കൊളീജിയം ശിപാര്‍ശ കേന്ദ്രം രണ്ടാമതും തിരിച്ചയച്ചു

ന്യൂഡല്‍ഹി: അസാധാരണ നീക്കത്തില്‍, സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ രണ്ടാമതും തിരിച്ചയച്ചു.
കേന്ദ്രത്തിന്‍െറ എതിര്‍പ്പ് മറികടന്ന് പട്ന ഹൈകോടതിയില്‍ ഒരു അഡീഷനല്‍ ജഡ്ജിയെ നിയമിക്കാനുള്ള ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ കൊളീജിയത്തിന്‍െറ നിര്‍ദേശമാണ് തിരിച്ചയച്ചത്.

സംസ്ഥാന ജുഡീഷ്യല്‍ സര്‍വീസിലെ ഒരംഗത്തെ പട്ന ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി നിയമിക്കാന്‍ 2013 നവംബറിലാണ് കൊളീജിയം ആദ്യമായി ശിപാര്‍ശ സമര്‍പ്പിച്ചത്. ഈ ഫയല്‍ കേന്ദ്രത്തില്‍ കെട്ടിക്കിടക്കുമ്പോഴാണ് ദേശീയ ന്യായാധിപ നിയമന കമീഷന്‍ ബില്‍ പാര്‍ലമെന്‍റ് പാസാക്കിയത്. എന്നാല്‍, നിയമം തള്ളിക്കളഞ്ഞ സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സംവിധാനം പുനഃസഥാപിച്ചു.

കൊളീജിയം സംവിധാനം തിരിച്ചുവന്നതോടെ, കേന്ദ്രവും ഏറ്റുമുട്ടലിന്‍െറ പാതയിലായി. കൊളീജിയം മുമ്പ് നടത്തിയ നിയമന നിര്‍ദേശങ്ങള്‍ നിയമമന്ത്രാലയം പരിശോധിക്കാന്‍ തുടങ്ങി. കൊളീജിയം നേരത്തെ സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിച്ച സര്‍ക്കാര്‍, പറ്റ്ന ഹൈകോടതി ഫയല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ചീഫ് ജസ്റ്റിസിന് തിരിച്ചയക്കുകയും ശിപാര്‍ശ പുനഃപരിശോധിക്കാനാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ആ ഫയല്‍ വീണ്ടും ശിപാര്‍ശയായി സുപ്രീംകോടതി കൊളീജിയം സര്‍ക്കാറിനയച്ചു. അതാണ് സര്‍ക്കാര്‍ വീണ്ടും മടക്കിയത്. കൊളീജിയം ഇതേ ശിപാര്‍ശ വീണ്ടും സര്‍ക്കാറിനയച്ചാല്‍ ഇനിയത് മടക്കാനാകില്ല. അതേമസയം ആ ഫയലില്‍ തീരുമാനമെക്കാതെ സര്‍ക്കാറിന് തീരുമാനം അനന്തമായി നീട്ടികൊണ്ടുപോകാന്‍ കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.