ഡല്‍ഹിയില്‍ സ്വകാര്യ സ്കൂളുകളിലെ മാനേജ്മെന്‍റ് ക്വോട്ട സര്‍ക്കാര്‍ റദ്ദാക്കി

ന്യൂഡല്‍ഹി: സ്വകാര്യ സ്കൂളുകളിലെ നഴ്സറി പ്രവേശത്തിനുള്ള മാനേജ്മെന്‍റ് ക്വോട്ട സീറ്റുകള്‍ ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കി. സ്കൂള്‍ പ്രവേശം സുതാര്യവും ജനകീയവും സുഗമവും ആക്കുന്നതിന്‍െറ ഭാഗമായാണ് നടപടിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള 25 ശതമാനം ക്വോട്ട തുടരും. വിവേചനം ഒഴിവാക്കുന്നവിധത്തില്‍ പ്രവേശത്തിന് മാര്‍ഗരേഖ കൊണ്ടുവരാന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്വകാര്യ എയ്ഡഡ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സാധാരണക്കാരുടെ മക്കള്‍ക്ക് ഒരു രീതിയിലും പ്രവേശം ലഭിക്കാന്‍ വഴിയില്ലാത്ത രീതിയിലെ വിചിത്രവും വിനാശകരവുമായ മാനദണ്ഡങ്ങളാണ് പല സ്കൂളുകളും മുന്നോട്ടുവെച്ചത്. മാംസാഹാരം കഴിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് നഴ്സറി പ്രവേശം നിഷേധിക്കാന്‍ തീരുമാനിച്ചവരും സംഗീതവും ചിത്രകലയും അറിയുന്നവരുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചവരുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനേജ്മെന്‍റ് ക്വോട്ട നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നും സ്കൂളുകള്‍ എതിര്‍ത്താല്‍ കോടതിയില്‍ നേരിടുമെന്നും അദ്ദേഹം അറിയിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.