അസഹിഷ്ണുത, ബീഫ് രാഷ്ട്രീയം: പാർലമെൻറിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുത പാർലമെൻറിൽ ചർച്ചചെയ്യാൻ ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. നവംബർ 26നാണ് പാർലമെൻറിെൻറ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. ദാദ്രി സംഭവം, ഡൽഹി കേരള ഹൗസിലെ ബീഫ് റെയ്ഡ് തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തി കോൺഗ്രസ് ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി.  അസഹിഷ്ണുതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ സി.പി.എമ്മും തൃണമൂൽ കോൺഗ്രസും വെവ്വേറെ നോട്ടീസ് നൽകി. ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിയുടെ ആവേശത്തിൽ സർക്കാറിനെ പാർലമെൻറിൽ കടന്നാക്രമിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. അസഹിഷ്ണുത, ബീഫ് രാഷ്ട്രീയം പോലുള്ള വിഷയങ്ങൾ മോദി സർക്കാറിെൻറ വർഗീയ അജണ്ട തുറന്നുകാട്ടാനുള്ള അവസരമാണ് പ്രതിപക്ഷത്തിന് ഒരുക്കുന്നത്.

അത് പാർലമെൻറിൽ പരമാവധി കത്തിച്ചുനിർത്താൻ പ്രതിപക്ഷം ശ്രമിക്കുകയും ചെയ്യും. ചുരുക്കത്തിൽ,  ഒരുമാസം നീളുന്ന ശീതകാല സമ്മേളനം ലളിത് മോദി വിവാദത്തിൽ ഉടക്കി ഏറക്കുറെ പൂർണമായും മുടങ്ങിയ വർഷകാല സമ്മേളനത്തിെൻറ ആവർത്തനമാകാനാണ് സാധ്യത. നികുതി പിരിവിലെ വമ്പൻ പരിഷ്കാരമായ ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) മുൻനിശ്ചയപ്രകാരം 20016 ഏപ്രിലിൽ നിലവിൽവരേണ്ടതാണ്. എന്നാൽ, ജി.എസ്.ടി ബിൽ പാർലമെൻറിൽ പാസാക്കിയെടുക്കാൻ മോദി സർക്കാറിന് കഴിഞ്ഞിട്ടില്ല.  ഭരണഘടനാ ഭേദഗതി ആയതിനാൽ മൂന്നിൽരണ്ടു ഭൂരിപക്ഷം വേണം.
രാജ്യസഭയിൽ സർക്കാറിന് കേവല ഭൂരിപക്ഷംതന്നെയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ജി.എസ്.ടി  ഉൾപ്പെടെയുള്ള ബില്ലുകൾ പാസാക്കിയെടുക്കുക മോദി സർക്കാറിന് ദുഷ്കരമായ ദൗത്യമാണ്. സഭാ നടപടികൾ മുടക്കാതെ ബില്ലുകൾ പാസാക്കാൻ സഹകരിക്കണമെങ്കിൽ അസഹിഷ്ണുത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കും.

പ്രതിപക്ഷ ശാഠ്യത്തിന് വഴങ്ങാൻ പ്രധാനമന്ത്രി മോദി തയാറാകുന്നില്ലെങ്കിൽ കൂട്ട സസ്പെൻഷൻ ഉൾപ്പെടെ വർഷകാല സമ്മേളനത്തിലെ പ്രക്ഷുബ്ധ രംഗങ്ങൾ ഇക്കുറിയും ആവർത്തിച്ചേക്കാം. ബിഹാർ തെരഞ്ഞെടുപ്പ് ഫലം നൽകിയ വർധിത വീര്യമുള്ള പ്രതിപക്ഷത്തെയാണ് ഇക്കുറി പാർലമെൻറിൽ കാണാനാവുക.
ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ, പാർട്ടിയിലെ സമഗ്രാധിപത്യം ചോദ്യംചെയ്യപ്പെട്ടതിെൻറ ഇരട്ടപ്രഹരവുമായാണ് പ്രധാനമന്ത്രി മോദി പാർലമെൻറിൽ എത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.