ചെന്നൈയില്‍ നിന്ന് കൂട്ടപാലായനം; നഗരത്തിൽ നേരിയ മഴ

ചെന്നൈ: മഴയുടെ ശക്തി കുറഞ്ഞ് വെള്ളക്കെട്ടുകള്‍ ഒഴിഞ്ഞുപോയി തുടങ്ങിയതോടെ ദുരിതകടലില്‍ നിന്ന് ലക്ഷകണക്കിന് ജനം ചെന്നൈയില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നു. പതിനായിരകണക്കിന് അന്യസംസ്ഥാനക്കാര്‍ക്കൊപ്പം സ്വദേശികളായ ആയിരങ്ങളും നഗരം വിടുകയാണ്. പകര്‍ച്ചാവ്യാധി ഭീഷണിയും നഗരത്തില്‍ നിന്ന് പുറത്തേക്കുള്ള ഒഴുക്കിന്‍െറ ആക്കംകൂട്ടി. ചെന്നൈക്ക് പുറത്ത് നിന്ന് പുനരാരംഭിച്ച ട്രയിന്‍ വ്യോമ ഗതാഗത സംവിധാനമാണ് പ്രധാന ആശ്രയം.  വിമാന സർവീസുകൾ ഞായറാഴ്ച പുനരാരംഭിച്ചു. പോർട് ബ്ലയറിലേക്കും ഡൽഹിയിലേക്കും എയർ ഇന്ത്യ ഇന്ന് സർവീസുകൾ നടത്തുന്നുണ്ട്.

ദേശീയ പാതകളും വിവിധ റോഡുകളും ഭാഗികമായി തുറന്നിട്ടുണ്ട്. ചെന്നൈ എഗ്മോര്‍ സ്റ്റേഷനില്‍ നിന്ന് ചില ട്രയിനുകള്‍ ഓടിത്തുടങ്ങി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ പൂര്‍ണ്ണതോതില്‍ ട്രയിന്‍ ഗതഗതം പുനസ്ഥാപിക്കുകയുള്ളൂ.   വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ കുടുങ്ങിയ മലയാളികള്‍ നഗരത്തിന് പുറത്തെ ആര്‍ക്കോണം, തിരുവള്ളൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രയിനുകളില്‍ യാത്ര തിരിച്ചു തുടങ്ങി. ആര്‍ക്കോണത്തെ  രാജാലി വ്യോമസേനാ താവളത്തില്‍ നിന്ന് കേരളത്തിലേക്ക് വിമാനങ്ങള്‍ പുറപ്പെട്ടു. ചെന്നൈ നഗരത്തിലെ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് കേരളത്തിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തുടങ്ങിയതും മലയാളികള്‍ക്ക് ആശ്വാസമായി. 38 യാത്രക്കാരുമായി പാലക്കാട് വഴി എറണാകുളത്തേക്ക് കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സര്‍വീസ് ശനിയാഴ്ച രാവിലെ പുറപ്പെട്ടു.

പിന്നീട് കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലേക്കും ബസുകള്‍ പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് പുറപ്പെട്ട ബസുകളില്‍ മലയാളികളുടെ നല്ലതിരക്ക് അനുഭവപ്പെട്ടു. ഇവിടെ നിന്ന് പുറപ്പെട്ട നിരവധി സ്വകാര്യ ബസുകളും മലയാളികള്‍ക്ക് ആശ്വാസമായി. ഇതേ കാലാവസ്ഥ തുടരുകയാണെങ്കില്‍ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എട്ടാംതീയതി പൂര്‍ണ്ണതോതില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞതോടെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ വെള്ളക്കെട്ട് ഒഴിഞ്ഞുതുടങ്ങി. ഇടവിട്ട് ചാറ്റല്‍ മഴ ചെന്നൈ നഗരത്തില്‍ പെയ്യുന്നുണ്ട്. മേഘാവൃതമായ ആകാശമാണ് എങ്ങും. ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന അഡയാര്‍, കൂവം നദികളിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ തീരപ്രദേശങ്ങളിലെ കോളിനികളില്‍ നിന്ന് ജലം പിന്‍വലിഞ്ഞു.

വ്യാപകമായ പരാതികള്‍ക്കിടയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പുതിയ മരണങ്ങളോ കൂട്ട ദുരന്തങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കരസേന തലവന്‍ ദല്‍ബീര്‍ സിങ് ചെന്നൈയില്‍ വ്യോമ നിരീക്ഷണം നടത്തി സൈനികരുടെ സേവനങ്ങള്‍ വിലയിരുത്തി. ഭക്ഷണവും മെഡിക്കല്‍ സൗകര്യവുമായി വിശാഖപട്ടണത്ത് നിന്ന് നാവിക സേനയുടെ യുദ്ധകപ്പലായ ഐ.എന്‍.എസ് ഐരാവത്  ചെന്നൈ തുറമുഖത്തത്തെി. സര്‍ക്കാരിനൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ ഭക്ഷണം കുടിവെള്ളം എന്നിവ വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. പാല്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. ബാങ്കുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇപ്പോഴും നൂറുകണക്കിന് പേര്‍ കുടുങ്ങികിടപ്പുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ആവശ്യസാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇന്ധനക്ഷാമവും നേരിടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.