ഇശ്റത് ജഹാന്‍ വധം: വ്യാജ ഏറ്റുമുട്ടൽ തന്നെ; കൊന്നത് കണ്ണിൽചോരയില്ലാതെ

ന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ കേസ് വ്യാജ ഏറ്റുമുട്ടൽ തന്നെയാണെന്ന് സി.ബി.ഐ ഉദ്യോഗസ്ഥനായിരുന്ന സതീഷ് വര്‍മ. ഇശ്റത് ജഹാനടക്കം നാലംഗ സംഘത്തെ വധിച്ചത് ഐ.ബി നിയന്ത്രണത്തിൽ നടന്ന വിജയകരമായ ഒരു ഒാപറേഷനിലായിരുന്നുവെന്നും എന്നാൽ അതൊരു വ്യാജ എറ്റുമുട്ടലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സത്യമായ കാര്യമാണ്. ഏറ്റുമുട്ടലിന് ദിവസങ്ങള്‍ക്കുമുമ്പ് തന്നെ ഐ.ബി ഇവരെ കസ്റ്റഡിയിലെടുത്തിരുന്നതായി സി.ബി.ഐ അന്വഷണത്തില്‍ വ്യക്തമായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ഇശ്റത്തിന് തീവ്രവാദികളുമായി ബന്ധമുള്ളതായി ഐ.ബിക്ക് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. നിയമവിരുദ്ധമായി ഇവരെ കസ്റ്റഡിയിലെടുക്കുകയും കണ്ണിൽചോരയില്ലാതെ വെടിവച്ചുകൊല്ലുകയുമായിരുന്നു- സതീഷ് വര്‍മ പറഞ്ഞു. ഇശ്റത്ത് ജഹാന്‍ കേസില്‍ ഗുജറാത്ത് ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന ആളാണ് ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ സതീഷ് വര്‍മ. ഇശ്റത്ത് ജഹാന് ലശ്കറുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് സി.ബി.ഐ സമർപിച്ച റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു. 

സത്യവാങ്മൂലത്തിന്‍െറ പേരില്‍ സി.ബി.ഐ തന്നെ ശാരീരികമായി പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്തതായി ആഭ്യന്തര വകുപ്പിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ് മണിയുടെ വെളിപ്പെടുത്തല്‍ കള്ളമാണെന്നും സതീഷ് വര്‍മ  വ്യക്തമാക്കി. ഇശ്രത്ത് ജഹാന്‍ ലശ്കര്‍ തീവ്രവാദിയായിരുന്നുവെന്ന ആദ്യ സത്യവാങ്മൂലം ഐ.ബി നിര്‍ദേശിച്ചതനുസരിച്ച് തയ്യാറാക്കിയതാണെന്ന് തന്നെ കൊണ്ട് സമ്മതിപ്പിക്കാനും അതില്‍ ഒപ്പിടാനും വേണ്ടി സി.ബി.ഐ പീഡിപ്പിച്ചതെന്ന് മണി ആരോപിച്ചിരുന്നു. സതീഷ് വര്‍മ തന്നെ സിഗരറ്റ് കുറ്റി ഉപയോഗിച്ച് പൊളളിച്ചതായും പീഡനം സഹിക്കാനാവാതെ റിട്ടയര്‍ ചെയ്യാന്‍ വരെ താന്‍ ആലോചിച്ചിരുന്നതായും മണി പറഞ്ഞിരുന്നു.

ഇശ്റത്ത് ജഹാൻ ഏറ്റമുട്ടൽ കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരം തിരുത്തിയെന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജി. കെ പിള്ള വെളിപ്പെടുത്തിയിരുന്നു. ഐ.ബിയിലെ കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ചിദംബരം സത്യവാങ്മൂലം തിരുത്തിയതെന്നും സത്യവാങ്മൂലം തയാറാക്കിയത് ചിദംബരത്തിൻെറ മേൽനോട്ടത്തിലാണെന്നും ജി.കെ പിള്ള പറഞ്ഞിരുന്നു. പിള്ളയുടെ ആരോപണം പി. ചിദംബരം ശരിവെച്ചിരുന്നു. അതേസമയം, തന്‍റെ അറിവോടെയോ സമ്മതത്തോെടയോ അല്ല ആദ്യ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും ചിദംബരം പറഞ്ഞിരുന്നു. ഇന്‍റലിജൻസ് ബ്യൂറോയും ഗുജറാത്ത് പൊലീസും ചേർന്ന് തയ്യാറാക്കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ സത്യവാങ്മൂലം ഗുജ്റാത്ത് ഹൈകോടതിയിൽ സമർപിച്ചത്. എന്നാൽ, രഹസ്യാന്വേഷണ വിവരങ്ങൾ അന്തിമ തെളിവല്ല. അന്വേഷണ ഏജൻസി ശേഖരിച്ച് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ആണ് തെളിവായി സ്വീകരിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും ചിദംബരം വ്യക്തമാക്കിയിരുന്നു.

2004 ജൂണ്‍ 15നാണ് ഇശ്റത് ജഹാന്‍, ജാവേദ് ശൈഖ് എന്നിവരും സീഷാന്‍ ജോഹര്‍, അംജദ് അലി റാണ എന്നീ പാകിസ്താന്‍കാരും അഹ്മദാബാദിനടുത്ത കോതാര്‍പുറിലുണ്ടായ വെടിവെപ്പില്‍ മരിച്ചത്. ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്നു പറഞ്ഞാണ് ഇവരെ പൊലീസ് വെടിവെച്ചുകൊന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.