മുംബൈ: തടിവ്യവസായികളിൽ നിന്നും രക്ഷിച്ച 20 ആനകൾ ആനന്ദ് അംബാനി സ്ഥാപിച്ച വന്ദാര മൃഗശാലയിലേക്ക്. 10 കൊമ്പനാനയും എട്ട് പിടിയാനകളും രണ്ട് കുട്ടിയാനകളുമാണ് മൃഗശാലയിലേക്ക് എത്തുന്നത്. അരുണാചൽപ്രദേശിലെ മരം മുറി മാഫിയയിൽ നിന്നും രക്ഷിച്ച ആനകളെയാണ് ആനന്ദ് അംബാനിയുടെ നേതൃത്വത്തിലുള്ള മൃഗശാലയിലേക്ക് എത്തിക്കുക.
ത്രിപുര ഹൈകോടതിയുടെ നേതൃത്വത്തിലുള്ള ഉന്നതതല കമിറ്റിയുടെ അനുമതിയോടെയാണ് ആനകളെ മൃഗശാലയിലേക്ക് എത്തുന്നത്. ഉടമകളുടെ പൂർണ സമ്മതത്തോടെയാണ് നടപടി. വൈകാതെ ആനകളുടെ താമസത്തിന് മൃഗശാലയിൽ സ്ഥിരം സംവിധാനം ഒരുക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
ചങ്ങലകളില്ലാതെയായിരിക്കും ആനകളെ മൃഗശാലയിൽ പാർപ്പിക്കുക. ആനകൾക്ക് മൃഗശാലയിൽ ജോലി ചെയ്യേണ്ടിയും വരില്ല. തടിവ്യവസായികൾ ചെയ്യിപ്പിച്ച ജോലികൾ കൊണ്ട് ആനകളുടെ ആരോഗ്യനില മോശമായിരുന്നു. വലിയ മുറിവുകളും ആനകൾക്ക് ഉണ്ടായിരുന്നു.
ആനകൾക്ക് പുതിയ വാസസ്ഥലം ഒരുക്കുന്നതിനൊപ്പം ഉടമകൾക്കും ആനയുടെ പാപ്പാൻമാർ ഉൾപ്പടെയുള്ളവരുടേയും പുനരധിവാസവും മൃഗശാല അധികൃതർ ഉറപ്പാക്കും. ആനകളെ കൊണ്ടുപോകുന്നതിനായി വെറ്റിനററി ഡോക്ടർമാർ ഉൾപ്പടെയുള്ള 200 പേരുടെ സംഘം അരുണാചൽപ്രദേശിൽ എത്തിയിരുന്നു. ആനകളെ നോക്കുന്നതിനായി ആളുകൾക്ക് മൃഗശാലയിൽ പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.