ന്യൂഡല്‍ഹി: മന്ത്രിയായിരിക്കെ ഗുജറാത്തിലെ ദ്വാരക ക്ഷേത്രം സന്ദര്‍ശിച്ച വേളയില്‍ തന്നോട് ജാതി ചോദിച്ചതായി മുന്‍ സാമൂഹികനീതി മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ കുമാരി സെല്‍ജയുടെ വെളിപ്പെടുത്തല്‍. ഭരണഘടനയിലെ മതേതരത്വത്തെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടയിലാണ് വൈകാരികത നിറഞ്ഞ വാക്കുകളിലൂടെ കുമാരി സെല്‍ജ തന്‍െറ അനുഭവം വിവരിച്ചത്. എം.പിയുടെ പരാമര്‍ശം സഭയെ പ്രക്ഷുബ്ധമാക്കി.
‘ഞാനൊരു ദലിതയാണ്. ഹിന്ദുവുമാണ്. നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പക്ഷേ, ദ്വാരക ക്ഷേത്രം സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ കാബിനറ്റ് മന്ത്രിയായ എന്നോടുപോലും ജാതി ചോദിച്ചു’ -സെല്‍ജ തന്‍െറ അനുഭവം വിവരിച്ചു. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അതീവ ഗൗരവമേറിയതാണെന്നായിരുന്നു സഭയിലുണ്ടായിരുന്ന മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം. സംഭവം നടന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയോ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെയോ എന്തുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നും ജെയ്റ്റ്ലി ചോദിച്ചു.
 താനൊരു കാബിനറ്റ് മന്ത്രിയായിരുന്നതുകൊണ്ടും തന്‍െറ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരുന്നതുകൊണ്ടുമാണ് അത് വിഷയമാക്കാതിരുന്നതെന്നും ഇപ്പോള്‍ പഴയ സംഭവം ഓര്‍മിക്കുന്ന സാഹചര്യം ഉണ്ടായതുകൊണ്ടാണ് ഇത് പറയുന്നതെന്നുമായിരുന്നു സെല്‍ജ നല്‍കിയ വിശദീകരണം. ഇതോടെ സഭാന്തരീക്ഷം പ്രക്ഷുബ്ധമായി. സെല്‍ജയുടെ വേദന മനസ്സിലാക്കുന്നുവെന്നു പറഞ്ഞുതുടങ്ങിയ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അനേകം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച തനിക്ക് ഇതുവരെ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ളെന്ന് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ സെല്‍ജയുടെ അന്തസ്സ് ചോദ്യംചെയ്ത് രംഗത്തത്തെി. വികാരഭരിതമായിരുന്നു സെല്‍ജയുടെ പ്രതികരണം. കണ്ണുകള്‍ ഈറനണിഞ്ഞുനിന്ന സെല്‍ജയെ സമാശ്വസിപ്പിക്കാന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് ഇടപെടേണ്ടിവന്നു. സഭാ രേഖകള്‍ പരിശോധിച്ച് സെല്‍ജയുടെ അന്തസ്സ് അംഗങ്ങളിലാരെങ്കിലും ചോദ്യംചെയ്തതായി ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന താക്കീത് നല്‍കിയതോടെയാണ് സഭ ശാന്തമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.