ഇട്ടനഗര്‍: മുന്‍ ധനമന്ത്രി കലിഖോ പുലിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ പകുതിയിലേറെ എം.എല്‍.എമാരും രംഗത്തുവന്നതോടെ അരുണാചല്‍ പ്രദേശില്‍ നബാം തുകി നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിന് ഭരണപ്രതിസന്ധി.
42 എം.എല്‍.എമാരുള്ള കോണ്‍ഗ്രസില്‍നിന്ന് 22 പേരെ ഇതിനകം സ്വന്തം വരുതിയിലാക്കിയ കലിഖോ പുല്‍ ആറു പേരെ കൂടി ചേര്‍ത്ത് മൂന്നില്‍ രണ്ട് അംഗങ്ങളുമായി സഭയില്‍ പുതിയ കക്ഷിയാവാനുള്ള ശ്രമത്തിലാണ്.
പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും ഒപ്പമുണ്ടെങ്കില്‍ കൂറുമാറ്റ നിയമപ്രകാരം അയോഗ്യത വരാതെ രക്ഷപ്പെടാം. നിലവിലെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയുടെയും ചില സ്വതന്ത്രരുടെയും പിന്തുണ ഇദ്ദേഹം നേരത്തെ ഉറപ്പാക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് 11 അംഗങ്ങളാണുള്ളത്.
 30 പേരുടെ പിന്തുണയുണ്ടെങ്കില്‍ നിലവിലെ സര്‍ക്കാറിനെ മറിച്ചിടാനാകും.
സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വവും സമ്മതിക്കുന്നുണ്ട്.
സ്പീക്കര്‍ നബാം റെബിയയെ ഇംപീച് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വിമതരും ബി.ജെ.പിയും രണ്ട് സ്വതന്ത്രരും ചേര്‍ന്ന് കൊണ്ടുവന്ന പ്രമേയം ജനുവരി 16ന് ചേരുന്ന നിയമസഭാ സമ്മേളനം പരിഗണിക്കുന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാകും.
ഇതേ അംഗങ്ങള്‍ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.