നഴ്സിങ് റിക്രൂട്ട്മെന്‍റില്‍ വീണ്ടും സ്വകാര്യ ഏജന്‍സികളെ അനുവദിക്കുന്നു

ന്യൂഡല്‍ഹി: നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമാക്കി കഴിഞ്ഞവര്‍ഷം മാര്‍ച്ച് 12ന് പ്രവാസികാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്യാന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയെ അറിയിച്ചു. വിവാദ ഉത്തരവ് ചോദ്യംചെയ്ത് യുനൈറ്റഡ് നഴ്സസ് അസോസിയേഷനും വിവിധ ഏജന്‍സികളും നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍റ്സ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞവര്‍ഷത്തെ ഉത്തരവ് ഭരണഘടനാവിരുദ്ധവും എമിഗ്രേഷന്‍ നിയമവ്യവസ്ഥകളുടെ ലംഘനവുമാണെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചിരുന്നു. ഉത്തരവില്‍ ഭേദഗതിവരുത്താന്‍ തയാറല്ളെങ്കില്‍ റദ്ദാക്കേണ്ടിവരുമെന്ന നിലപാട് കോടതി സ്വീകരിച്ചതിനെ തുടര്‍ന്നാണ് രണ്ടാഴ്ചക്കകം ഭേദഗതിചെയ്യാമെന്ന് പ്രൊട്ടക്ടര്‍ കോടതിയെ അറിയിച്ചത്.
കേന്ദ്രം നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 27ലേക്ക് മാറ്റി. നഴ്സുമാരുടെ സംരക്ഷണത്തിനിറക്കിയ ഉത്തരവ് ഫലത്തില്‍ നിയമപരമായി നിലനില്‍ക്കുന്നതല്ളെന്നും ഉത്തരവ് തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്നും പ്രൊട്ടക്ടര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.
ഉത്തരവിനുശേഷവും അനധികൃത റിക്രൂട്ട്മെന്‍റ് തടയുന്നതില്‍ സര്‍ക്കാറിന് പൂര്‍ണവിജയം നേടാനായില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുനൈറ്റഡ് നഴ്സസ് അസോസിയേഷനുവേണ്ടി അഡ്വ. സുഭാഷ് ചന്ദ്രന്‍ ഹാജരായി. പുതുക്കിയ ഉത്തരവ് ഇറങ്ങുന്നതിനിടക്ക് അര്‍ഹരായ ഏജന്‍സികള്‍ക്ക് ഇന്‍റര്‍വ്യൂ ഉള്‍പ്പെടെയുള്ള അനുമതിക്കായി പ്രൊട്ടക്ടറെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.