ന്യൂഡല്‍ഹി: ഗുജറാത്തിലെ ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ അണ്ടര്‍ സെക്രട്ടറി കെ.വി.എസ്. മണി എന്നിവരുടെ പ്രസ്താവനകള്‍ മുന്‍നിര്‍ത്തി മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ കുരുക്കാനുള്ള നീക്കം ബി.ജെ.പി ഊര്‍ജിതമാക്കി.
അതേസമയം, ചിദംബരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് രംഗത്തുവന്നു. വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇരുസഭകളിലും നോട്ടീസ് നല്‍കി. മുതിര്‍ന്ന മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം ചര്‍ച്ചചെയ്തു. അതേസമയം, ബി.ജെ.പി അധികാരത്തിലത്തെിയതു മുതല്‍ കോണ്‍ഗ്രസ് നേതാക്കളെ നിരന്തരം വേട്ടയാടുന്നുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
ഗുജറാത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഇശ്റത് ജഹാന് ഭീകരസംഘമായ ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് വിശദീകരിച്ച് സുപ്രീംകോടതിയില്‍ 2009ല്‍ നല്‍കിയ സത്യവാങ്മൂലം പിന്നീട് ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം നേരിട്ട് ഇടപെട്ട് തിരുത്തിയെന്നാണ് ജി.കെ. പിള്ളയും ആര്‍.വി.എസ്. മണിയും പറയുന്നത്. ലശ്കര്‍ ബന്ധമെന്ന ഭാഗം വെട്ടിക്കളഞ്ഞ് രണ്ടാമത് സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നെന്നും അവര്‍ വെളിപ്പെടുത്തി.
2004 ജൂണ്‍ 15നാണ് ഗുജറാത്ത് പൊലീസിന്‍െറ സ്പെഷല്‍ സെല്‍ കോളജ് വിദ്യാര്‍ഥിനിയായ ഇശ്റത്, മലയാളിയായ പ്രാണേഷ് പിള്ള, അംജദ് അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ ഏറ്റുമുട്ടലില്‍ വധിച്ചത്. ആദ്യം ഗുജറാത്ത് പൊലീസിന്‍െറ പ്രത്യേക സെല്‍ അന്വേഷിച്ച കേസ് പിന്നീട് കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ ഏറ്റെടുത്തു.
സുപ്രീംകോടതി മുമ്പാകെയുള്ള പുതുക്കിയ സത്യവാങ്മൂലമാണ് യഥാര്‍ഥ വസ്തുത വിശദീകരിക്കുന്നതെന്നാണ് ചിദംബരം പറയുന്നത്. അന്നത്തെ മന്ത്രിയെന്നനിലയില്‍ സത്യവാങ്മൂലത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണ്. അത്രതന്നെ ഉത്തരവാദിത്തമുള്ള മുന്‍ ആഭ്യന്തര സെക്രട്ടറി ഇപ്പോള്‍ അകന്നുമാറി പറയുന്നത് നിരാശജനകമാണെന്നും ചിദംബരം പറഞ്ഞു. ജി.കെ. പിള്ളയെ വ്യാജ ഏറ്റുമുട്ടലില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിക്കണമെന്ന് കൊല്ലപ്പെട്ട ഇശ്റതിന്‍െറ ഉമ്മയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടല്‍ വ്യാജമെന്ന് ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ജി.കെ. പിള്ളയുടെ വെളിപ്പെടുത്തലെന്ന് വൃന്ദ ഗ്രോവര്‍ പറഞ്ഞു.
ഇശ്റത് നിരപരാധിയാണെന്ന കോണ്‍ഗ്രസ് നിലപാടിന് ഇണങ്ങുന്നവിധം സത്യവാങ്മൂലം തിരുത്തുകയാണ് ചിദംബരം ചെയ്തതെന്നും ബി.ജെ.പി ആരോപിക്കുന്നു. മൊത്തം സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ളെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.