വോട്ടര്‍മാര്‍ക്ക് കോഴ: തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്രത്തെ സമീപിക്കുന്നു

വോട്ടര്‍മാര്‍ക്ക് കോഴ: തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്രത്തെ സമീപിക്കുന്നു

ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക് കോഴ നല്‍കിയതായി തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാവുന്ന നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കര്‍ണാടകയിലെ ചില എം.എല്‍.എമാര്‍ കോടികള്‍ കോഴ ചോദിച്ചുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കമീഷന്‍െറ നീക്കം.  

നിയമനിര്‍മാണ ആവശ്യമുന്നയിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിന് ഉടന്‍ എഴുതുമെന്ന് കമീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ബൂത്തുപിടിത്തത്തിന്‍െറ പേരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കമീഷന് അധികാരംനല്‍കുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 58 എ വകുപ്പിന് ഭേദഗതി കൊണ്ടുവരണമെന്നാണ് കമീഷന്‍ നിയമമന്ത്രാലയത്തോട് ആവശ്യപ്പെടുക. ഈ വകുപ്പില്‍ ഭേദഗതിക്ക് കഴിയില്ളെങ്കില്‍ പുതിയ വകുപ്പ് ജനപ്രാതിനിധ്യ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കണം. കോഴ കണ്ടത്തെിയാല്‍ നിയമസഭ, ലോക്സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം നിയമനിര്‍മാണമെന്നാണ് കമീഷന്‍െറ നിലപാട്.രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ബൂത്തുപിടിത്തം വ്യാപകമായപ്പോഴാണ് 80കളില്‍ 58 എ വകുപ്പ് കൊണ്ടുവന്നതെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വന്നതോടെ ബൂത്തുപിടിത്തം വളരെക്കുറഞ്ഞതായാണ് കമീഷന്‍െറ വിലയിരുത്തല്‍. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പണമാണ് നിലവില്‍ ഏറ്റവും വലിയ തടസ്സമെന്ന് കമീഷന്‍ വ്യക്തമാക്കി.

മുമ്പൊരിക്കലുമുണ്ടാകാത്ത നടപടിയില്‍ വോട്ടര്‍മാര്‍ക്ക് വ്യാപകമായി പണംനല്‍കിയ തമിഴ്നാട്ടിലെ അരവാക്കുറിശ്ശിയിലും തഞ്ചാവൂരിലും തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയിരുന്നു. ഈ രണ്ടു മണ്ഡലത്തില്‍നിന്ന് മാത്രം 7.12 കോടി രൂപ പിടികൂടിയതിനെ തുടര്‍ന്നായിരുന്നു അത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ കോഴ ചോദിച്ച സംഭവത്തില്‍ കമീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.