Image credit: Istock.com/Halfpoint

അഞ്ച് കുഞ്ഞുങ്ങൾക്ക് ജീവിതം നൽകി ഒന്നരവയസുകാരി യാത്രയായി; അപൂർവ അവയവദാനം

ന്യൂഡൽഹി: ഒന്നരവയസുകാരിയായ ധനിഷ്തയെ ജനുവരി എട്ടിന് വൈകീട്ട് ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലേക്ക് കൊണ്ടുവന്നത് അത്യാസന്ന നിലയിലായിരുന്നു. വീട്ടിലെ ഒന്നാംനിലയുടെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് മാരകമായി പരിക്കേറ്റിരുന്നു കുഞ്ഞിന്. ചികിത്സയോട് കുഞ്ഞ് പ്രതികരിച്ചിരുന്നില്ല. ജനുവരി 11ന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

തങ്ങളുടെ കുഞ്ഞിനെ ജീവിതത്തിൽ നിന്ന് നഷ്ടമായെങ്കിലും മറ്റേതെങ്കിലും കുഞ്ഞുങ്ങൾക്ക് ജീവിതത്തിലേക്ക് തിരികെയെത്താൻ ഇതുവഴി സാധിക്കുമെങ്കിൽ അതിന് സന്നദ്ധരായിരുന്നു രക്ഷിതാക്കൾ. തങ്ങളുടെ കുഞ്ഞിന്‍റെ അവയവങ്ങൾ മറ്റേതെങ്കിലും കുരുന്നുകൾക്ക് ആവശ്യമുണ്ടോയെന്ന് പിതാവ് ആശിഷ് കുമാർ ഡോക്ടർമാരോട് ചോദിച്ചു. പ്രയാസമനുഭവിക്കുന്ന നിരവധി രക്ഷിതാക്കളെ ആശുപത്രിയിൽ വെച്ച് ഇവർ കണ്ടിരുന്നു. അങ്ങനെ അവയവങ്ങൾ ആവശ്യമായി വന്ന അഞ്ച് കുഞ്ഞുങ്ങളെ ആശുപത്രി അധികൃതരുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു.

തങ്ങളുടെ കുഞ്ഞിനോടുള്ള ആദരാജ്ഞലിയാണിതെന്നും മകൾ അഞ്ച് കുഞ്ഞുങ്ങളിലൂടെ എക്കാലവും ഓർമിക്കപ്പെടുമെന്നും രക്ഷിതാക്കൾ പറഞ്ഞു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മരണാനന്തര അവയവദാനമാണ് നടന്നത്. രക്ഷിതാക്കളുടെ ത്യാഗം മഹത്തരമാണെന്ന് ശ്രീ ഗംഗാറാം ആശുപത്രി ചെയർമാൻ പറഞ്ഞു. ലോകത്ത് തന്നെ ഏറ്റവും കുറവ് അവയവദാനം നടക്കുന്ന രാജ്യമാണ് ഇന്ത്യ. 10 ലക്ഷത്തിൽ 0.26 മാത്രമാണ് അവയവദാന നിരക്ക്. വർഷാവർഷം അഞ്ച് ലക്ഷം പേരാണ് അവയവങ്ങൾ ലഭിക്കാതെ മരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - 20-Month-Old Becomes India's Youngest Organ Donor, Saves 5 Lives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.