങ്കിലും ഒരു ഡോസ് എടുത്തവർ മരണത്തിൽ നിന്നും 82 സുരക്ഷിതരും രണ്ട് ഡോസ് എടുത്തവർ 95 ശതമാനം സുരക്ഷിതരാണെന്നും ഐ.സി.എം.ആർ നടത്തിയ പഠനത്തിൽ വെളിപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് രണ്ടാംതരംഗം രൂക്ഷമായിരിക്കെ തമിഴ്നാട്ടിലെ 1,17,525 പേരിൽ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ പോൾ പറഞ്ഞു. ഇവരിൽ 17,059പേർ ഒരു വാക്സിനും എടുക്കാത്തവരായിരുന്നു. ഇവരിൽ 20 പേർ രോഗം ബാധിച്ചുമരിച്ചു. ഒരു ഡോസ് വാക്സിൻ ലഭിച്ച 32,792 പൊലീസ് ഉദ്യോഗസ്ഥരിൽ ഏഴ് മരണവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച 67,673 പൊലീസ് ഉദ്യോഗസ്ഥരിൽ നാല് മരണവുമാണ് ഉണ്ടായത്.
കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രണ്ടാംതരംഗം രൂക്ഷമായിരിക്കെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും വി.കെ പോൾ പറഞ്ഞു. അതായത്, ഡെൽറ്റ വകഭേദങ്ങൾക്കും കോവിഡ് വാക്സിനുകൾ ഫലപ്രദമാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2020 ഒക്ടോബറിൽ ആദ്യം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് ഡെൽറ്റ വകഭേദം രാജ്യത്തെ 111 രാജ്യങ്ങളിലാണ് പിന്നീട് കണ്ടെത്തിയത്. ഡെൽറ്റ വകഭേദം മ്യൂട്ടേഷന് വിധേയമായി ഡെൽറ്റ പ്ലസ് എന്ന മറ്റൊരു വകഭേദം കൂടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമോ പകരുന്നതോ ആയ വൈറസല്ല ഡെൽറ്റ പ്ലസെന്നാണ് സർക്കാർ വിദ്ഗധർ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.