രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ജനുവരി ഒന്നു മുതല്‍ പാന്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: രണ്ട് ലക്ഷത്തിനു മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും ജനുവരി ഒന്നു മുതല്‍ പാന്‍ നമ്പര്‍ (പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍) നിര്‍ബന്ധം. കള്ളപ്പണം തടയാനാണ് പുതിയ നടപടി. 10 ലക്ഷം രൂപ മുതല്‍ മൂല്യമുള്ള സ്ഥാവര വസ്തുക്കളുടെ ക്രയവിക്രയത്തിന് ഇനി പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. 50,000 രൂപക്ക് മുകളിലുള്ള ഹോട്ടല്‍, റെസ്റ്റേറന്‍റ് ബില്ലുകള്‍ക്കും വിദേശ വിമാനയാത്ര ടിക്കറ്റുകള്‍ക്കും ലക്ഷം രൂപക്ക് മുകളിലുള്ള, ലിസ്റ്റുചെയ്യാത്ത കമ്പനികളുടെ ഓഹരികളുടെ വാങ്ങലിനും വില്‍പ്പനക്കും പാന്‍ നമ്പര്‍ നിര്‍ബന്ധമാവും. നേരത്തെ ഇവ മൂന്നിനും യഥാക്രമം അഞ്ച് ലക്ഷം, 25000, 50000 എന്നിങ്ങനെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നതെങ്കിലും സാധാരണക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഇരട്ടിയാക്കുകയായിരുന്നു.

ഒരു ലക്ഷം രൂപക്കു മുകളിലുള്ള എല്ലാ ക്രയവിക്രയങ്ങള്‍ക്കും പാന്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച നിവേദനങ്ങള്‍ പരിഗണിച്ചാണ് പരിധി രണ്ട് ലക്ഷമാക്കി നിര്‍ണയിച്ചത്്. എല്ലാ വിധത്തിലുമുള്ള പണമിടപാടുകള്‍ക്കും ഇത് ബാധകമാണ്. പാന്‍ കാര്‍ഡില്ലാത്തവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖക്കൊപ്പം പ്രത്യേകം അപേക്ഷ പൂരിപ്പിച്ചു നല്‍കണം. 50,000 രൂപക്ക് മുകളിലുള്ള പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങള്‍ക്ക് പാന്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.

സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍ മുതലായവ വാങ്ങുന്നതിന് പാന്‍ നിര്‍ബന്ധമാക്കിയിരുന്ന പരിധി അഞ്ച് ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി കുറക്കുകയാണെന്നും കള്ളപ്പണം എത്തുന്ന പ്രധാന മേഖലയെന്ന നിലയിലാണിതെന്നും റെവന്യൂ സെക്രട്ടറി ഹാസ്മുഖ് ആധ്യ പറഞ്ഞു.  പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന ഒഴികെ എല്ലാ ബാങ്ക് അക്കൗണ്ടുകളും തുടങ്ങുന്നതിനും പാന്‍ നിര്‍ബന്ധമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.