ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെതിരെ സി.പി.എം എം.പി മുഹമ്മദ് സലിം നടത്തിയ പരാമർശത്തെ തുടർന്നുണ്ടായ ബഹളത്തിൽ ലോക്സഭ സ്തംഭിച്ചു. 800 വർഷത്തിനിടെ ഇന്ത്യക്ക് ആദ്യമായാണ് ഹിന്ദു പ്രധാനമന്ത്രിയെ ലഭിച്ചതെന്ന് രാജ് നാഥ് സിങ് പറഞ്ഞുവെന്നാണ് മുഹമ്മദ് സലീമിൻെറ പരാമർശം. ആർ.എസ്.എസ് യോഗത്തിലാണ് രാജ്നാഥ് സിങ് ഇക്കാര്യം പറഞ്ഞതെന്നും മുഹമ്മദ് സലീം വ്യക്തമാക്കി. ഔട്ട്ലുക്ക് മാഗസിൻ ഉദ്ധരിച്ചുകൊണ്ടായിരുന്നു സലീമിൻെറ ആരോപണം. ബഹളത്തെ തുടർന്ന് ലോക്സഭ ആദ്യം രണ്ടുമണിവരെ നിർത്തിവെച്ചു. രണ്ട് മണിക്ക് പുനരാരംഭിച്ചെങ്കിലും സലിം മാപ്പുപറയണമെന്ന ആവശ്യത്തെ തുടർന്ന് സഭ വീണ്ടും ബഹളത്തിലാണ്ടു. പ്രസ്താവന പിൻവലിക്കില്ലെന്ന നിലപാടിൽ സലിമും ഉറച്ചുനിന്നതോടെ സഭ വീണ്ടും നിർത്തിവെക്കേണ്ടിവന്നു.
സലിമിൻെറ പ്രസ്താവനയോടെ ഭരണപക്ഷം ബഹളം വെച്ചു. സി.പി.എം എം.പി പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും ഏറെ വേദനയുണ്ടാക്കിയ ആരോപണമാണിതെന്നും രാജ്നാഥ് സിങ് പറഞ്ഞു. താൻ ഇങ്ങനെയുള്ള പ്രസ്താവന നടത്തില്ല എന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കുപോലും അറിയാം. തൻെറ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വേദനയുണ്ടാക്കുന്ന ആരോപണം കേൾക്കുന്നത്. മുഹമ്മദ് സലിം പറഞ്ഞ ആരോപണം ശരിയാണെങ്കിൽ ഒരു ആഭ്യന്തര മന്ത്രിക്കും ആ പദത്തിൽ ഇരിക്കാൻ അർഹതയില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ലോക്സഭയിൽ അസഹിഷ്ണുതയെ പറ്റിയുള്ള ചർച്ചക്കിടെയായിരുന്നു മുഹമ്മദ് സലീമിൻെറ പരാമർശം. സലിമാണ് ചർച്ച ആരംഭിച്ചത്. സലിം പ്രസ്താവന പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും പറഞ്ഞു.
അതേസമയം താൻ ഒരു പ്രസിദ്ധീകരണത്തെ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്ന് മുഹമ്മദ് സലിം പറഞ്ഞു. ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിൽ രാജ്നാഥ് പ്രസിദ്ധീകരണത്തിനെതിരെ നോട്ടീസ് അയക്കട്ടെയെന്നും സലീം പ്രതികരിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള പാർലമെൻറംഗമാണ് മുഹമ്മദ് സലിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.