മുസ്ലിംകളില്‍ 47 ശതമാനവും 20 വയസ്സിനു താഴെയുള്ളവര്‍

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിംകളില്‍ 47 ശതമാനവും 20 വയസ്സിനു താഴെയുള്ളവര്‍. എല്ലാ മതവിഭാഗങ്ങളിലുംവെച്ച് ഏറ്റവും ഉയര്‍ന്ന തോതാണിതെന്നും 2011ലെ സെന്‍സസ് പറയുന്നു. ജനസംഖ്യയില്‍ ഇത് 41 ശതമാനമാണ്. രാജ്യത്തെ കുട്ടികളും ചെറുപ്പക്കാരുമായി താരതമ്യംചെയ്താല്‍ പ്രായമായവരുടെ അനുപാതം കുറഞ്ഞുവരുകയാണെന്നും സെന്‍സസ് കണക്ക് വ്യക്തമാക്കുന്നു. ജനസംഖ്യയുടെ ഒമ്പത് ശതമാനം മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവര്‍. 50 ശതമാനമാണ് 20-59 പ്രായക്കാര്‍. അതേസമയം, 20 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണത്തില്‍ 10 വര്‍ഷംകൊണ്ട് കാര്യമായ കുറവുണ്ടായിട്ടുമുണ്ട്. 2001ലെ സെന്‍സസ് പ്രകാരം 45 ശതമാനമായിരുന്നത് 2011 ആയപ്പോഴേക്ക് 41ല്‍ എത്തി.
ഹിന്ദുക്കളില്‍ 44 ശതമാനവും 20 വയസ്സില്‍ താഴെയുള്ളവരാണ്. 0-19 വയസ്സ് വിഭാഗത്തില്‍പെടുന്നവര്‍ ജൈനമതത്തില്‍ 29 ശതമാനവും ക്രിസ്ത്യാനികളില്‍ 37 ശതമാനവും സിഖുകാരില്‍ 35 ശതമാനവും ബുദ്ധമതാനുയായികളില്‍ 37 ശതമാനവുമാണ്.
മുസ്ലിംകളില്‍ കേവലം 6.4 ശതമാനം മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവര്‍. ജൈന, സിഖ് വിഭാഗങ്ങളില്‍ ഇത് 12 ശതമാനം വീതമാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് 15 വയസ്സില്‍ താഴെയുള്ള, മറ്റുള്ളവരെ ആശ്രയിക്കുന്ന കുട്ടികളുടെ അനുപാതത്തിലും 10 വര്‍ഷംകൊണ്ട് കാര്യമായ കുറവുണ്ടായി. 2001ല്‍ ഇത് 1000 മുതിര്‍ന്നവര്‍ക്ക് 621 കുട്ടികള്‍ ആയിരുന്നെങ്കില്‍ 2011 ആയപ്പോള്‍ 510 ആയി കുറഞ്ഞു. അതേസമയം, ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ധന പ്രായമായ, മറ്റുള്ളവരെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. 2001ലെ 131ല്‍നിന്ന് 2011ല്‍ 142 ആയി ഉയര്‍ന്നു. മതവിഭാഗങ്ങളില്‍ മൊത്തം ആശ്രിതത്വം ഏറ്റവും കൂടുതല്‍ മുസ്ലിംകളിലാണ് -748. ഏറ്റവും കുറവ് ജൈനമതത്തിലും -498. ഹിന്ദുക്കളില്‍ ഇത് 640 ആണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.